
കരീന കപൂറും സെയ്ഫ് അലി ഖാനും ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡിയാണ്. പരസ്പരം ട്രോളാനും തമാശകള്‍ പങ്കുവെക്കാനും യാതൊരു മടിയുമില്ലാത്ത ഈ ദമ്പതികളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. കരൺ ജോഹർ അവതാരകനായെത്തുന്ന ‘കോഫി വിത്ത് കരണം’ പരിപാടിയില്‍ ഇരുവരും അതിഥികളായി എത്തിയപ്പോഴുള്ള രസകരമായ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
കരീനയുടെ വിചിത്രമായ ഒരു ശീലത്തെക്കുറിച്ചും അത് മനസ്സിലാക്കാന്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും സെയ്ഫ് അലി ഖാൻ തുറന്നുപറഞ്ഞതാണ് പ്രധാന ആകര്‍ഷണം. രാത്രി പത്ത് മണിക്ക് ശേഷം താന്‍ സംസാരിക്കാറില്ലെന്നും അത് തന്റെ ‘ഡൗണ്‍ ടൈം’ ആണെന്നുമാണ് കരീന ഇതിന് മറുപടി നല്‍കിയത്.
രാത്രി പത്ത് മണിക്ക് ശേഷം തന്നോട് സംസാരിക്കാത്ത കരീനയുടെ ശീലം ആദ്യം തന്നെ ആശങ്കപ്പെടുത്തിയിരുന്നുവെന്നാണ് സെയ്ഫ് അലി ഖാന്‍ വെളിപ്പെടുത്തുന്നത്. ”ഇവളെക്കുറിച്ച് ഞാനൊരു കാര്യം പറയാം. എനിക്ക് ഇത് ആദ്യം അറിയില്ലായിരുന്നു. താന്‍ രാത്രി പത്ത് മണിക്ക് ശേഷം സംസാരിക്കില്ലെന്ന് അവള്‍ എന്നോട് പറഞ്ഞിരുന്നില്ല. ഇത് മനസ്സിലാക്കാന്‍ എനിക്ക് ഒന്ന് രണ്ട് വര്‍ഷം വേണ്ടി വന്നു. ഇവളെന്താണ് ഒന്നും പറയാത്തത് എന്ന് ഞാന്‍ ചിന്തിച്ചു. എന്തെങ്കിലും തെറ്റായി സംഭവിച്ചോ എന്ന് തോന്നി. അവള്‍ പെട്ടെന്ന് നിശബ്ദയാകും. ഞാന്‍ എന്തെങ്കിലും ചെയ്‌തോ എന്നാകും എന്റെ ചിന്ത. അവള്‍ക്ക് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് തിരിച്ചറിയാന്‍ എനിക്ക് കുറേ സമയം വേണ്ടി വന്നു” സെയ്ഫ് പറയുന്നു.
എന്നാല്‍ താന്‍ രാവിലെ മാത്രമാണ് ആക്ടീവാകാറുള്ളതെന്നായിരുന്നു കരീനയുടെ രസകരമായ മറുപടി. ”ഞാന്‍ രാവിലെ മാത്രമേ എന്റര്‍ടെയ്‌നിങ് ആവുള്ളൂ. രാവിലെ നല്ല എനര്‍ജിയുണ്ടാകും, ഫോണില്‍ സംസാരിക്കും” കരീന വ്യക്തമാക്കി.
കരീനയുടെ ഈ ശീലത്തെക്കുറിച്ച് രസകരമായ രീതിയില്‍ തുടര്‍ന്നും സെയ്ഫ് സംസാരിച്ചു. ”ചിലപ്പോള്‍ അവള്‍ എന്നോട് സംസാരിക്കുന്നത് ഞാന്‍ നോക്കിയിരിക്കും. അവള്‍ എന്താണ് പറയുന്നതെന്ന് കേട്ട് തീര്‍ക്കാന്‍, അവള്‍ ഒന്ന് ശ്വാസമെടുക്കുന്നത് വരെ ഞാന്‍ കാത്തിരിക്കണം” എന്നും ചിരിയോടെ സെയ്ഫ് കൂട്ടിച്ചേര്‍ത്തു. പരസ്പരമുള്ള ഈ രസകരമായ തമാശകളും തുറന്നുപറച്ചിലുകളും ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.