സപ്തതി നിറവില്‍ കൈതപ്രം

','

' ); } ?>

അതിമനോഹരമായ നിരവധി ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമാണ് കൈതപ്രം ദാമോദരന്‍. ‘ദേവദുന്ദുഭി സാന്ദ്രലയം’ മുതല്‍ ‘ലജ്ജാവതി’ എന്ന ഫാസ്റ്റ് ഗാനംവരെയും പിറന്നു വീണത് ആ തൂലികയില്‍ നിന്നാണ്. 1986 ല്‍ ഫാസിലിന്റെ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചലച്ചിത്രത്തിലൂടെ രംഗത്തെത്തിയ കൈതപ്രത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.’കുടുംബപുരാണ’ത്തോടെ തിരക്കുള്ള ഗാനരചയിതാവായി. ‘സോപാന’ത്തിലൂടെ തിരക്കഥാകൃത്തായി. ആര്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള, സ്വാതിതിരുനാള്‍, ഭരതം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 1993ല്‍ പൈതൃകത്തിലെ ഗാനങ്ങള്‍ക്കും 1996ല്‍ അഴകിയ രാവണനിലെ ഗാനങ്ങള്‍ക്കും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ബഹുമതി ലഭിച്ചു. 1996ല്‍ ദേശാടനത്തിലൂടെ സംഗീതസംവിധായകനായി. 1997ല്‍ കാരുണ്യത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. അങ്ങനെ അങ്ങനെ നീളുന്നു കൈതപ്രത്തിന്റെ സംഗീതയാത്ര. ഈ കഴിഞ്ഞ ജൂലൈ 24ന് സപ്തതിയിലെത്തിയ കൈതപ്രം 450 ഓളം സിനിമകള്‍ക്ക് ഈണമിട്ട് കഴിഞ്ഞു. എഴുപതിന്റെ നിറവിലെത്തിയ അദ്ദേഹം സംവിധാനം ചെയ്ത മഴവില്ലിനറ്റം വരെ എന്ന സിനിമ തിയേറ്ററിലെത്തിക്കാനുള്ള ശ്രമത്തിനിടെ തന്റെ സംഗീത ജീവിതത്തിലൂടെ സെല്ലുലോയ്ഡിനൊപ്പം യാത്ര ചെയ്യുകയാണ്.

 • സപ്തതിയുടെ നിറവിലാണ് ഇപ്പോള്‍. ആരോടാണ് ഏറ്റവും കൂടുതല്‍ കടപ്പാട് തോന്നുന്നത്?

കാവാലം നാരായണപണിക്കര്‍. അദ്ദേഹത്തിനൊപ്പമുള്ള സഹവാസത്തില്‍ നിന്നാണ് ഞാന്‍ സിനിമയിലേക്കും എഴുത്തിലേക്കുമെല്ലാം വരുന്നത്. അതിനുള്ള ധൈര്യം പകര്‍ന്നു തന്നത് അദ്ദേഹമാണ്.

 • എന്നെന്നും കണ്ണേട്ടനിലൂടെയാണ് തുടക്കം. എങ്ങനെയാണ് എത്തിപ്പെടുന്നത്?

ഫാസിലിനെ എനിക്കന്ന് നേരിട്ട് പരിചയമില്ലായിരുന്നു. അറിയാമെന്ന് മാത്രമേയുള്ളു. എന്റെ സുഹൃത്ത് ഇ.സി തോമസ്സാണ് ഫാസിലിനോട് എന്നെക്കുറിച്ച് പറയുന്നതും പരിചയപ്പെടുത്തുന്നതും. അങ്ങനെയാണ് ആ ചിത്രത്തിലെത്തപ്പെട്ടത്.

 • ആദ്യമായിട്ട് മൂകാംബിക സന്നിധിയില്‍ നിന്നാണ് സാര്‍ പാട്ട് എഴുതി തുടങ്ങിയത്. എങ്ങനെയാണ് എഴുത്തിലേക്ക് കടക്കുന്നത്?

എന്റെ 20 വയസ്സുവരെ ഞാനൊരു തികഞ്ഞ വായനക്കാരനായിരുന്നു. ഒരാളും വായിക്കാത്ത അത്ര ശക്തമായിട്ടുള്ള വായനയായിരുന്നു. നോവലുകള്‍, നിരൂപണങ്ങള്‍, ചെറുകഥകള്‍, കവിതകള്‍ എല്ലാം വായിക്കും. കൂടാതെ അക്കാലത്തുണ്ടായിരുന്ന പ്രധാനപ്പെട്ട കവികളുടെ കൃതികളും വായിക്കും. നല്ല രസമായിട്ടുള്ള വായനയായിരുന്നു അത്. ആ സമൃദ്ധമായ വായനയും അന്നുണ്ടായിട്ടുള്ള എന്റെ സംഗീത പഠനവുമെല്ലാമാണ് എന്നെ രണ്ടുവഴിയിലേക്കും നയിച്ചത്.

 • ലോഹിതദാസ് -സിബിമലയില്‍ കൂട്ടുകെട്ടില്‍ കുറേ ചിത്രങ്ങള്‍. എങ്ങനെയായിരുന്നു ആ ഒരു കൂട്ടുകെട്ട്..

ലോഹിയുമായിട്ട് എനിക്ക് ഭയങ്കര അടുപ്പമായിരുന്നു. ലോഹിയിലൂടെയാണ് ഞാന്‍ സിബിയെ പരിചയപ്പെടുന്നത്. സിബി വളരെ സൈലന്റാണ്. ഇപ്പോഴും ഞങ്ങള്‍ ആ സൗഹൃദം പുലര്‍ത്തുന്നുണ്ട്.

 • ഭരതനൊപ്പം ചേര്‍ന്ന് ഒരുപാട് ചിത്രങ്ങള്‍. എങ്ങനെയുണ്ടായിരുന്നു?

ഭരതനുമായിട്ട് വളരെ വലിയ അടുപ്പമായിരുന്നു. ഒരു ആത്മീയമായ ലെവലായിരുന്നു. അതുപോലെ പത്മരാജനുമായും വലിയ അടുപ്പമായിരുന്നു. രണ്ട് സിനിമകളിലേ ഞങ്ങള്‍ വര്‍ക്ക് ചെയ്തിട്ടുള്ളു. ഇന്നലെയും ഞാന്‍ ഗന്ധര്‍വ്വനും. ഭരതന്റെ കേളിയില്‍ ഒരു പാട്ടേ ചെയ്തിട്ടുള്ളു. വൈശാലിയില്‍ ഞാന്‍ കുറച്ച് ഭാഗം അഭിനയിച്ചിരുന്നു. ആ സമയത്താണ് ആ പാട്ട് എഴുതുന്നത്.

 • പാട്ടുകളുടെ എണ്ണം നമുക്ക് എണ്ണിയാല്‍ തീരില്ല. സിനിമ എണ്ണി നോക്കിയിട്ടുണ്ടോ കൗതുകത്തിനെങ്കിലും?

450 ല്‍ കൂടുതലുണ്ട് സിനിമ.

 • താങ്കളുടെ മനസ്സില്‍ സംതൃപ്തി തോന്നിയവ ?

കഥയ്ക്ക് അനുയോജ്യമായിട്ടുള്ളതേ ഞാന്‍ എഴുതിയിട്ടുള്ളു. കഥയ്ക്ക് വേണ്ടി തന്നെയാണ് എഴുതിയത്. കണ്ണന്‍ സംവിധാനം ചെയ്യുന്ന പട്ടാഭിരാമനിലെ ഇപ്പോള്‍ ഇറങ്ങിയ ഒരു ഗാനം ഗണപതിയും സദ്യയും എല്ലാം മാച്ച് ചെയ്യുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. ഉണ്ണി ഗണപതിക്ക് ഒരു സദ്യ കൊടുക്കുക. ആ പാട്ട് ഞങ്ങള്‍ ചര്‍ച്ചചെയ്ത് ഉണ്ടാക്കിയതാണ്. എപ്പോഴും ശ്രദ്ധയോട്കൂടി ചെയ്താല്‍ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കും അത് ഗ്യാരന്റിയാണ്.

 • ഒരു നക്ഷത്രമുള്ള ആകാശം എന്ന പുതിയ ചിത്രത്തേക്കുറിച്ച്..

ഒരു അധ്യാപികയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രം. കണ്ണില്ലാത്ത ഒരു കുട്ടിയെ സ്വന്തം കുട്ടിയായിട്ട് വളര്‍ത്തുന്ന ഒരു അധ്യാപിക എന്നൊരു നല്ല കണ്‍സപ്റ്റും ചിന്തയുമാണ് ആ ചിത്രത്തില്‍. അതില്‍ അഭിനയിച്ച കുട്ടിയെയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാന്‍ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്തും പോയിരുന്നു. ആ ഗാനവും നന്നായി വന്നു.

 • പുതിയ സബ്ജക്ടുകള്‍..

ഉണ്ട് ഒരു ഗാനത്തിന്റെ വിഷയം ജെ.സി.ബിയാണ്. ജെ.സി.ബിയ്ക്ക് വേറൊരു അര്‍ത്ഥം കൂടി കാണിച്ചുകൊണ്ടാണ് ഗാനം. ആ ചിത്രത്തില്‍ ഞാന്‍ തന്നെയാണ് ഗാനം എഴുതി സംഗീതം നല്‍കിയിരിക്കുന്നത്. അഞ്ചുപാട്ടുകളുണ്ട് ചിത്രത്തില്‍.

 • ഒരുപാട് പ്രതിഭകളുടെ വര്‍ക്ക് ചെയ്തു. എങ്ങനെയുണ്ടായിരുന്നു..

പ്രധാനമായും ഞാന്‍ വര്‍ക്ക് ചെയ്തത് രവീന്ദ്രന്‍ മാഷിന്റെയും ജോണ്‍സന്റെയും കൂടെയാണ്. ബാക്കി എല്ലാവരുമായിട്ടും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. വിദ്യാസാഗറിന്റെ ആദ്യത്തെ ചിത്രത്തില്‍ തന്നെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അവാര്‍ഡ് കിട്ടിയിട്ടുണ്ട്.

 • ജയരാജ് സാറുമായുള്ള മാനസ്സികപരമായ അടുപ്പം..

ലോഹിയോടുള്ള അതേ അടുപ്പം തന്നെയാണ് എനിക്ക് ജയരാജിനോടും. ഭരതേട്ടന്റെ ശിഷ്യന്‍ എന്ന നിലയ്ക്കാണ് ഞാന്‍ ആദ്യം ജയരാജിനെ പരിചയപ്പെടുന്നത്.

 • ഇപ്പോഴത്തെയും അന്നത്തെയും പാട്ടുകളെക്കുറിച്ച്..

അന്ന് സന്മനസ്സുള്ളൊരു കൂട്ടായ്മയുണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നുമില്ല.

 • പണ്ട് മിക്ക പാട്ടിലും സാഹിത്യം ശുദ്ധമായിരിക്കും. പക്ഷെ ഇപ്പോള്‍ എത്ര പാട്ടില്‍ സാര്‍ കേള്‍ക്കാറുണ്ട് ?

ഇപ്പോഴും പാട്ടൊക്കെ കേള്‍ക്കാറുണ്ട്. പക്ഷെ അതൊന്നും ചെവിയില്‍ ഉറച്ചുനില്‍ക്കാറില്ല. അപൂര്‍വ്വമായിട്ടുള്ള പാട്ടുകളെ അങ്ങനെയുള്ളു. ഞാനിപ്പോള്‍ ആരെയും കുറ്റം പറയാനില്ല. അവര്‍ തന്നെ സ്വയം ആലോചിക്കട്ടെ. ഒന്നുകൂടെ ആലോചിച്ച് ശ്രദ്ധിച്ച് സമര്‍പ്പിച്ച് ചെയ്താല്‍ ഇനിയും ശരിയാവും. പ്രതിഭയില്ലാത്ത പ്രശ്‌നമൊന്നുമല്ല. ഒന്ന് തിരക്ക് കൂട്ടുക. മറ്റൊന്ന് മറ്റൊരാളെപറ്റി ആലോചിച്ചിരിക്കുക. ഞാനൊരിക്കലും അത് ചെയ്യാറില്ല. നമുക്ക് ചെയ്യാനുള്ളത് വൃത്തിയ്ക്ക് ചെയ്ത്‌പോവുക. ശ്രദ്ധയോട്കൂടി ചെയ്യണം. എന്നാലേ പാട്ടുകള്‍ ഓര്‍മ്മയില്‍ നില്‍ക്കുള്ളു.

 • വയലാര്‍,ഭാസ്‌ക്കരന്‍ മാഷിന്റെയെല്ലാം കാലത്ത് എഴുത്തുകാരന്റെയുംകൂടി അവകാശപ്പെട്ടതാണ് പാട്ട്. ഇന്നും അങ്ങനെയാണെന്നു പറയുന്നുണ്ടെങ്കിലും സംഗീത സംവിധായകനിലേക്ക് എത്തുന്ന സമയത്ത് പല തരത്തില്‍ ചോയിസ് മാറുന്ന പ്രശ്‌നമുണ്ട്. അങ്ങനെ തോന്നിയിട്ടുണ്ടോ?

