ഞാനിന്ന് ജീവനോടെ ഇരിക്കുന്നതിന് ഒരു കാരണം ഈ അമ്മയുടെ സ്‌നേഹമാണ്; മംമ്ത

അര്‍ബുദത്തെ ആത്മവിശ്വാസം കൊണ്ട് പരാജയപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുവന്നയാളാണ് നടി മംമ്ത മോഹന്‍ദാസ്. 2009 ലാണ് മംമ്തയ്ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ഇപ്പോഴിതാ തന്റെ ജീവിതം തിരിച്ചുകിട്ടാന്‍ കാരണക്കാരിയായ ഒരു അമ്മയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെടുത്തുകയാണ് താരം. അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള മംമ്തയുടെ കുറിപ്പ് ഇങ്ങനെ:

‘അമേരിക്കയില്‍ അര്‍ബുദരോഗ ഗവേഷകനായ തന്റെ മകനോട് അവരുടെ പ്രിയപ്പെട്ട നടിയുടെ ആരോഗ്യം എങ്ങനെയെന്ന് അന്വേഷിക്കാനും ചെന്ന് കാണാനും ഏഴ് വര്‍ഷം മുമ്പ് നിര്‍ദ്ദേശിച്ചത് ഈ അമ്മയാണ്. ഞാനിന്ന് ജീവനോടെ ഇരിക്കുന്നതിന് ഒരു കാരണം ഈ അമ്മയുടെ സ്‌നേഹമല്ലേ.. നീല്‍ ശങ്കറിനെ കുറിച്ച് ഞാന്‍ ലേഖനങ്ങളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്റെ അമ്മയെ എന്റെ അടുത്തേയ്ക്ക് കൊണ്ടുവന്നു. അതൊരു പ്രത്യേക വികാരമായിരുന്നു. നിങ്ങള്‍ക്കറിയാമോ ചില വികാരങ്ങള്‍ പ്രകടിപ്പിക്കാനാകില്ല. എങ്ങനെയാണ് പ്രതികരിക്കുകയെന്ന് എനിക്ക് അറിയില്ല. പുഞ്ചിരിയും കരച്ചിലും ഒന്നിച്ചു വന്ന നിമിഷങ്ങള്‍… കടപ്പാട് നിറഞ്ഞ നിമിഷങ്ങള്‍.. നന്ദി അമ്മേ..’ എന്ന് മംമ്ത മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചു