
തമിഴ്നാട്ടിലെ ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപമുള്ള 717 മദ്യവിൽപന ശാലകൾ പൂട്ടാനുള്ള മുഖ്യമന്ത്രി വിജയ്യുടെ ഉത്തരവിനെ പ്രശംസിച്ച് നടൻമാരായ കമൽഹാസനും വിശാലും. അധികാരമേറ്റെടുത്തതിന് പിന്നാലെ ജനപ്രിയ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന ടി.വി.കെ സർക്കാരിന്റെ നടപടിയെ സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും സ്വാഗതം ചെയ്തത്.
മദ്യവിൽപന ഒരിക്കലും സർക്കാരിന്റെ ഉത്തരവാദിത്തമാകരുതെന്നും മദ്യത്തിന്റെ ഒഴുക്ക് തടയുന്നതിൽ സർക്കാർ ഇനിയും ജാഗ്രത കാട്ടണമെന്നും കമൽഹാസൻ കുറിച്ചു. തമിഴ് കുടുംബങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ് സഹോദരൻ വിജയ് നടപ്പിലാക്കിയതെന്നും കൂടുതൽ മദ്യശാലകൾ പൂട്ടാനുള്ള നടപടികൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി രാജ്യസഭാംഗമാണ് കമൽഹാസൻ.
വിജയ്യുടെ തീരുമാനത്തിന് നന്ദി പറഞ്ഞുകൊണ്ട് നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാൽ വൈകാരികമായ വീഡിയോ പങ്കുവെച്ചു. മദ്യശാലകൾ കാരണം വഴിനടക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് വിശാൽ പറഞ്ഞു. ആർ.കെ. നഗറിലെ ഒരു പെൺകുട്ടിയുടെ ദുരവസ്ഥ നേരിട്ടറിയാമെന്നും ഈ നടപടി ഒട്ടേറെ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആരാധനാലയങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ബസ് സ്റ്റാൻഡുകളുടേയും സമീപമുള്ള മദ്യവിൽപന ശാലകൾ പൂട്ടണമെന്നായിരുന്നു തമിഴ് കുടുംബങ്ങളുടെ ആവശ്യം. ബഹു. തമിഴ്നാട് മുഖ്യമന്ത്രി, സഹോദരൻ വിജയ് അധികാരമേറ്റയുടനെ അക്കാര്യത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നു. മദ്യവിൽപന ഒരിക്കലും സർക്കാരിന്റെ ഉത്തരവാദിത്തമാവരുത്. മദ്യത്തിൻ്റെ ഒഴുക്ക് തടയുന്നതിൽ സർക്കാർ ഉത്തരവാദിത്തം കാണിക്കണം. തമിഴ്നാട് സർക്കാർ അതിനുവേണ്ടി നടപടി സ്വീകരിക്കണം. ഇന്ന് 717 മദ്യവിൽപന ശാലകൾ അടച്ചുകൊണ്ട് നടപടി ആരംഭിച്ചിരിക്കുന്നു. കൂടുതൽ മദ്യശാലകൾ പൂട്ടണം, നടപടി തുടരണം. അഭിനന്ദനങ്ങൾ.” കമൽഹാസൻ പറഞ്ഞു.
‘അഭിനന്ദനങ്ങൾ, നിങ്ങൾക്കുവേണ്ടി വിസിലടിക്കുന്നു. സ്കൂളുകൾക്ക് സമീപമുള്ളവയടക്കം 717 മദ്യശാലകൾ അടയ്ക്കാനുള്ള തീരുമാനത്തിന് നന്ദി. ഒരുപാട് പെൺകുട്ടികൾ ദുരിതമനുഭവിക്കുന്നുണ്ടായിരുന്നു. ആർ.കെ. നഗറിൽ ഒരു പെൺകുട്ടിയെ എനിക്ക് നേരിട്ടറിയാം. ടാസ്മാകിന്റെ മദ്യവിൽപന ശാല മറികടന്ന് വീട്ടിലെത്താനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് അവൾ പരാതിപ്പെട്ടിരുന്നു. അവളും പൊതുസമൂഹത്തിലെ വലിയ വിഭാഗവും നിങ്ങളേയും ഈ തീരുമാനത്തേയും പ്രശംസിക്കും. എന്റേതുൾപ്പെടെ നിരവധി മുഖങ്ങളിൽ ഈ തീരുമാനത്തോടെ പുഞ്ചിരി നിറയും. ഈ വിപത്തിൽനിന്ന് എന്നേക്കുമായി മോചനം ലഭിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കും, പ്രിയപ്പെട്ട വിജയ്. നിങ്ങൾക്കും സർക്കാരിനും സല്യൂട്ട്’, സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം വിശാൽ കുറിച്ചു.’ വിശാൽ കൂട്ടിച്ചേർത്തു.
ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിലുള്ള മദ്യശാലകൾ പൂട്ടാനാണ് വിജയ് സർക്കാർ ഉത്തരവിട്ടത്. ലഹരി വിമുക്ത തമിഴ്നാട് എന്ന വാഗ്ദാനം മുൻനിർത്തിയാണ് സർക്കാർ ഈ സുപ്രധാന നീക്കം നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലഹരി മാഫിയയെ അടിച്ചമർത്തുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നടപടി.