
ചലച്ചിത്രരംഗത്ത് 67 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ തനിക്ക് ആശംസകൾ നേർന്നവർക്ക് നന്ദിയറിയിച്ച് തമിഴ് സൂപ്പർതാരവും രാജ്യസഭാംഗവുമായ കമൽഹാസൻ. ലോക സിനിമയുടെ 130-ലേറെ വർഷത്തെ ചരിത്രത്തിൽ പകുതിയിലധികം കാലവും തന്റെ സാന്നിധ്യമുണ്ടെന്നത് അസാധാരണമായ കാര്യമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
തന്റെ ദീർഘമായ സിനിമാ ജീവിതത്തിലെ ആദ്യ 20 വർഷങ്ങൾ മാത്രമാണ് യഥാർത്ഥ പഠനകാലമായി കണക്കാക്കാൻ കഴിയുന്നതെന്നും, ബാക്കി കാലഘട്ടം ഒഴുക്കിനൊപ്പം നീങ്ങുകയായിരുന്നുവെന്നും താരം ഓർത്തെടുത്തു. എത്ര മലിനമായ വഴികളിലൂടെ ഒഴുകിയാലും ഒടുവിൽ ‘കളക്ടീവ് സിനിമ’ എന്ന വലിയ മഹാസമുദ്രത്തിൽ ചെന്നുചേരുമെന്ന പ്രതീക്ഷയാണ് തന്റെ എപ്പോഴത്തെയും പ്രചോദനം. അനുഭവസമ്പത്ത് വച്ച് കാര്യങ്ങൾ ഇനിയും കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് കരുതുന്നതെന്നും, ഒരുപക്ഷേ സിനിമയിലെ ഏറ്റവും പ്രായം കൂടിയ ‘ജെൻ സി’ താനായിരിക്കാം എന്നും തമാശരൂപേണ അദ്ദേഹം കുറിച്ചു.
“സിനിമയിൽ 67 വർഷം പൂർത്തിയാക്കിയ എനിക്ക് ആശംസ അറിയിച്ച എല്ലാവർക്കും നന്ദി. 67-ൽ ഏകദേശം 20 വർഷം മാത്രമാണ് യഥാർഥത്തിൽ എനിക്ക് പഠനകാലമായി തീർക്കാൻ കഴിഞ്ഞത്. ബാക്കി മലിനജലത്തിനൊപ്പമുള്ള ഒഴുക്കായിരുന്നു’, കമൽഹാസൻ കുറിച്ചു.
‘എങ്കിലും എന്നും എനിക്ക് പ്രചോദനം നൽകിയ പ്രതീക്ഷ, ജലപാത എത്ര മലിനമാണെങ്കിലും കളക്ടീവ് സിനിമ എന്ന ഏറ്റവും വലിയ ഏകരൂപമായ കടലുമായി സംഗമിക്കാനുള്ള കാത്തിരിപ്പാണ്. അഭിനേതാക്കളും പ്രേക്ഷകരും തുടങ്ങി എല്ലാവരും അതിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. അതിനാൽ, ഈ മേഖലയിലെ എന്റെ വർഷങ്ങൾ എണ്ണുന്നത് നിർത്തി മറ്റെവിടെയെങ്കിലും മെച്ചപ്പെട്ട കണക്കുകൾ തിരയാൻ തുടങ്ങുന്നതിനുമുമ്പ്, അനുഭവ പരിചയമായി നേടിയ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് കരുതുന്നു.” കമൽഹാസന്റെ വാക്കുകൾ..
1895 ഡിസംബറിൽ ലൂമിയർ സഹോദരന്മാരിലൂടെ ആരംഭിച്ച ലോക സിനിമയ്ക്ക് ഏകദേശം 130 വർഷവും എട്ട് മാസവുമാണ് പഴക്കം. 1960-ൽ പുറത്തിറങ്ങിയ ‘കളത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കമൽഹാസൻ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറുന്നത്. കന്നി ചിത്രത്തിലെ മികച്ച അഭിനയത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കവും അദ്ദേഹം നേടിയിരുന്നു.
2025-ൽ തിയേറ്ററുകളിലെത്തിയ ‘തഗ് ലൈഫ്’ ആണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അൻപറിവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കമൽഹാസന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കൂടാതെ, നെൽസൺ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തവും അദ്ദേഹത്തിനുണ്ട്. നിലവിൽ തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്യസഭാ അംഗം കൂടിയാണ് കമൽഹാസൻ.