
തൃഷ കൃഷ്ണനും ‘കറുപ്പ്‘ ചിത്രത്തിന്റെ അണിയറപ്രവർത്തകരും തമ്മിലുള്ള ശീത തർക്കത്തെ ശരിവെച്ച് നിർമാതാവ് അതിഥി രവീന്ദ്രനാഥ്. ഇത് അവൾക്കുനേരെയുള്ള സ്ത്രീവിദ്വേഷമാണെന്നും, എന്തൊക്കെ പ്രശ്നമുണ്ടായാലും പുരുഷന്മാരെ അവരുടെ സ്വന്തം പ്രൊജക്‌ടുകളിൽനിന്ന് മാറ്റി നിർത്താറില്ലെന്നും അതിഥി കുറിച്ചു. കൂടാതെ തൃഷയെപ്പോലെ മുതിർന്ന നടിയെപ്പോലും വേണ്ടത്ര ബഹുമാനത്തോടെ പരിഗണിക്കുന്നില്ലെങ്കിൽ അത് നാണക്കേടാണെന്നും അതിഥി കൂട്ടിച്ചേർത്തു. കറുപ്പ് ഓഡിയോ ലോഞ്ചിലെ തൃഷയുടെ അസാന്നിധ്യത്തെക്കുറിച്ച് ഒരു ആരാധിക എക്‌സിൽ കുറിച്ച വാക്കുകൾ പങ്കുവെച്ചാണ് അതിഥി പ്രതികരിച്ചത്.
‘ഇത് അവൾക്കുനേരെയുള്ള സ്ത്രീവിദ്വേഷമാണ്. എന്തൊക്കെ പ്രശ്നമുണ്ടായാലും പുരുഷന്മാരെ അവരുടെ സ്വന്തം പ്രൊജക്‌ടുകളിൽനിന്ന് മാറ്റി നിർത്താറില്ല. തൃഷയെപ്പോലെ മുതിർന്ന നടിയെപ്പോലും വേണ്ടത്ര ബഹുമാനത്തോടെ പരിഗണിക്കുന്നില്ലെങ്കിൽ അത് നാണക്കേടാണ്. പ്രത്യേകിച്ച് അവരെ പരിപാടിയിലേക്ക് ക്ഷണിക്കാതിരിക്കുകയും പ്രൊമോഷനുകളിൽനിന്ന് മനഃപൂർവ്വം മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ.’ ആരാധിക കുറിച്ചു.
ഈ കുറിപ്പ് പങ്കുവെച്ച് അഭിപ്രായത്തോട് യോജിക്കുന്നതായി അതിഥി കുറിച്ചു. ഇതുകൂടാതെ തൃഷയെ പിന്തുണച്ച് മറ്റ് പോസ്റ്റുകളും അതിഥി പങ്കുവെച്ചിട്ടുണ്ട്. പൊന്നിയിൻ സെൽവൻ, ലിയോ, ഐഡൻ്റിറ്റി, തഗ് ലൈഫ് ചിത്രങ്ങളുടെ പ്രൊമോഷനിൽ താരം പങ്കെടുത്ത ചിത്രങ്ങൾ അതിഥി പങ്കുവെച്ചു. ‘തൃഷയായിരിക്കുകയെന്നാൽ എളുപ്പമല്ല’, എന്ന തലക്കെട്ടിൽ നടിയുടെ ഫാൻ അക്കൗണ്ട് പങ്കുവെച്ച കുറിപ്പും അതിഥി ഷെയർ ചെയ്തു.
നടൻകൂടിയായ ആർ.ജെ. ബാലാജി സംവിധാനംചെയ്യുന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടികളിൽനിന്ന് തൃഷ വിട്ടുനിന്നത് നേരത്തേ വലിയ ചർച്ചയായിരുന്നു. സൂര്യ പ്രധാനവേഷത്തിലെത്തിയ നവരസ ആന്തോളജി സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് അതിഥി. ആരോമലേ, പുത്തം പുതി കാലൈ, അമിലം തുടങ്ങി തമിഴ് ചിത്രങ്ങളുടേയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോളിൽ അതിഥിയുണ്ടായിരുന്നു.
പ്രീതി എന്ന അഭിഭാഷകയുടെ വേഷത്തിലാണ് ‘കറുപ്പി’ൽ തൃഷ എത്തുന്നത്. റിലീസിന് മുന്നോടിയായി കഥാപാത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഡിയോ ലോഞ്ചിലെ തൃഷയുടെ അസാന്നിധ്യം ചർച്ചയായത്. തൃഷയ്ക്കെതിരെ രൂക്ഷവിമർശനവുമായി നിരവധി പേരെത്തി. പിന്നാലെ തൻ്റെ ക്യാരക്റ്റർ ടീസർ പങ്കുവെച്ചുകൊണ്ട് ഈ സിനിമയുടെ ടീം തന്നെ അവഗണിക്കുകയാണെന്ന സൂചനയുമായി തൃഷ സോഷ്യൽ മീഡിയയിലെത്തി. താൻ ഈ സിനിമയിൽ ഉണ്ടെന്ന കാര്യം അവർ ഇപ്പോൾ ഓർമിച്ചതിൽ സന്തോഷമുണ്ടെന്നാണ് താരം കുറിച്ചത്.
ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ, ‘എൻ്റെ ക്ഷണക്കത്ത് മെയിലിൽ എവിടെയോ നഷ്‌ടപ്പെട്ടുപോയി എന്ന് തോന്നുന്നു’ എന്നായിരുന്നു തൃഷയുടെ പരിഹാസം കലർന്ന മറുപടി. പരിപാടിയുടെ പോസ്റ്ററിൽ താരത്തിൻ്റെ പേരും ചിത്രവും ഉണ്ടായിരുന്നുവല്ലോ എന്ന് ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ, പോസ്റ്ററുകൾ ക്ഷണക്കത്തുകൾ അല്ലെന്നായിരുന്നു താരത്തെ പിന്തുണയ്ക്കുന്നവരുടെ വാദം. മെയ് 14-ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് ഈ തർക്കം മുറുകുന്നത്.
2005-ൽ പുറത്തിറങ്ങിയ ‘ആറ്’ എന്ന ചിത്രത്തിനുശേഷം സൂര്യയുമൊത്ത് തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കറുപ്പ്. ഇന്ദ്രൻസ്, യോഗി ബാബു, ശിവദ, സ്വാസിക, നട്ടി, സുപ്രീത് റെഡ്ഡി, അനഘ മായ രവി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തൃഷയുടെ വ്യക്തിജീവിതവും സിനിമാ കരിയറും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. തൻ്റെ 43-ാം ജന്മദിനത്തിന്റെ ഭാഗമായി തിരുപ്പതിയിൽ ദർശനം നടത്തിയതും വാർത്തകളിൽ ചർച്ചയായിട്ടുണ്ട്. വിജയുടെ വിജയത്തിനാണ് തൃഷ ദർശനം നടത്തിയത് എന്നാണ് ചർച്ച. ‘ഐഡന്റിറ്റി’, ‘വിടാമുയർച്ചി’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തൃഷയുടേതായി പുറത്തിറങ്ങുന്ന പ്രധാന പ്രോജക്റ്റുകളിൽ ഒന്നാണ് ‘കറുപ്പ്’. ഇതുകൂടാതെ ചിരഞ്ജീവി നായകനാകുന്ന ‘വിശ്വംഭര’യിലും തൃഷയാണ് നായിക.