
സ്ത്രീയുടെ കന്യകാത്വത്തിന് വലിയ പ്രാധാന്യം നൽകിയിരുന്ന സാമൂഹിക ചുറ്റുപാടുകൾ നിലനിന്നിരുന്ന കാലത്താണ് തന്റെ പല സിനിമകളും പിറന്നതെന്നും, എന്നാൽ ‘അഴകിയ രാവണൻ’ എന്ന ചിത്രത്തിൽ ഈ വിഷയത്തെ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിച്ചതെന്നും സംവിധായകൻ കമൽ. ഷോസ്കേപ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തിന്റെ മാനസികാവസ്ഥയെയും അക്കാലത്തെ സിനിമാ സങ്കൽപ്പങ്ങളെയും കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.
മമ്മൂട്ടി അവതരിപ്പിച്ച ശങ്കർ ദാസ് എന്ന കഥാപാത്രം തന്റെ പണം കൊണ്ട് ഭാനുപ്രിയയുടെ കഥാപാത്രത്തെ എല്ലാ അർത്ഥത്തിലും വിലക്കെടുക്കാൻ ശ്രമിക്കുകയാണ്. ഉള്ളിലെ പ്രണയം തുറന്നുപറയാതെ, അധികാരത്തിന്റെ ബലത്തിൽ അവളെ സ്വന്തമാക്കാൻ അയാൾ തുനിയുന്നു. ഈ നിസ്സഹായാവസ്ഥയിൽ ശങ്കർ ദാസിനോടുള്ള വാശി തീർക്കാനായി, കന്യകാത്വം നഷ്ടപ്പെടുത്തി അയാൾക്ക് മുന്നിൽ ചെല്ലാനാണ് നായിക തീരുമാനിക്കുന്നത്.
എന്നാൽ താൻ സ്നേഹിച്ച വ്യക്തി (ബിജു മേനോന്റെ കഥാപാത്രം) തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന സത്യം ശങ്കർ ദാസ് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നതും, ശങ്കർ ദാസ് തന്റെ പഴയകാല പ്രണയമായിരുന്ന ‘കുട്ടിശങ്കരൻ’ ആണെന്ന് തിരിച്ചറിയുന്നതുമാണ് കഥയിലെ വഴിത്തിരിവ്. “അവൻ ആത്മാർത്ഥതയുള്ളവനായിരുന്നെങ്കിൽ നിങ്ങൾ തമ്മിൽ ശാരീരിക ബന്ധം നടന്നാൽ പോലും ഞാൻ ഒഴിഞ്ഞുപോകുമായിരുന്നു” എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രം അവിടെ പറയുന്നത്. കന്യകാത്വം നഷ്ടപ്പെട്ടതിലുള്ള കുറ്റബോധത്തേക്കാൾ, ‘ഞാൻ ആർക്ക് വേണ്ടിയാണ് ഇത് ചെയ്തത്’ എന്ന തിരിച്ചറിവാണ് ആ കഥാപാത്രത്തെ പൂർണ്ണമായും തകർത്ത് കളയുന്നതെന്ന് കമൽ വ്യക്തമാക്കുന്നു.