അന്നെല്ലാം ദാസേട്ടന്‍ അല്ലെങ്കില്‍ ജയചന്ദ്രനല്ലെ ഉള്ളു. അതിനാല്‍ അന്ന് ചോയിസ് കുറവായിരുന്നു. ഇന്നിപ്പോള്‍ കുറേപ്പേര്‍ പാടിക്കൊണ്ടിരിക്കുന്നു. അതെല്ലാം അരപ്പാട്ട് ആയിട്ടേ ഉള്ളു. ആര്‍ക്കും ഒരു ഫുള്‍ പാട്ട് ആയിട്ടില്ല .

 • സോപാനത്തിലെ തിരക്കഥ എഴുത്തിനേക്കുറിച്ച്..

നമ്മുടെ മനസ്സില്‍ കഥ രൂപപ്പെട്ടു കഴിഞ്ഞാല്‍ തിരക്കഥ എഴുതാന്‍ പിന്നെ പ്രശ്‌നമില്ല. അതിനെ സീനായിട്ട് തിരിക്കാനും ഒരു പ്രശ്‌നവുമില്ല. ആ ചിത്രത്തിന്റെ കൂടെതന്നെ ഉണ്ടായിരുന്നു ഞാന്‍. ഷൂട്ടിംഗിന്റെ അവസാനം വരെ. മാറ്റങ്ങള്‍ വരുത്തേണ്ടത് ഞാന്‍ തന്നെ ചെയ്യും. ജയന്‍ എഴുതില്ല, മറിച്ച് അഭിപ്രായങ്ങള്‍ എന്നോട് പറയും എന്നിട്ട് ഞാനതില്‍ മാറ്റങ്ങള്‍ വരുത്തും. അങ്ങനെയാണ് വേണ്ടത്. എന്നാലെ അത് തിരക്കഥാകൃത്തിന്റേതാവു.

 • മഴവില്ലിനറ്റം വരെ. എന്തായിരുന്നു സംവിധാന എക്‌സ്പീരിയന്‍സ്?

നല്ല രസമുള്ള എക്‌സ്പീരിയന്‍സായിരുന്നു. ഷൂട്ടിംഗെല്ലാം കഴിഞ്ഞു, അത് റിലീസ് ചെയ്യണം. ബാക്കിയെല്ലാ വര്‍ക്കും കഴിഞ്ഞു. ഏതു സമയത്തും തിയേറ്ററിലെത്താം. ഞാന്‍ തന്നെ ശ്രമിക്കുന്നുണ്ട്. അതില്‍ ആറ് പാട്ടുകളുണ്ട്. കഥ എന്റെതാണ്. ദാസേട്ടന്‍, ഉദിത് നാരായണന്‍, ചിത്ര, ദീപു, മധു ബാലകൃഷ്ണന്‍ എന്നിവരെല്ലാം ചിത്രത്തില്‍ പാടിയിട്ടുണ്ട്. നല്ല പാട്ടുകളാണ്.

 • ഒരുപാട് ചിത്രങ്ങളുടെ അണിയറയില്‍ ഉണ്ടായിരുന്നു. അഭിനയം, സംഗീതം, സംവിധാനം എന്നിങ്ങനെ. ആ ഒരു അനുഭവം ?

ഞാന്‍ എല്ലാം ആസ്വദിച്ചേ ചെയ്തിട്ടുള്ളു. എങ്ങനെയെങ്കിലും ഈ പണിയൊന്നു തീര്‍ക്കണം എന്ന രീതിയില്‍ ഒരു പണിയും ചെയ്തിട്ടില്ല. ഏത് ജോലിയും ആസ്വദിച്ച് ചെയ്തിട്ടുണ്ട്. അല്ലാതെ ഞാന്‍ ബോറഡിച്ച് ചെയ്തിട്ടില്ല. അതിനാല്‍ ജീവിതവും എനിക്ക് ബോറഡിച്ചിട്ടില്ല. അത്‌കൊണ്ട് ഇപ്പോഴും എനിക്ക് ചെയ്യണം, ചെയ്യും എന്നുള്ള ആത്മബോധമുണ്ട്. അല്ലെങ്കില്‍ അതങ്ങ് തീര്‍ന്നു പോകും. ചെയ്യേണ്ടതൊക്കെ ചെയ്തു, ഇത്ര വയസ്സായില്ലെ, മതി എന്നു പറയുന്ന ഒരു സംഭവമില്ല. എനിക്കങ്ങനെ പ്രായമായിട്ടില്ല. ഞാനിപ്പോഴും എന്റെ കുട്ടിക്കാലം മുതല്‍ക്കേ ഓര്‍ക്കുന്നുണ്ട്. ആ കുട്ടിക്കാലത്ത് തന്നെ എനിക്ക് നില്‍ക്കാന്‍ പറ്റുന്നുണ്ട്.

