
‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിൽ മമിത ബെജു കാഴ്ചവെച്ച മികച്ച പ്രകടനത്തെയും കേരളത്തോടുള്ള തന്റെ ആഴത്തിലുള്ള വൈകാരിക ബന്ധത്തെയും കുറിച്ച് മനസ്സുതുറന്ന് പ്രശസ്ത നടി മേഘ്ന രാജ്. അടുത്തിടെ കണ്ടതിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ് മമിതയുടേതെന്നും, ആ കഥാപാത്രത്തിന് മമിത നൽകിയ സവിശേഷമായ ഊർജ്ജം അതിശയിപ്പിക്കുന്നതാണെന്നും മേഘ്ന വ്യക്തമാക്കി. ‘സിനിമ എക്സ്പ്രസ്’ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടി തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്.
മമിത അവതരിപ്പിച്ച കഥാപാത്രം തികച്ചും പുതുമയുള്ളതായിരുന്നുവെന്നും, അത് പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ മനോഹരമായി കൊണ്ടുപോകാൻ താരത്തിന് സാധിച്ചുവെന്നും മേഘ്ന പറഞ്ഞു. വലിയൊരു പശ്ചാത്തലമില്ലെങ്കിൽപോലും പ്രേക്ഷകമനസ്സിൽ ഇടംപിടിക്കാൻ ആ കഥാപാത്രത്തിന് കഴിഞ്ഞു. തനിക്ക് അത്തരമൊരു വേഷം ചെയ്യാൻ സാധിക്കുമോ എന്ന് സംശയമാണെന്നും, മമിതയുടെ മാത്രം പ്രത്യേക ഊർജ്ജമാണ് ആ പ്രകടനത്തെ മാറ്റിനിർത്തുന്നതെന്നും നടി പ്രശംസിച്ചു.
കേരളവുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും മേഘ്ന അഭിമുഖത്തിൽ വൈകാരികമായി സംസാരിച്ചു. ബെംഗളൂരുവാണോ അതോ കേരളമാണോ തന്റെ ആദ്യത്തെ വീടെന്ന് പലപ്പോഴും സംശയം തോന്നാറുണ്ടെന്ന് നടി പറഞ്ഞു. മേഘ്ന രാജ് എന്ന നിലയിൽ അഭിനേത്രിയെന്ന വിലാസവും പേരും തനിക്ക് നേടിത്തന്നത് മലയാള സിനിമാമേഖലയാണ്. അവിടുത്തെ പ്രേക്ഷകരിൽ നിന്നും സിനിമാപ്രവർത്തകരിൽ നിന്നും ലഭിച്ച സ്നേഹവും പിന്തുണയും വലുതാണെന്നും, കേരളത്തിലെ ഭക്ഷണവും ആളുകളും തനിക്ക് എന്നും പ്രിയപ്പെട്ടതാണെന്നും നടി കൂട്ടിച്ചേർത്തു. പലരും മലയാള ഭാഷ കൈകാര്യം ചെയ്യാൻ പ്രയാസമാണെന്ന് പറയാറുണ്ടെങ്കിലും തനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ലെന്നും മേഘ്ന വ്യക്തമാക്കി.
മേഘ്‌നയുടെ വാക്കുകൾ
“എനിക്ക് ‘വിശ്വനാഥ് ആൻഡ് സൺസി’ൽ മമിത അവതരിപ്പിച്ച കഥാപാത്രം ഒരുപാട് ഇഷ്ടമായി. വളരെ പുതുമയുള്ള കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് കഴിയുമോ എന്ന് അറിയില്ല. കാരണം അതിന് മമിതയ്ക്ക് മാത്രമുള്ളൊരു പ്രത്യേക ഊർജമുണ്ടെന്ന് തോന്നുന്നു. വളരെ നന്നായിട്ടാണ് അവർ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒട്ടും ബോറടിപ്പിക്കാതെ ആ കഥാപാത്രത്തെ കൊണ്ടുപോയി. വലിയൊരു പശ്ചാത്തലമൊന്നുമില്ലെങ്കിലും പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രമായിരുന്നു അത്. അടുത്തിടെ കണ്ടതിൽ ഞാൻ ഏറ്റവും ആസ്വദിച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നാണത്.
അതുപോലെ തന്നെ എനിക്ക് കേരളവുമായി ഭയങ്കര ബന്ധമാണ്. ബംഗളൂരുവാണോ കേരളമാണോ എന്റെ ആദ്യത്തെ വീടെന്ന് എപ്പോഴും ഒരു ഡൗട്ടാണ്. അത്രത്തോളം കണക്ഷൻ എനിക്ക് കേരളവുമായുണ്ട്. പ്രൊഫഷണലായി എനിക്ക് ഒരു പേര് ലഭിച്ചത് മേഘന രാജ് എന്ന നിലയിൽ കേരളത്തിലൂടെയാണ്. അവിടുത്തെ സിനിമാ മേഖലയിൽ നിന്നും ആളുകളിൽ നിന്നും ഒരുപാട് സ്നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും എനിക്ക് കേരളത്തോട് വലിയ ഇഷ്ടമാണ്. മലയാളം സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് പലരും പറയാറുണ്ടെങ്കിലും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. കേരളത്തിലെ ആളുകളെയും ഇവിടുത്തെ ഭക്ഷണത്തെയും ഒരുപാട് ഇഷ്ടമാണ്.