എവിടെ?

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ കെ.കെ. രാജീവ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘എവിടെ’. ബോബിസഞ്ജയ് ടീമിന്റെ മനോഹരമായ കഥ വെള്ളിത്തിരയിലെത്തിയപ്പോള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. പേര് സൂചിപ്പിക്കുന്ന പോലെ ഡ്രമ്മറായ ഭര്‍ത്താവിനെ കാണാനില്ലാതാകുന്നു. വീട്ടിലെ കൃഷിപണിയും മക്കളെയും നോക്കി ജീവിക്കുന്ന സാധാരണക്കാരിയായ വീട്ടമ്മ ഭര്‍ത്താവിന് വേണ്ടി നടത്തുന്ന അന്വേഷണമാണ് ചിത്രം.

വളരെ പതിഞ്ഞ താളത്തിലുള്ള ആദ്യ പകുതിയാണ് ചിത്രത്തിനുള്ളത്. ചിത്രത്തിന്റെ രണ്ടാം പകുതിയിലേക്ക് പ്രവേശിയ്ക്കുമ്പോള്‍ ചിത്രത്തിന് സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവത്തിലേക്ക് പ്രവേശിക്കുകയാണ്. വളരെ ശക്തമായ പ്രമേയം വളരെ ലളിതമായി പറയാനുള്ള ശ്രമമാണ് എവിടെ. ജീവിതം ലഹരി കീഴടക്കി താളപിഴകളാരംഭിക്കുമ്പോള്‍ സ്‌നേഹം കൊണ്ടുവേണം ജീവിതം തിരിച്ചു പിടിക്കാനെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. ഒരമ്മയുടേയും, ഭാര്യയുടേയും ഉള്ളുരുക്കം ഒരേസമയം മാറി മാറി പ്രതിഫലിക്കുന്ന ആശാശരത്തിന്റെ അഭിനയ മികവ് തന്നെയാണ് ചിത്രത്തിന്റെ ആകെതുക. പ്രേം പ്രകാശും ചിത്രത്തില്‍ മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്. മനോജ് കെ.ജയന്‍, ബൈജു സുരാജ് വെഞ്ഞാറമ്മൂട്, അനശ്വര, സന്തോഷ്, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങിയവര്‍ വേഷമിടുന്നു.

കൃഷ്ണന്‍ സി ആണ് ബോബി സഞ്ജയ് ചീമിരന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. ഒഴുക്കും ആകാംക്ഷയും വര്‍ദ്ധിപ്പിച്ച് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പലയിടത്തും തിരക്കഥ അത്ര മികച്ചതായി തോന്നിയില്ല. നൗഷാദ് ഷെരീഫിന്റെ ഛായാഗ്രഹണം വലിയ കുഴപ്പമില്ല. ചിത്രസംയോജനം അത്ര നന്നായി തോന്നിയില്ല. ഔസേപ്പച്ചന്റെ സംഗീതമാണ്. ചിത്രത്തിലെ ഗാനങ്ങള്‍ അത്ര മികച്ചതായി തോന്നിയില്ലെങ്കിലും പശ്ചാതല സംഗീതം വളരെ നന്നായിരുന്നു. എല്ലാതരം പ്രേക്ഷകരേയും പിടിച്ചിരുത്തുന്ന ചിത്രമല്ല എവിടെ?. പക്ഷേ നമ്മള്‍ നമ്മള്‍ മാത്രമല്ലെന്നും നമ്മുടെ മക്കള്‍ കൂടെയാണെന്നും ഓര്‍മ്മപ്പെടുത്തുന്ന ചിത്രം ശക്തമായി ഈ കാലഘട്ടത്തില്‍ മുന്നോട്ട് വെയ്‌ക്കേണ്ടുന്ന പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. അമ്മയ്ക്ക് ഒരിയ്ക്കലും കോടതിയാവാനാകില്ലെന്നു പറയുന്ന ചിത്രം നമ്മുടെ കുടുംബ ബന്ധങ്ങളുടെ ആഴം സ്‌നേഹത്താല്‍ പരസ്പരംകൂട്ടിയിണക്കണമെന്നുകൂടെയാണ് പറയുന്ന എവിടെ പുതുതലമുറയ്‌ക്കൊപ്പം കുടുംബമായിരുന്ന് കാണേണ്ടത് തന്നെയാണ്