ആകാംക്ഷ നിറച്ച് കരിക്കിന്റെ തേരാപാരാ വെബ്‌സീരീസ് ബിഗ്‌സ്‌ക്രീനിലേക്ക്..

യുലതലമുറക്കിടയില്‍ തരംഗമായ കരിക്കിന്റെ തേരാപാരാ വെബ്‌സീരീസ് സിനിമയായൊരുങ്ങുന്നു. നേരത്തെ പുറത്തിറങ്ങിയ തേരാപാരയുടെ ആദ്യ ഭാഗം ഒരിടവേളയിട്ട് അവസാനിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണോ പുതിയ സിനിമ നിര്‍മ്മിക്കുക എന്നതില്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തത വരുത്തിയിട്ടില്ല. ഏറെ ആകാംക്ഷ നിറക്കുന്ന ഒരു മോഷന്‍ പോസ്റ്ററോടെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം കരിക്ക് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡ്ക്ഷനും എല്ലാം കഴിഞ്ഞ് 2020ലാകും ചിത്രം പ്രേക്ഷകരിലേക്കെത്തുക എന്നാണ് കരിക്ക് അറിയിക്കുന്നത്.

കരിക്ക് വെബ്‌സീരീസിന്റെ പ്രധാന പിന്നണിയായ നിഖില്‍ പ്രസാദാണ് തേരാ പാരാ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുനില്‍ കാര്‍ത്തികേയന്റേതാണ് ഛായാഗ്രഹണം. സംഗീതം പി.എസ് ജയഹരി. എല്‍വിന്‍ ചാര്‍ളി ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ മോഷന്‍ ഗ്രാഫിക്സ് ചെയ്തിരിക്കുന്നത് ബിനോയ് ജോണ്‍ ആണ്.