കടുവ സിനിമയുടെ നിര്‍മ്മാണം കോടതി തടഞ്ഞു

കടുവ സിനിമയുടെ നിര്‍മ്മാണവും പരസ്യ പ്രചരണവും അനുബന്ധ പ്രവര്‍ത്തികളും മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തടഞ്ഞുകൊണ്ട് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കോടതി ഉത്തരവായി.സിനിമ നിര്‍മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് എന്നയാള്‍ അഡ്വക്കേറ്റ് പി പി വിനീത് മുഖാന്തരം ബോധിപ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി സിനിമയുടെ നിര്‍മാണവും വിതരണവും പരസ്യ പ്രചാരണവും തടഞ്ഞിരിക്കുന്നത്

.2018 ല്‍ അന്യായക്കാരനായ അനുരാഗ് അഗസ്റ്റസില്‍ നിന്നും കടുവ എന്ന സിനിമയുടെ തിരകഥാകൃത്തായ ജിനു എബ്രഹാം 10 ലക്ഷം രൂപ വാങ്ങി കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയുടെ തിരക്കഥ അന്യായക്കാരന് നല്‍കിയെങ്കിലും പിന്നീട് അനുരാഗിന്റെ അറിവോ സമ്മതമോ ഇല്ലാതെ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയുടെ തിരക്കഥ നടന്‍ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷന്‍ കമ്പനിയും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിയും കൂട്ടായി സിനിമ നിര്‍മ്മിക്കുന്നതിനു വേണ്ടി തിരക്കഥ നല്‍കിയതിനെ തുടര്‍ന്ന് കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിനാലുണ്ടായ നഷ്ടവും തിരക്കഥ ലഭിക്കുന്നതിനു വേണ്ടി നല്‍കിയ തുകയും ലഭിക്കുന്നതിനു വേണ്ടിയാണ് അന്യായം ബോധിപ്പിച്ചിരിക്കുന്നത്.