നിവിൻ പോളി ചിത്രം ‘താരം’ ഉപേക്ഷിച്ചു; സ്ഥിരീകരിച്ച് നടി കയാദു ലോഹർ

','

' ); } ?>

നിവിൻ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യാനിരുന്ന ‘താരം’ എന്ന ചിത്രം ഉപേക്ഷിച്ചതായി സ്ഥിരീകരണം. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന നടി കയാദു ലോഹറാണ് അഭിമുഖത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 2022 നവംബറിൽ മണാലിയിൽ ചിത്രീകരണം ആരംഭിച്ച സിനിമ ഒറ്റ ദിവസത്തെ ഷൂട്ടിംഗിന് ശേഷം നിർത്തിവെക്കുകയായിരുന്നു.

ഈ സിനിമ ഇനി പുനരാരംഭിക്കാൻ സാധ്യതയില്ലെന്നും പ്രൊഡക്ഷൻ ഹൗസിൽ നിന്ന് പിന്നീട് തുടർസന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കയാദു വെളിപ്പെടുത്തി. അവസരങ്ങൾ നഷ്ടമാകുമ്പോൾ വിഷമം തോന്നുമെങ്കിലും തനിക്കുള്ളതല്ലെങ്കിൽ അത് നടക്കില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാറുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിർമ്മിക്കാനിരുന്ന ചിത്രത്തിൽ കയാദുവിനും നിവിനുമൊപ്പം നിഖില വിമലും പ്രധാന വേഷത്തിൽ എത്തേണ്ടതായിരുന്നു. ഒരു സിനിമാ നടന്റെ ജീവിതം പശ്ചാത്തലമാക്കുന്ന ചിത്രത്തിനായി നിവിൻ പോളി ശരീരഭാരം കുറച്ച് വേറിട്ട ലുക്കിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

മുമ്പ് ലിസ്റ്റിൻ സ്റ്റീഫൻ-നിവിൻ പോളി കൂട്ടുകെട്ടിലിറങ്ങിയ ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനത്തിന് പിന്നാലെ ‘താരം’ ഉപേക്ഷിച്ചതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്ററുകൾ നിവിൻ നീക്കം ചെയ്തതും സിനിമാ മേഖലയിൽ ചർച്ചയായിരുന്നു.

അതേസമയം, കരിയറിൽ സമാനതകളില്ലാത്ത തിരിച്ചു വരവിന്റെ ഘട്ടത്തിലൂടെയാണ് നിവിൻ പോളി കടന്നുപോകുന്നത്. തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം ‘സർവ്വം മായ’ എന്ന ചിത്രത്തിലൂടെ ആദ്യമായി 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച നടൻ, തൊട്ടുപിന്നാലെയെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ’ കരിയറിലെ ആദ്യ 200 കോടി വിജയവും സ്വന്തമാക്കി ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്.