നിങ്ങള്‍ കണ്ടത് കാന്താര രണ്ടാം ഭാഗം; പ്രീക്വല്‍ 2024 ല്‍: ഋഷഭ് ഷെട്ടി

കാന്താര സിനിമയുടെ പ്രീക്വല്‍ അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. കാന്താരയുടെ നൂറാം ദിനം ആഘോഷിക്കുന്ന വേദിയിലാണ് താരത്തിന്റെ പ്രഖ്യാപനം. കാന്താരയുടെ ചിത്രീകരണത്തിനിടെയാണ് പ്രീക്വല്‍ എന്ന ആശയം തന്റെ മനസ്സില്‍ ഉദിച്ചതെന്നും ഋഷഭ് ഷെട്ടി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.

”കാന്താരയോട് അപാരമായ സ്‌നേഹവും പിന്തുണയും കാണിച്ച പ്രേക്ഷകരോട് എന്നും കടപ്പെട്ടിരിക്കുന്നു. ഒപ്പം മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്, സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ചിത്രം വിജയകരമായി 100 ദിവസം പൂര്‍ത്തിയാക്കി. ഈ അവസരത്തില്‍ കന്താരയുടെ പ്രീക്വല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കണ്ടത് യഥാര്‍ഥത്തില്‍ ഭാഗം 2 ആണ്, ഭാഗം 1 അടുത്ത വര്‍ഷം വരും.”- ഋഷഭ് ഷെട്ടി പ്രഖ്യാപിച്ചു.

‘നായകന്റെ അച്ഛന്റെ ജീവിത പശ്ചാത്തലം എന്തെന്ന് കാന്താരയില്‍ പറയുന്നില്ല. അയാളുടെ ഡിവിനിറ്റിയാണ് കാന്താരയുടെ കാതല്‍. പ്രീക്വലില്‍ ഈ കഥാപാത്രത്തിന്റെ പശ്ചാത്തലവും കാന്തരയുടൈ ചരിത്രവുമാകും പറയുക. കാന്താരയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് പെട്ടെന്ന് പ്രീക്വല്‍ ആശയം മനസ്സില്‍ തെളിഞ്ഞത്, നിലവില്‍, ഇതിന്റെ എഴുത്ത് പുരോഗമിക്കുകയാണ്. ഞങ്ങള്‍ കൂടുതല്‍ വിശദാംശങ്ങളില്‍ ഗവേഷണം നടത്തുകയാണ്. ഇത് നന്നായി പുരോഗമിക്കുന്നു. ഈ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.” ഋഷഭ് ഷെട്ടി പറഞ്ഞു.