തിയേറ്ററിലെ റിവ്യൂ വിലക്കിയെന്ന വാര്‍ത്ത വ്യാജം; -ബി.ഉണ്ണികൃഷ്ണന്‍

പുതിയതായി ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം തേടുന്നത് സിനിമാസംഘടന വിലക്കിയെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍. രണ്ട് ദിവസത്തിനുള്ളില്‍ റിലീസിനൊരുങ്ങുന്ന തന്റെ പുതിയ ചിത്രത്തെ ലക്ഷ്യം വെച്ചുള്ളതാണ് വ്യാജപ്രചരണമെന്ന് സംവിധായകന്‍ വ്യക്തമാക്കി.

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ റിലീസ് മുതല്‍ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് തിയേറ്ററില്‍ വിലക്ക് വരുമെന്ന വ്യാജ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഉടനീളം പ്രചരിച്ചത്. സംവിധാകന്റെ ഫോട്ടോ സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.

‘സുഹൃത്തുക്കള്‍ വിളിച്ചു പറയുമ്പോഴാണ് ഇത്തരമൊരു വ്യാജ പ്രചരണം നടക്കുന്നതായി അറിയുന്നത്. തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകളെ പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതില്‍ നിന്നും വിലക്കണമെന്ന പരാതി ഞാന്‍ ഒരിടത്തും കൊടുത്തിട്ടില്ല. ഇങ്ങനെയൊരു തീരുമാനം ഏതെങ്കിലും സംഘടന ഔദ്യോഗികമായി കൈക്കൊണ്ടതായും എനിക്ക് അറിവില്ല.

‘ക്രിസ്റ്റഫര്‍’ റിലീസാകുന്നതിന് രണ്ടുദിവസം മുന്‍പ് എന്റെ ഫോട്ടോ വെച്ച് തിയേറ്ററില്‍ റിവ്യൂവിന് വിലക്കെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് ബോധപൂര്‍വമുള്ള ക്യാമ്പെയിനാണെന്നാണ് എനിക്ക് തോന്നുന്നത്. വ്യാജ പ്രചരണത്തിനെതിരെ സൈബര്‍ പോലീസിന് പരാതി നല്‍കും’- ബി.ഉണ്ണികൃഷ്ണന്‍ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.