 • അഗ്നിസാക്ഷിയെക്കുറിച്ച്..

വാര്‍ത്തിങ്കള്‍ ഉദിക്കാത്ത വാസന്തരാത്രി എന്ന പാട്ട് മുഴുവന്‍ അഗ്നി സാക്ഷിയാണ്. ആ തീം അത്ര കൃത്യമായിട്ടാണ് ആ പാട്ടില്‍ ഉള്‍ക്കൊള്ളിക്കാനായി.

 • കാവാലം സാറിനൊപ്പമുള്ള ആ കാലം..

ഒരു പത്തുകൊല്ലം കാവാലത്തിനൊപ്പം തന്നെയായിരുന്നു ഞാന്‍. അന്ന് വേണു, ഇ.സി തോമസ്സ്, ഗോപി, പരമശിവം, അരവിന്ദേട്ടന്‍, അയ്യപ്പ പണിക്കര്‍ സാര്‍, കടമ്മനിട്ട തുടങ്ങി എല്ലാവരും എന്റെ കൂടെ ഉണ്ടായിരുന്നു.

 • പുതിയ കാലത്ത് ഒരുപാട് നടന്‍മാര്‍ ഗായകരാവുന്നുണ്ട്. പലപ്പോഴും നിലപാടുകള്‍ തുറന്നു പറയുമ്പോള്‍ വിരോധം സമ്പാദിക്കുന്നതായിട്ട് തോന്നിയിട്ടുണ്ടോ..?

പാട്ടുകാരല്ലാത്തവരുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി കാത്തു നില്‍ക്കുന്നതെല്ലാം ഒരു പോക്കിരിത്തരമാണ്. കാരണം മറ്റു ആള്‍ക്കാരുടെ പണി വെറുതേയാവും. നല്ലൊരു പാട്ടുണ്ടാക്കുക, അത് തോന്നിയപോലെ ഒരുത്തന്‍ പാടുക എന്നത് ശരിയല്ല. അത് ബാക്കിയുള്ളവരുടെ വെറും വ്യായാമമായിപ്പോകും. എനിക്കവരെയൊന്നും ബോധ്യപ്പെടുത്തേണ്ട ഒരു കാര്യവുമില്ല. ഞാനവരെയൊന്നും പേടിക്കുന്നുമില്ല. ഞാനൊട്ട് അവരുടെ പിന്നാലെ നടന്നിട്ടുമില്ല. നടന്നവരൊന്നും എന്നോട് മാന്യത കാണിച്ചിട്ടുമില്ല. കുറേ നടന്‍മാരുടെ പിന്നാലെയൊക്കെ ഞാന്‍ നടന്നിട്ടുണ്ട്. പക്ഷെ അവരാരും എന്നോട് മാന്യത കാണിച്ചിട്ടില്ല. ജീവിതത്തില്‍ മാന്യത കളയാതെ ജീവിച്ചിട്ടുള്ള ആളാണ് ഞാന്‍. ഇപ്പോള്‍ എന്നോട് മാന്യത പുലര്‍ത്താത്ത നടന്‍മാരാണ് പലരും.

 • മക്കയിലെയും ജറുസലേമിലെയും മൂകാംബികയിലേയും മണ്ണ് കാരുണ്യം എന്ന ഈ വീട്ടില്‍ ഉണ്ട്. ഇടയ്ക്ക് പേരിലെ ജാതിപ്പേര് ഉപേക്ഷിച്ചു. എന്താണ് നിലപാട്?

