“നടിമാരെ ഗ്ലാമർ വേഷങ്ങളിൽ മാത്രം അവതരിപ്പിച്ചാലേ സിനിമ വിറ്റുപോകൂ എന്ന് കരുതുന്നവരാണ് കുറ്റക്കാർ”; ഡിംപിൾ ഹയാത്തി

','

' ); } ?>

രാം ചരൺ നായകനായെത്തിയ സ്പോർട്സ് ആക്ഷൻ ഡ്രാമ ‘പെദ്ധി’യിലെ നായിക കഥാപാത്രത്തിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജാൻവി കപൂറിന് ശക്തമായ പിന്തുണയുമായി തെലുങ്ക് നടി ഡിംപിൾ ഹയാത്തി. നടിമാരെയല്ല, മറിച്ച് സ്ത്രീ കഥാപാത്രങ്ങളെ കേവലം ഗ്ലാമർ വേഷങ്ങളിലേക്ക് മാത്രമായി ഒതുക്കുന്ന സിനിമാ വ്യവസ്ഥിതിയെയാണ് ഇവിടെ ചോദ്യം ചെയ്യേണ്ടതെന്ന് ഡിംപിൾ വ്യക്തമാക്കി. നായികമാരെ ഗ്ലാമർ വേഷങ്ങളിൽ മാത്രം അവതരിപ്പിച്ചാലേ സിനിമ വിറ്റുപോകൂ എന്ന് കരുതുന്ന നിർമാതാക്കളും സംവിധായകരുമാണ് ഈ പ്രവണതയ്ക്ക് പിന്നിൽ.

അതുകൊണ്ട് തന്നെ ചോദ്യം ചെയ്യപ്പെടേണ്ടത് സിനിമയുടെ അണിയറപ്രവർത്തകരെയാണ്. നായക കേന്ദ്രീകൃതമായ സിനിമകളിൽ നടിമാർക്ക് തങ്ങളുടെ കഴിവ് പൂർണമായി പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം പരിമിതമാണെന്നും, തങ്ങൾക്ക് ലഭിക്കുന്ന വേഷങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വർഷങ്ങളോളം ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് ഭൂരിഭാഗം നടിമാർക്കുമുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ തനിക്കെതിരെ ഉയർന്ന പരിഹാസങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (ട്വിറ്റർ) താരം ശക്തമായ മറുപടി നൽകിയിട്ടുണ്ട്. ഒരു സ്ത്രീ സ്വന്തം അഭിപ്രായം പറയുന്നത് വലിയ വാർത്തയാക്കേണ്ട കാര്യമില്ലെന്നും, അത് സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണെന്നും ഡിംപിൾ ഓർമ്മിപ്പിച്ചു. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കാൻ വിമർശകരോട് ആവശ്യപ്പെട്ട താരം, താൻ തൻ്റെ ജീവിതം കണ്ടെത്തുകയാണെന്നും സ്വന്തം അഭിപ്രായങ്ങളോ അനുഭവങ്ങളോ മറ്റുള്ളവരുമായി പങ്കുവെക്കേണ്ട ബാധ്യത തനിക്കില്ലെന്നും മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കുന്നു.

അതേ സമയം വിവാദത്തിൽ പരസ്യ ക്ഷമാപണവുമായി സംവിധായകൻ ബുച്ചി ബാബു സന രംഗത്ത് എത്തിയിരുന്നു. ചിത്രത്തിൽ ജാൻവി കപൂർ അവതരിപ്പിക്കുന്ന കഥാപാത്രത്തെ അമിതമായി ലൈംഗികവൽക്കരിച്ചുവെന്ന വിമർശനം തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് സംവിധായകൻ്റെ പ്രതികരണം. സിനിമ ഒരു ആസ്വാദകനെയും അസ്വസ്ഥനാക്കാനോ അപമാനിക്കാനോ പാടില്ലെന്ന് വ്യക്തമാക്കിയ ബുച്ചി ബാബു സന, ചിത്രത്തിലെ ഏതെങ്കിലും ഭാഗങ്ങൾ പ്രേക്ഷകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായി പ്രസ്താവനയിലൂടെ അറിയിച്ചു. മാറുന്ന കാലഘട്ടത്തിൻ്റെ അഭിരുചികൾക്കനുസരിച്ച് സിനിമാപ്രവർത്തകരും മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.