തിരഞ്ഞെടുപ്പിനും കടുവയിറങ്ങി

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുതുമായുമായി മുന്നേറുകയാണ് മുന്നണികള്‍. ബേഡഡുക്ക മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണമാണ് ശ്രദ്ധേയമാകുന്നത്. പഞ്ചായത്തിലെ ന്യൂജെന്‍ യുവാക്കളുടെ കൂട്ടായ്മയാണ് സിനിമയെ കൂട്ടുപിടിച്ച് പ്രചരണത്തില്‍ സജീവമായിട്ടുള്ളത്. പൃഥ്വിരാജിന്റെ ‘കടുവ’ സിനിമയുടെ പോസ്റ്ററിലെ കടുവക്കുന്നേല്‍ കുറുവച്ചന്‍ സ്‌റ്റൈലിലുള്ള ഫോട്ടോ ന്യൂജെന്‍ ഏറ്റെടുത്തു കഴിഞ്ഞു.

നാരായണേട്ടന്‍ ഒരു കര്‍ഷകനാണ്. സിനിമപോലും കാണാത്ത നാരായണേട്ടനെ പിള്ളേരാണ് പോസ്റ്ററിലാക്കിയത്. പൃഥ്വിരാജോ,കടുവയുടെ പോസ്റ്ററോ ഒന്നും നാരായണേട്ടന്‍ കണ്ടിട്ടില്ല. പിളേളര് നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ പുള്ളിക്കാരന്‍ പോസ് ചെയ്തു. സംഗതിയേതായാലും വൈറലായി.