‘ശൗചാലയ മോഹങ്ങൾ പോലും സാധിക്കാനാകാതെ നരകയാതന; പൊലീസ് മെഡലുകള്‍ പാണ്ഡ്യാലമുക്ക് സ്‌ക്വഡിന്’; കുറിപ്പുമായി ജോയ് മാത്യു

','

' ); } ?>

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ പൊലീസുകാർക്ക് സുരക്ഷാ ഷെൽട്ടറായി ഉപയോഗിച്ചിരുന്ന ജീപ്പ് മാറ്റിയ സംഭവത്തിൽ രൂക്ഷ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ‘പൊലീസ് മെഡലുകൾ പാണ്ഡ്യാലമുക്ക് സ്ക്വാഡിന്’ എന്ന തലക്കെട്ടോടെ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം സർക്കാരിനെയും മുൻ തീരുമാനങ്ങളെയും നിശിതമായി വിമർശിച്ചത്.

വെയിലിലും മഴയിലും ടയറുകൾ പഞ്ചറായ ഒരു ലൊക്കഡ് ജീപ്പിൽ 10 വർഷക്കാലം ശൗചാലയ സൗകര്യം പോലും ലഭിക്കാതെ നരകയാതന അനുഭവിച്ച എട്ട് പൊലീസുകാർക്കാണ് വരാനിരിക്കുന്ന വർഷത്തെ പൊലീസ് മെഡലുകൾ നൽകേണ്ടതെന്ന് ജോയ് മാത്യു കുറിച്ചു. കാവൽ ഡ്യൂട്ടി ചെയ്തിരുന്ന ഉദ്യോഗസ്ഥരെ ‘ചെഷസ്ക്യു കൊട്ടാര കാവൽക്കാർ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇവരല്ലാതെ വേറെയാർക്കാണ് ഈ മെഡലിന് അർഹതയെന്നും ചോദിച്ചു.

കണ്ണൂർ പിണറായി പാണ്ഡ്യാലമുക്കിലുള്ള ‘പ്രവിക്’ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പാണ് കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആളുകൾ വീടുകാണാനും വിഡിയോ ചിത്രീകരിക്കാനും എത്തിയതോടെയാണ് ഇവിടെ പൊലീസ് കാവൽ ഏർപ്പെടുത്തിയത്. ഒരു എസ്.ഐയും രണ്ട് പൊലീസുകാരും അടങ്ങുന്ന സംഘമായിരുന്നു ഓരോ സമയത്തും ഡ്യൂട്ടിയിലുണ്ടായിരുന്നത്.

പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ജീപ്പിൽ ഉണ്ടായിരുന്നില്ല എന്നത് നേരത്തെ തന്നെ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പുതിയ സർക്കാർ അധികാരത്തിലേറിയപ്പോൾ ജീപ്പ് മാറ്റി പുതിയ ഷെൽട്ടർ നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ജീപ്പ് മാറ്റിയതോടെ പുതിയ ഷെൽട്ടർ വരുന്നതുവരെ പൊലീസുകാർ അനുഭവിച്ചിരുന്ന ദുരിതത്തിന് താത്കാലിക ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.