
കുടുംബക്കാർ തന്റെ ശത്രുക്കളാണെന്ന് താൻ പറഞ്ഞുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി പ്രമുഖ ഗായിക കണ്ണൂർ സീനത്ത്. തന്റെ വാക്കുകൾ പൂർണ്ണമായും വളച്ചൊടിച്ചതാണെന്നും, സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാൻ വേണ്ടി തന്റെ പച്ചമാംസമാണ് ചിലർ വിറ്റഴിച്ചതെന്നും താരം രൂക്ഷഭാഷയിൽ പ്രതികരിച്ചു. ‘ഫൺ വിത്ത് സ്റ്റാർസ്’ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കണ്ണൂർ സീനത്ത് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
താൻ കുടുംബത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ മുപ്പത് വർഷങ്ങൾക്ക് മുന്നേയുള്ള കഥകളാണെന്നും, അന്നത്തെയും ഇന്നത്തേയും കാലഘട്ടങ്ങളുടെ വ്യത്യാസമാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും സീനത്ത് വ്യക്തമാക്കി. തന്റെ കുടുംബം തനിക്ക് സപ്പോർട്ട് അല്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. മുപ്പത് വർഷങ്ങൾക്ക് മുൻപ്, ഉപ്പയും ഉമ്മയും ജീവിച്ചിരുന്ന കാലത്തെ കഥയാണത്. കുടുംബക്കാർ വളരെ നല്ലവരും ദീനിബോധമുള്ളവരും ആയതുകൊണ്ട് പാതിരാത്രിക്ക് രണ്ട് മണിക്കൊക്കെ പാട്ടുപാടി വീട്ടിൽ കയറി വരുന്നത് അവർ വിലക്കിയിരുന്നു. ‘പെണ്ണിന്റെ ഒച്ച പുരക്ക് മുകളിൽ കേൾക്കരുത്’ എന്ന് അവർ അന്ന് പറഞ്ഞത് അന്നത്തെ സാമൂഹിക പശ്ചാത്തലത്തിലാണ്.
താൻ ഒരു തമാശയ്ക്ക് പറഞ്ഞ കാര്യങ്ങളെയാണ് ചിലർ വലിച്ച് നീട്ടി റീച്ച് ഉണ്ടാക്കാൻ വേണ്ടി വളച്ചൊടിച്ചതെന്നും താരം പറഞ്ഞു. തന്റെ കുടുംബക്കാർ എങ്ങനെയുള്ളവരാണെന്ന് നോക്കേണ്ട കാര്യം മറ്റുള്ളവർക്കില്ല. തനിക്ക് രണ്ട് ജേഷ്ഠത്തിമാരും ഒരു അനിയത്തിയുമാണ് ഉള്ളത്, അതിൽ ഒരു ഏട്ടത്തി മരിച്ചുപോയി. ജീവിച്ചിരിക്കുന്ന ഏട്ടത്തി തനിക്ക് ഉമ്മയെപ്പോലെയും അനിയത്തി തന്റെ മകളെപ്പോലെയുമാണെന്നും കണ്ണൂർ സീനത്ത് കൂട്ടിച്ചേർത്തു.
മാപ്പിള പാട്ടുകളിലൂടെ ജനഹൃദയങ്ങൾ കീഴടത്തിയ കണ്ണൂർ സീനത്ത് ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ്. തന്റെ പാട്ടുകൾക്ക് കുടുംബം സപ്പോർട്ടില്ലെന്നും, കുടുംബക്കാർ തന്റെ ശത്രുക്കളാണെന്നും മുന്നേ നൽകിയൊരഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. ഇതിനു വിശദീകരണമായാണ് താരം ഇപ്പോൾ ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.