പുരുഷാധിപത്യ ചിന്താഗതികൾ ശക്തമായിരുന്ന കാലഘട്ടത്തിൽ സ്ത്രീയുടെ കന്യകാത്വത്തെ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം കഥകളും സിനിമകളും രൂപപ്പെട്ടിരുന്നത്. അന്നത്തെ സാമൂഹിക കാഴ്ചപ്പാടുകളുടെ പ്രതിഫലനമായിരുന്നു അത്. എന്നാൽ, അത്തരം പതിവ് സിനിമാ സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീയുടെ വാശിയെയും വൈകാരിക തകർച്ചയെയും ആഴത്തിൽ അടയാളപ്പെടുത്താനാണ് അഴകിയ രാവണനിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമലിന്റെ വാക്കുകൾ
“അന്നത്തെ സൊസൈറ്റിയും കാഴ്ചപ്പാടുകളും അങ്ങനെയായിരുന്നു. അന്നത് ഒരു വലിയ പ്രശ്നമായിരുന്നു. പൊതുവേ ഈ പാട്രിയാർക്കിയുടെ കാലഘട്ടത്തിൽ സ്ത്രീയുടെ വിർജിനിറ്റി എന്ന് പറയുന്നത് ഏറ്റവും പ്രധാനപ്പെട്ടതായിട്ട് കണക്കാക്കുന്ന കാലത്താണല്ലോ നമ്മളൊക്കെ അന്ന് ജീവിച്ചത്. വിർജിനിറ്റി വെച്ചിട്ട് തന്നെയിരുന്നു ഒരുപാട് കഥകളും സിനിമകളും അന്നുണ്ടായിരുന്നത്. അങ്ങനെയൊരു കാലം ഉണ്ടായിരുന്നു. അതിന്റെ തുടർച്ച തന്നെയാണ് നമ്മുടെ പല സിനിമകളും.
എന്നാൽ അഴകിയ രാവണനിൽ വിർജിനിറ്റിയെ വേറെ രീതിയിലാണ് പോർട്രേറ്റ് ചെയ്തിട്ടുള്ളത്. ഭാനുപ്രിയുടെ ക്യാരക്ടറിനെ വിലക്കെടുക്കുകയാണല്ലോ മമ്മൂട്ടിയുടെ ക്യാരക്ടർ. അയാളുടെ പണം കൊണ്ട് അയാളെല്ലാം വിലക്കെടുക്കുകയാണ്, എന്നാൽ അയാളുടെ ഉള്ളിലുള്ള പ്രണയം പുറത്ത് പറയുന്നുമില്ല. എല്ലാ നിലക്കും അവളെ വിലക്കെടുത്തിട്ട് അവളെ കെട്ടണമെന്ന് പറയുകയാണ് അയാൾ. അവൾ നിസഹായയായി പോകുന്ന ഒരു അവസ്ഥയിൽ അവൾ കാണുന്ന വഴി വിർജിനിറ്റി ഇല്ലാതെ അയാളുടെ മുമ്പിൽ പോകണം എന്നുള്ള വാശിയാണ്.
കുട്ടി ശങ്കരനാണ് ഇയാൾ എന്നുള്ളത് അറിഞ്ഞു കഴിയുമ്പോഴാണ് അവൾ തകർന്നു പോകുന്നത്. അതിനും മുമ്പ് ഇയാൾ ബിജു മേനോന്റെ വീഡിയോ കാണിച്ചു കൊടുക്കുന്നുണ്ട്. ‘ഞാൻ നിന്നെ സ്നേഹിച്ചു എന്നുള്ളത് ശരിയാണ്. എനിക്ക് അത്രമാത്രം നിന്നെ ഇഷ്ടമാണ്. പക്ഷേ അവൻ ജെനുവിൻ ആയിരുന്നെങ്കിൽ ഞാൻ ഒഴിഞ്ഞു പോകുമായിരുന്നു. നിങ്ങൾ തമ്മിൽ അങ്ങനെ സെക്സ് നടന്നാലും എനിക്ക് പ്രശ്നമല്ലായിരുന്നു’ എന്നാണ് മമ്മൂട്ടി പറയുന്നത്. ഞാൻ ആർക്ക് വേണ്ടിയിട്ടാണ് ഇത് ചെയ്തത് എന്നുള്ള ഒരു ചോദ്യം ഉണ്ടല്ലോ. വെർജിനിറ്റി പോയതിലല്ല, അതാർക്ക് വേണ്ടിയിട്ടാണ് ചെയ്തത് എന്നാലോചിച്ചിട്ടാണ് അവൾ തകർന്ന് പോകുന്നത്.”