ചലച്ചിത്ര മേളയിലെ വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്; കമല്‍

അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ കൊച്ചി എഡിഷനിലെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും വ്യക്തിപരമായി ഒരുപാട് മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിച്ചുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

രാഷ്ട്രീയമുണ്ടെന്ന് സലിംകുമാര്‍ പറഞ്ഞതോടെ വിവാദത്തെ രാഷ്ട്രീയമായി തന്നെ നേരിടേണ്ട സാഹചര്യം ഉണ്ടായി. എല്ലാക്കാലത്തും ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണ് മേള സംഘടിപ്പിക്കുന്നത്. തനിക്ക് നേരെ വന്‍ അപവാദ പ്രചരണമാണ് നടന്നത്. ചെറിയ നോട്ടപ്പിശക് പോലും വലിയ അപരാധമായി വ്യാഖ്യാനിച്ചു. വ്യക്തിപരമായി ഏറെ സമ്മര്‍ദ്ദം ഉണ്ടാക്കിയ ദിവസങ്ങളാണ് കടന്നുപോയതെന്നും വീഴ്ചകളുടെ ഉത്തരവാദിത്തം ഏല്‍ക്കാന്‍ തയ്യാറാണെന്നും കമല്‍ പറഞ്ഞു. നടന്‍ സലിംകുമാറിനെ ഉള്‍പെടുത്തിയില്ല എന്ന് ടിനി ടോം തമാശയ്ക്ക് പറഞ്ഞതാണ്. മറ്റൊരു ലിസ്റ്റില്‍ സലിംകുമാറിന്റെ പേരുണ്ടായിരുന്നുവെന്നും അത് മനസിലാക്കാതെയാണ് സലീം കുമാര്‍ രൂക്ഷമായി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.