
നഴ്സിങ് മേഖലയോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ തിരുത്തലുകൾ വേണമെന്ന ആവശ്യവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു തൊഴിൽമേഖലയാണ് നഴ്സിങ് എന്നും ഈ രംഗത്ത് ജോലി ചെയ്യുന്നവർക്ക് സമൂഹത്തിൽ അർഹമായ പരിഗണനയോ ആദരവോ ഇപ്പോഴും ലഭിക്കുന്നില്ലെന്നും കങ്കണ അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷ് ഭരണകാലത്തിന്റെ കൊളോണിയൽ സ്വാധീനം വ്യക്തമാക്കുന്നതാണ് നഴ്സുമാരുടെ നിലവിലെ യൂണിഫോമെന്നും അതിൽ കാലോചിതമായ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചുവെന്നും കങ്കണ ചൂണ്ടിക്കാട്ടി. രോഗീ പരിചരണത്തിൽ ഏറ്റവും നിർണായക പങ്കുവഹിക്കുന്ന വിഭാഗമായിട്ടും നഴ്സിങ് മേഖല നേരിടുന്ന അവഗണനയും തെറ്റിദ്ധാരണകളും അവസാനിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
‘അവരുടെ ജീവിതത്തേക്കാൾ, ആളുകൾക്ക് അവരോടുള്ള മനോഭാവം മാറണം. ആളുകൾ ലൈംഗികച്ചുവയോടെ കാണുന്ന തൊഴിലാണ് നഴ്സിങ്. ഹാലോവീനിന് നഴ്‌സുമാരുടെ വേഷം ധരിച്ചെത്തുന്നു. അവരെ കളിയാക്കുന്നു. നഴ്‌സുമാർക്ക് ശമ്പളം കുറവാണ്, ജോലി ഭാരം കൂടുതലാണ്, അവരെ ലൈംഗികവത്കരിക്കുന്നു. നമ്മൾ നഴ്സുമാർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നില്ല. വാച്ച്‌മാൻമാരുടേയും ശുചീകരണത്തൊഴിലാളികളുടേയും അവസ്ഥ സമാനമാണ്. അവർ രോഗികളെ പരിപാലിക്കുന്നു. അത് വളരെ പ്രാധാന്യമേറിയ ജോലിയാണ്. അവരെ നാം കാര്യമായി പരിഗണിക്കുന്നില്ല.’ കങ്കണ പറഞ്ഞു.
‘ബ്രിട്ടീഷ് കാലത്തേതാണ് നഴ്‌സുമാരുടെ വേഷം. ഡോക്‌ടർമാർക്ക് എന്തുധരിച്ചാലും അതിനുമുകളിൽ ഒരു കോട്ട് ഇട്ടാൽ മതി. എന്നാൽ, ചൂടായാലും തണുപ്പായാലും നഴ്‌സുമാർക്ക് ഒരേ വേഷമാണ്. അത് വിദേശശൈലിയിൽ ഉള്ളതാണ്.’ കങ്കണ കൂട്ടിച്ചേർത്തു.
കങ്കണ നേഴ്സായി വേഷമിടുന്ന ‘ഭാരത് ഭാഗ്യ വിധാത’ പ്രദർശനത്തിനൊരുങ്ങുകയാണ്. 2008-ലെ മുംബൈ ഭീകരാക്രമണങ്ങളിൽ ലക്ഷ്യമിട്ട കാമാ ആശുപത്രിയിലെ ഒരു നഴ്‌സിൻ്റെ വേഷമാണ് ചിത്രത്തിൽ കങ്കണ ചെയ്യുന്നത്. പെൻ സ്റ്റുഡിയോസും കങ്കണയുടെ മണികർണിക ഫിലിംസും സഹനിർമ്മാതാക്കളായ ചിത്രത്തിൽ ഗിരിജ ഓക്ക്, സ്മിത ടാംബെ തുടങ്ങിയവരും അഭിനയിക്കുന്നു. മനോജ് താപഡിയായാണ് സംവിധാനം. ചിത്രം ജൂൺ 12-ന് തിയേറ്ററുകളിലെത്തും.