നമ്മള്‍ ജാതിയെപറ്റിയും മതത്തെ പറ്റിയും വലിയ പൊങ്ങച്ചം പറയുന്നത് റോഡില്‍ മാത്രമാണ്. ഞാന്‍ വലിയ മതേതര വാദിയാണെന്നെല്ലാം. വീട്ടില്‍ തോന്നിയപ്പോലെയാണ്. വീട്ടില്‍ കാണിക്കാതെ പുറത്തുകാണിച്ചിട്ട് ഒരു കാര്യവുമില്ല. അനുഷ്ഠിക്കാത്ത ഒരാള്‍ പറഞ്ഞിട്ട് കാര്യമില്ല. അനുഷ്ഠാനമാണ് ആദ്യത്തെ കാര്യം. ഞാന്‍ പറയുന്നത് അനുഷ്ഠിക്കും. ജീവിതംകൊണ്ട് കാണിക്കണം. അല്ലാതെ പുറത്തു പറഞ്ഞ് നടന്നിട്ട് ഒരു കാര്യവുമില്ല. അത് വെറുതേ ചാറ്റല്‍ മഴ വന്നുപോകുന്നപോലെയാണ്. ആരുമറിയില്ല. അത് വെറുതേയാണെന്ന് ആളുകള്‍ക്ക് മനസ്സിലാവും. കാഴ്ച്ചപ്പാട് വിശാലമാവണം. അത് കുടുംബത്തില്‍ നിന്ന് തുടങ്ങുകയും വേണം. കുട്ടികളോടും ഭാര്യയോടും മോശമായിട്ട് പെരുമാറുന്ന ഒരാള്‍ക്ക് പുറമേയുള്ളവരോട് എങ്ങനെ നന്നായിട്ട് പെരുമാറാന്‍ പറ്റും. അവരുടെ കുട്ടികള്‍ ഇത് കണ്ടല്ലേ പഠിക്കുന്നത്. അതാണ് കാര്യം. എല്ലാം അവനവന്‍ അനുഷ്ഠിക്കുക. ഞാന്‍ പാട്ടെഴുതുമ്പോള്‍ ഏറ്റവും നന്നായിട്ട് ശ്രമിക്കും. സന്ദര്‍ഭത്തിനും കഥയ്ക്കും സംവിധായകന്റെ മനസ്സിനും അനുയോജ്യമായിട്ടായിരിക്കും അത്. സംവിധായകന്റെ മനസ്സിനു പകരമായിട്ടാണ് ഞാന്‍ എഴുതുന്നത്. ഞാന്‍ കവിത എഴുതിയിട്ട് അത് പാട്ട് ആക്കുന്നതല്ല. അതാണ് അതിന്റെ വ്യത്യാസം.

 • പദസമ്പത്ത് ഒരു വലിയ ഘടകമാണ്. ലളിത പദ സമ്പത്ത്‌പോലെ തന്നെ അല്‍പ്പം കട്ടിയുള്ള പദങ്ങളും സാര്‍ പാട്ടില്‍ കൊണ്ടുവന്നു. ഇങ്ങനെ കൊണ്ടുവരുന്ന സമയത്ത് ഒരു ആശങ്ക ഉണ്ടായിരുന്നില്ലേ.. ഇതെന്താണെന്ന് പ്രേക്ഷകര്‍ സംശയിക്കുമോ എന്ന്?

പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ പൂച്ചയ്ക്ക് പകരം പൂശകന്‍ എന്നു ഉപയോഗിച്ചു. ചിലരത് ചോദ്യം ചെയ്തപ്പോള്‍ കുഞ്ചന്‍ നമ്പ്യാര്‍ നിങ്ങള്‍ക്കത് മനസ്സിലായില്ലേ പൂച്ചയാണെന്ന് അതേ ഞാന്‍ ഉദ്ദേശിച്ചുള്ളു എന്ന് പറഞ്ഞു. അത്‌പോലെ അത്രയേ ഉള്ളു കാര്യം. കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി എന്നെഴുതിയപ്പോള്‍ ഒരു നിരൂപകന്‍ കണ്ണീരിനു പൂവുണ്ടോ, ആ പൂവിന് കവിളുണ്ടോ എന്നൊക്കെ ചോദിച്ചു. അവനെപ്പോലുള്ള ആള്‍ക്കാരോട് നമുക്ക് സംസാരിക്കേണ്ട കാര്യമില്ല. ആ പാട്ട് എന്ത് വികാരമാണ് നല്‍കുന്നതെന്ന് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. പറഞ്ഞ് കൊടുത്താല്‍ നമ്മുടെ കഴിവ് ഇല്ലാതെയാവും. അത് പറയാതെ തന്നെ മനസ്സിലാവണം. അതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

 • സംഗീത സംവിധാനമാണൊ രചനയാണൊ ഏറ്റവും കൂടുതല്‍ ആത്മസംതൃപ്തി നല്‍കിയത്?

രണ്ടും ആത്മസംതൃപ്തി നല്‍കിയിട്ടുണ്ട്. എപ്പോഴും ഇതെല്ലാം പറ്റുന്നതാണ് എന്നാണ് കാവാലം പറയാറ്. കാരണം ഒരു കലത്തിലെ വറ്റ് ഒരെണ്ണമേ നോക്കേണ്ടതുള്ളു. അല്ലാതെ അമ്മ എല്ലാ വറ്റും നോക്കാറില്ല. ഒരെണ്ണം നോക്കിയാല്‍ മതി, ആ താളമാണ് എല്ലാത്തിനും.

