
സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങളെ ലൈംഗികവസ്തുവായി ചിത്രീകരിക്കുന്നതിനും (objectification) സമ്മതമില്ലാതെയുള്ള പ്രണയ-ചുംബന രംഗങ്ങൾ ഉൾപ്പെടുത്തുന്നതിനുമെതിരെ ശക്തമായ നിലപാടുമായി നടി കങ്കണ റണാവത്ത് രംഗത്ത്. ഒരു സിനിമയുടെ ഭാഗമാകുമ്പോൾ തങ്ങളെ മോശമായ രീതിയിലാണ് ചിത്രീകരിക്കുന്നതെന്ന് ബോധ്യപ്പെട്ടാൽ അഭിനേതാക്കൾ അതിനെതിരെ കൃത്യമായി ശബ്ദമുയർത്തണമെന്നും തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. തന്റെ പുതിയ ചിത്രമായ ‘ഭാരത് ഭാഗ്യ വിധാത’യുടെ പ്രൊമോഷന്റെ ഭാഗമായി പിടിഐ (PTI) വാർത്താ ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.
ഒരു കഥാപാത്രം ചെയ്യുമ്പോൾ അത് ലൈംഗികവത്കരിക്കും വിധമല്ല ചിത്രീകരിക്കപ്പെടുന്നതെന്ന് എങ്ങനെ ഉറപ്പുവരുത്താം എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. അതേസമയം, സ്ത്രീകളെ വെറുമൊരു ഉപഭോഗവസ്തുവാക്കുക എന്ന ഉദ്ദേശത്തോടെ ആരും ബോധപൂർവം സിനിമകൾ നിർമിക്കുന്നില്ലെന്നാണ് തന്റെ വിശ്വാസമെന്നും കങ്കണ കൂട്ടിച്ചേർത്തു. അടുത്തിടെ വലിയ വിവാദങ്ങൾക്ക് വഴിവെച്ച ‘പെഡ്ഡി’ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയിലെ സ്ത്രീസങ്കല്പങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായതും കങ്കണ ഇതിൽ തന്റെ നിലപാട് വ്യക്തമാക്കിയതും.
ബുച്ചി ബാബു സന സംവിധാനം ചെയ്ത സ്പോർട്സ് ആക്ഷൻ ഡ്രാമയായ ‘പെഡ്ഡി’യിലെ ജാൻവി കപൂറിന്റെ ‘അച്ചിയമ്മ’ എന്ന കഥാപാത്രത്തെ അമിതമായി ലൈംഗികവൽക്കരിച്ചത് സിനിമയ്ക്കകത്തും പുറത്തും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. നായികയുടെ ശരീരഭാഗങ്ങളുടെ അനാവശ്യ പ്രദർശനവും, നായികയ്ക്ക് ഒട്ടും താല്പര്യമില്ലാതിരുന്നിട്ടും രാം ചരൺ അവതരിപ്പിക്കുന്ന നായക കഥാപാത്രം അവരുടെ സമ്മതമില്ലാതെ ചുംബിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങളും വലിയ വിവാദങ്ങൾക്കാണ് കാരണമായത്.
ഇത്തരം രംഗങ്ങൾ പ്രണയമല്ല, മറിച്ച് സ്ത്രീക്ക് നേരെയുള്ള അതിക്രമമാണെന്ന് സിനിമാ മേഖലയിലെ പ്രമുഖരടക്കം നിരവധി പേർ ചൂണ്ടിക്കാണിച്ചിരുന്നു. പ്രേക്ഷക പ്രതിഷേധം ശക്തമായതോടെ ചിത്രത്തിന്റെ സംവിധായകൻ പിന്നീട് പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാൻ നടിമാർ തയ്യാറാകണമെന്ന കങ്കണയുടെ ആഹ്വാനം ശ്രദ്ധേയമാകുന്നത്.
“ഒരു സിനിമ ചെയ്യുമ്പോൾ വ്യത്യസ്തങ്ങളായ നിരവധി വീക്ഷണങ്ങൾ ഉണ്ടാവാറുണ്ട്. അതിൽ നിങ്ങൾക്കും അഭിപ്രായം പറയാം. ഇത് മറ്റൊരു രീതിയിൽ തോന്നുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കാം. ഇത് ശരിയായി തോന്നുന്നില്ലെന്ന് പറഞ്ഞാൽ, ഭൂരിഭാഗം ആളുകളും അത് അംഗീകരിക്കാൻ തയ്യാറാകും. കാരണം തിരക്കഥ എഴുതുമ്പോൾ അവർ ആ രീതിയിൽ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല. ഒരു സിനിമയിൽ പ്രവർത്തിക്കുക എന്നത് ഒരു കൂട്ടായ്മയുടെ ഭാഗമാണെന്നും, അവിടെ തുറന്ന ആശയവിനിമയത്തിന് വലിയ പ്രാധാന്യമുണ്ട്.” കങ്കണ പറഞ്ഞു.
ജൂൺ 12-നാണ് കങ്കണയുടെ ‘ഭാരത് ഭാഗ്യ വിധാത’ റിലീസിനെത്തുന്നത്. 400-ലധികം ജീവനുകൾ രക്ഷിക്കാൻ അസാധാരണമായ ധൈര്യം കാണിക്കുന്ന ഒരു സാധാരണ സ്റ്റാഫ് നഴ്സായാണ് കങ്കണ വേഷമിടുന്നത്. പ്രതിസന്ധികൾക്കിടയിലും പൊതുസേവനത്തിൽ മുന്നിൽ നിൽക്കുന്ന, എന്നാൽ പലപ്പോഴും അംഗീകരിക്കപ്പെടാതെ പോകുന്ന ഒരു സാധാരണ സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.