പിഎം നരേന്ദ്രമോദി ചിത്രത്തിന്റെ പോസ്റ്ററില്‍ തന്റെ പേര് കണ്ട് ഞെട്ടിപ്പോയി : ജാവേദ് അക്തര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പിഎം നരേന്ദ്ര മോദി എന്ന സിനിമയുടെ ക്രെഡിറ്റ് കാര്‍ഡില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവ് ജാവേദ് അക്തര്‍. താന്‍ പാട്ട് എഴുതിയിട്ടില്ലാത്ത ചിത്രത്തിന്റെ പോസ്റ്ററില്‍ തന്റെ പേരും ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രംഗത്തെത്തിയത്.

സിനിമയ്ക്ക് വേണ്ടി താന്‍ ഒറ്റപ്പാട്ട് പോലും എഴുതിയിട്ടില്ലെന്നും തന്റെ പേര് പോസ്റ്ററില്‍ കണ്ട് ഞെട്ടിയിരിക്കുകയാണെന്നും ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു. പ്രസൂണ്‍ ജോഷി, സമീര്‍ എന്നിവര്‍ക്കൊപ്പമാണ് ക്രെഡിറ്റ് പോസ്റ്ററില്‍ ജാവേദ് അക്തറിന്റെയും പേര് വന്നത്.

മോദിയുടെയും ബി.ജെ.പിയുടെയും വിമര്‍ശകനും മുന്‍ രാജ്യസഭാ എം.പിയുമായ ജാവേദ് അക്തര്‍ സിനിമയ്ക്ക് വേണ്ടി പാട്ടെഴുതിയെന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതിനിടെയാണ് സത്യം വെളിപ്പെടുത്തി ജാവേദ് അക്തര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.