തോല്‍ക്കാന്‍ മനസ്സില്ലാത്ത ‘കര്‍ണന്‍’

','

' ); } ?>

ജാതി വിവേചനത്തിന്റെ കാഴ്ച്ചകളെ തീവ്രമായി അടയാളപ്പെടുത്തിയ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മാരി സെല്‍വരാജിന്റെ പുതിയ ചിത്രമാണ് കര്‍ണന്‍. ദേശീയ പുരസ്‌കാര ജേതാവ് ധനുഷുമൊത്ത് മാരി സെല്‍വരാജ് വീണ്ടുമെത്തുമ്പോള്‍ തന്റെ രാഷ്ട്രീയ നിലപാടുകളില്‍ നിന്നുള്ള വഴിമാറിയുള്ള നടത്തം ഇല്ലെന്ന് ഒന്നുകൂടെ പ്രഖ്യാപിക്കുകയാണ് സംവിധായകന്‍. ജാതി ഇഴപിരിച്ചെടുക്കാനാവാത്ത വിധം മണ്ണിലലിഞ്ഞുപോയ പ്രമേയ പശ്ചാതലത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് സംവിധായകന്‍ വീണ്ടും കര്‍ണനിലൂടെ കാണിച്ചുതരികയാണ്. ചിത്രത്തിന്റെ ആദ്യകാഴ്ച്ചയില്‍ തന്നെ പ്രേക്ഷകനോട് താന്‍ എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ കാണിച്ചു തരുന്നുണ്ട്. നിരത്തില്‍ നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞ് മരണം പൂകുന്ന വേദനയുള്ള കാഴ്ച്ചയോടെ തന്നെ മാരി ഇത് കാണാതെ നിങ്ങള്‍ക്ക് പോകാനാകില്ലെന്ന് ഉറപ്പിക്കുന്നു. പരിയേറും പെരുമാള്‍ എന്ന ചിത്രത്തില്‍ നിന്ന് കര്‍ണനിലെത്തി നില്‍ക്കുമ്പോള്‍ മാരിയുടെ ദൃശ്യഭാഷ ഒന്നുകൂടെ തീവ്രവും ചടുലവുമാകുന്നുവെന്നതാണ് അനുഭവപ്പെട്ടത്.

വാണിജ്യസിനിമകളുടെ എല്ലാ സാധ്യതകളേയും ഉപയോഗപ്പെടുത്തി പ്രമേയ പരിസരത്തോട് ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാതെ ഇതൊരു മാരിസെല്‍വരാജ് ചിത്രം തന്നെയാണെന്ന് പറയാന്‍ ധൈര്യം കാണിക്കുന്ന സംവിധായകനെയാണ് പിന്നീടുള്ള ചിത്രത്തിന്റെ ഓരോ ഫ്രെയ്മിലുമുള്ളത്. താരമൂല്യമുള്ള നടീ നടന്‍മാരെ കൂട്ടുപിടിച്ച് അവര്‍ക്കൊപ്പം ഇവരെല്ലാം യഥാര്‍ത്ഥ ജീവിതത്തിലുള്ളവരല്ലേയെന്ന് സംശയിച്ചുപോകുന്ന വിധത്തിലുള്ള കാസ്റ്റിംഗും നടത്തിയെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ബിംബങ്ങളിലൂടെ നിശബ്ദമായ ഫ്രെയ്മില്‍ പോലും രാഷ്ട്രീയ സംവേദനം സാധ്യമാകുന്ന ബ്രില്ല്യന്‍സ് മാരി സ്‌റ്റൈലായി തന്നെ ചിത്രത്തിന് കൊഴുപ്പേകുന്നുണ്ട്. ഡ്രാമയുടെ മൂര്‍ത്തമായ ബിംബ സങ്കല്‍പ്പങ്ങളെ വെള്ളിത്തിരയില്‍ കലര്‍പ്പോ കല്ലുകടിയോ ഇല്ലാതെ അവതരിപ്പിച്ചതെല്ലാം മനോഹരമായി തന്നെ അനുഭവപ്പെട്ടു. ഒരു നല്ല സ്വന്തം പേര് പോലും മറ്റുള്ളവരെ എത്രമാത്രം അസ്വസ്ഥപ്പെടുത്തുന്ന വര്‍ത്തമാന പശ്ചാതലത്തില്‍ കര്‍ണന് പ്രസക്തിയുണ്ട്. ധനുഷ്, ലാല്‍, രജിഷ വിജയന്‍, ഗൗരി കിഷന്‍, യോഗി ബാബു തുടങ്ങീ ചിത്രങ്ങളിലെത്തിയ താരങ്ങളെല്ലാം മികച്ചപ്രകടനമാണ് കാഴ്ച്ചവെച്ചത്. തോനി ഈശ്വറിന്റെ ഛായാഗ്രഹണം, സെല്‍വ ആര്‍.കെ യുടെ ചിത്ര സംയോജനം സന്തോഷ് നാരായണന്റെ സംഗീതം എന്നിവയും ചിത്രത്തിന് കൊഴുപ്പേകിയിട്ടുണ്ട്.