 • ആകര്‍ഷിച്ച സിനിമ ഏതാണ്..

ഇത്രയും ഫീലോട്കൂടി ചെയ്യാന്‍ പറ്റിയതില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച സിനിമ ദേശാടനമാണ്. കാരുണ്യം, കളിയാട്ടം, ജാനകി കുട്ടി എന്നീ സിനിമകളും അങ്ങനെതന്നെയാണ്.

 • കളിയാട്ടത്തിലെ ഗാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായാണ് ഫാസ്റ്റ് ഗാനമായ ലജ്ജാവതി. എങ്ങനെയാണ് ?

അത്തരത്തിലുള്ള സബ്ജക്ടാണത്. ആ ഫാസ്റ്റ് നമ്പേഴ്‌സ്‌പോലും ഞാനിപ്പോള്‍ കേട്ടുപോകാറുണ്ട്. ഞാന്‍ ഉദ്ദേശിച്ച സാധനങ്ങളൊക്കെ അതിനകത്ത് ഉണ്ട്. ആള്‍ക്കാര്‍ക്ക് അത് മനസ്സിലാവുന്നുമുണ്ട്. അന്തിക്കടപ്പുറത്തൊക്കെ അതില്‍പ്പെട്ടതാണ്. ലജ്ജാവതി ട്യൂണ്‍ ചെയ്താണ് ഞാന്‍ എഴുതിയത്. ട്യൂണ്‍ ചെയ്തിട്ടുപോലും നമുക്കതില്‍ കോംപ്രമൈസ് ചെയ്യാന്‍ പറ്റും. അങ്ങനെയാണ് ഞാന്‍ എഴുതിയത്. നമ്മള്‍ എങ്ങനെയാണ് എഴുതിയത് എന്ന് ആരും ചോദിക്കില്ല. എന്താണ് ആ പാട്ട് എന്നേ നോക്കുള്ളു. എന്താണൊ അവസാന ഔട്ട്പുട്ട് അതാണ് അതിന്റെ റിസല്‍ട്ട്.

 • പുതിയ കാലത്ത് ഒരുപാട് പാട്ടുകാരുണ്ട്. സാര്‍ കേള്‍ക്കാറുണ്ടോ..

തീര്‍ച്ചയായും. ഹരി നാരായണന്‍ കഴിവുള്ളൊരു കുട്ടിയാണ്. അയാള്‍ക്ക് ബാക്ക്ഗ്രൗണ്ടൊക്കെ കറക്ടാണ്. പക്ഷെ അയാള്‍ക്ക് അതിന് പറ്റിയ അവസരം കിട്ടിയിട്ടുണ്ടോ എന്ന് എനിക്ക് അറിഞ്ഞുകൂട. പക്ഷെ മിടുക്കനാണ്. നല്ല വേദഞ്ജനാണ്, സംസ്‌കൃതം അറിയാം. നല്ല ഭാഷ അറിയാം. ഇപ്പോഴുള്ള എല്ലാവരും നല്ല ആള്‍ക്കാര്‍ തന്നെയായിരിക്കും. പക്ഷെ എനിക്കത്രയേ ബന്ധമുള്ളു. അത്ര വിശാലമായ ബന്ധമില്ല.

 • പുതിയ കാലത്തെ സംഗീത സംവിധായകരെക്കുറിച്ച്..

പണ്ട് സംഗീത സംവിധായകര്‍ക്കെല്ലാം സ്വതന്ത്രമായ ചില സങ്കല്‍പ്പങ്ങളുണ്ടായിരുന്നു. അവരവരുടെതായ വഴി. ജോണ്‍സന്റെയും രവീന്ദ്രന്‍ മാഷിന്റെയും പാട്ട് കേട്ടാല്‍ മനസ്സിലാവും. ഇന്നിപ്പോള്‍ അതുണ്ടോ എന്ന് അറിയില്ല. എല്ലാ വര്‍ക്കും ഒരുപോലെയാണ്. ഭരതന്റെ സിനിമപോലെ മറ്റൊരു സിനിമ ഇന്നാര്‍ക്കും സങ്കല്‍പ്പിക്കാന്‍ പറ്റില്ല. ഒറ്റ ഷോട്ട് മതി അപ്പോള്‍ അത് പിടികിട്ടും.

 • സ്വന്തമായി ഒരു ശൈലി ഉണ്ടായാല്‍ തന്നെ കലാകാരനെ അടയാളപ്പെടുത്താന്‍ പറ്റുമോ?

