
സിമ്പു-വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘അരസൻ’ സിനിമയുടെ ഗ്ലിംപ്സ് വീഡിയോയിലെ ഗാനം ട്രോളുകളിൽ നിറയുന്നു. ‘ഫയർ ഫയർ… ദാസണ്ണൻ വന്താലേ ഫയർ’ എന്ന് തുടങ്ങുന്ന ഗാനവും അതിലെ വരികളുമാണ് സോഷ്യൽ മീഡിയയിൽ വലിയ പരിഹാസത്തിന് ഇടയാക്കിയിരിക്കുന്നത്.
വടചെന്നൈ യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രത്തിന്റെ മാസ് രംഗങ്ങൾക്ക് ഈ പാട്ട് തീർത്തും അനുയോജ്യമായില്ലെന്നാണ് ആരാധകരുടെ പ്രധാന വിമർശനം. ചിത്രത്തിന്റെ സംഗീത സംവിധായകനായ അനിരുദ്ധ് അല്ല ഈ ഗാനം ഒരുക്കിയിരിക്കുന്നത്. 808 എന്നറിയപ്പെടുന്ന തേജസ് കൃഷ്ണയാണ് സംഗീതം നൽകിയിരിക്കുന്നത്. അടയാർ ഗാന ഹരിയാണ് വരികൾ എഴുതിയിരിക്കുന്നത്. ഗാനപാട്ടുകളുടെ ശൈലിയിലുള്ള ഈ പരീക്ഷണമാണ് ആരാധകർക്കിടയിൽ ആശയക്കുഴപ്പത്തിനും ട്രോളുകൾക്കും കാരണമായത്.
‘അനിരുദ്ധ് കല്യാണം കഴിക്കാൻ പോയ തക്കത്തിന് വേറെയാരെങ്കിലും ചെയ്തതാണോ ഇത്’, ‘ഇത് കണ്ടാല്‍ അനിരുദ്ധ് കല്യാണം നിര്‍ത്തിവച്ച് വരും’, ‘പ്രാങ്ക് ആണെന്ന് പറഞ്ഞേക്ക്, ഇത് ഒറിജിനല്‍ ആണെന്ന് വിശ്വസിക്കാനാകുന്നില്ല, പ്രാങ്ക് ആണെന്ന് പറഞ്ഞേക്ക്, നെഗറ്റീവ് മാര്‍ക്കറ്റിങ് ആണെന്ന് കരുതിയേക്കാം, ഒരു വര്‍ഷം മൊത്തം ഈ നടത്തമാണോ ഷൂട്ട് ചെയ്തോണ്ടിരുന്നത്’. എന്നിങ്ങനെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതേസമയം ഇത് സിനിമയുടെ നെഗറ്റീവ് മാർക്കറ്റിംഗ് തന്ത്രമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
2027 പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്ന് കരുതപ്പെടുന്ന ചിത്രത്തിൽ വിജയ് സേതുപതി, പ്രിയങ്ക മോഹൻ, യോഗി ബാബു, ആന്‍ഡ്രിയ ജെറമിയ, സമുദ്രകനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആദ്യമായി ഒന്നിക്കുന്ന സിമ്പു-വെട്രിമാരൻ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് ഗ്ലിംപ്സ് വീഡിയോ സമ്മാനിച്ച ഈ പാട്ട് വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.