തമിഴ് സംസ്‌കാരത്തോട് ചേര്‍ന്ന് നിന്നാണ് കഥയെന്ന് പറഞ്ഞ് ജാതിവിവേചനമൊന്നും അത്രമാത്രം തീവ്രമല്ലെന്ന് ആശ്വസിക്കുന്നവരുടെ മുഖത്തുള്ള അടിയായി ഓരോ കാഴ്ച്ചയും മാറ്റാന്‍ സംവിധായകനായിട്ടുണ്ട്. സാമൂഹികമായും സാമ്പത്തികമായും ജാതീയമായും പിന്നോക്കം നില്‍ക്കുന്നവര്‍ ഇന്നെന്തെങ്കിലും ആശ്വാസം നേടിയിട്ടുണ്ടെങ്കില്‍ അതൊന്നും വെറുതെയങ്ങനെ സംഭവിച്ചതല്ലെന്ന് മാരി പറഞ്ഞുവെ.്ക്കുന്നു. ഒട്ടേറെ പേരുടെ കണ്ണീരിലും വിയര്‍പ്പിലും രക്തത്തിലും കെട്ടിപ്പടുത്ത ചെറിയ നെടുവീര്‍പ്പ് പോലും ഒരു ജനതയ്ക്ക് കിട്ടുന്ന വേനല്‍മഴയാണെന്ന് ഓര്‍മ്മിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. തമിഴനാണെങ്കിലും അല്ലെങ്കിലും നാമറിയാതെ നമ്മിലുറഞ്ഞുപോയ ജാതിവിവേചനത്തിന്റെ ശേഷിപ്പുകളെ കുത്തി നോവിക്കാന്‍ മാരി സെല്‍വരാജിന് കഴിഞ്ഞുവെന്നത് തന്നെയാണ് ചിത്രത്തിന്റെ വിജയം. ഒരു നല്ല വാണിജ്യസിനിമ ആസ്വദിക്കാം എന്ന ചിന്തമാറ്റിവെച്ച് ഒരു ഗൗരവമുള്ള സിനിമ കാണാം എന്ന തീരുമാനത്തോടെ തിയേറ്ററിലെത്തിയാല്‍ പാട്ടും, പ്രണയവും, കണ്ണീരും, അതിജീവനവുമെല്ലാമുള്ള പച്ചയായ യാഥാര്‍ത്ഥ്യം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം. വലിയ ലോകത്തിനും വലിയ മനുഷ്യര്‍ക്കുമിടയില്‍ പലപ്പോഴും പുഴുക്കളായി ജീവിക്കേണ്ടി വരുന്ന തോല്‍ക്കാന്‍ മനസ്സിലാത്ത ചെറിയ മനുഷ്യരുടെ കഥയാണ് കര്‍ണന്‍.