അപ്പോഴെ ആവുള്ളു. അല്ലെങ്കില്‍ ഒഴുക്കില്‍ നീങ്ങുന്ന ഒരു പൊന്തന്‍ തേങ്ങയാണ് നമ്മള്‍ എന്നേ പറയാന്‍ പറ്റു. അതിനു പകരം ഉള്‍ക്കനമുള്ള ഒരു സംഭവമായി മാറണം. അതിനുള്ള ശ്രമവും വേണം.

 • മകന്‍ ദീപാങ്കുരന്റെ പാട്ടും മറ്റു വഴികളുമെങ്ങനെയാണ്?

ദീപു നന്നായിട്ട് ചെയ്യുന്നുണ്ട്. നല്ല സംഗീത ജ്ഞാനമുണ്ട്. വേണ്ടപോലെ എല്ലാം അവനെ ഞാന്‍ പഠിപ്പിച്ച് വിട്ടിട്ടുണ്ട്. അല്ലാതെ അവന്റെ പുറകേ നടന്നിട്ട് എങ്ങനെയെങ്കിലും അവനെ ഞാന്‍ പൊക്കാന്‍ നോക്കാറില്ല. അവനും എന്റെ പേര് പറഞ്ഞിട്ട് ഒന്നും നോക്കാറില്ല. നമ്മള്‍ അവര്‍ക്ക് വേണ്ട വിദ്യാഭ്യാസമാണ് ചെയ്ത് കൊടുക്കേണ്ടത്. അത് ഞാന്‍ കൊടുത്തിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ അവന് സംഗീതം പകര്‍ന്നു കൊടുത്തു. സാഹിത്യവും സംഗീതവുമായിട്ടുള്ള ബന്ധം പറഞ്ഞ് കൊടുത്തിട്ടുണ്ട്. അവന് താല്‍പ്പര്യം മ്യൂസിക്ക് ഡയറക്ഷനാണെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. അവന് ഞാന്‍ സ്റ്റുഡിയോ ഉണ്ടാക്കിക്കൊടുത്തു. എന്റെ സിനിമ ഞാന്‍ അവനെകൊണ്ട് തന്നെ വര്‍ക്ക് ചെയ്യിപ്പിച്ചു. നന്നായിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടേ ഞാന്‍ അവനെ വിട്ടിട്ടുള്ളു. അതാണ് നമുക്ക് ചെയ്യാന്‍ പറ്റുന്നത്. മകനാണ് പരിഗണിക്കണമെന്ന് എന്റെ അടുത്ത സുഹൃത്തുക്കളോട് പോലും ഞാന്‍ പറഞ്ഞിട്ടില്ല. ജയരാജന്‍ അത് അറിഞ്ഞ് ചെയ്തതാണ്.

 • കലാകേന്ദ്രവും മ്യൂസിക്ക് തെറാപ്പിയും മറ്റു കാര്യങ്ങളും?

നന്നായിട്ട് പോകുന്നുണ്ട്. മ്യൂസിക്ക് തെറാപ്പിയില്‍ ഇനിയും കുറേ പരീക്ഷണങ്ങള്‍ ചെയ്യാനുണ്ട്. അത് നന്നായി വരും. എന്റെ അടുത്ത ഫുള്‍ പ്രോഗ്രാം എന്നു പറയുന്നത് മ്യൂസിക്ക് തെറാപ്പിയാണ്. ഇനി അത്രത്തോളം ശ്രദ്ധ ഞാന്‍ വേറൊന്നിനും കൊടുക്കിന്നില്ല .

 • സിനിമയുമായിട്ട് ബന്ധപ്പെട്ടുള്ള എന്തെങ്കിലും ഒരു പദ്ധതി മനസ്സില്‍ രൂപപ്പെട്ടിട്ടുണ്ടോ ?

എന്റെ സിനിമ ഇറങ്ങിയിട്ടേ അടുത്തത് ഞാന്‍ തുടങ്ങൂ. സിനിമ ഇറങ്ങാതെ ഞാന്‍ അതിനേപറ്റി പറയില്ല എന്നു വെച്ചിട്ടാണ്. സിനിമ ഇറങ്ങട്ടെ. എന്നാലും എന്റെ മനസ്സില്‍ ഉണ്ട്. വലിയ കലാകാരന്‍മാരുടെ ഡേറ്റും ഉണ്ട്. പക്ഷെ ഞാന്‍ അത് തുടങ്ങണമെങ്കില്‍ ഈ ചിത്രം പുറത്തിറങ്ങണം. ഉടനെ ചിത്രം റിലീസ് ചെയ്യും.