‘ജീവിതത്തില്‍ ഒരു സൂപ്പര്‍താരത്തിനെയും ഞാന്‍ ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല’, അനുഭവം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

ഇളയ ദളപതി വിജയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. വിജയ്‌യെ ആദ്യമായി കണ്ട അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്. തന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിലെ പ്രസാദ് ലാബില്‍ നടന്നപ്പോഴാണ് വിജയ്‌യെ കണ്ടെതെന്നും അടുത്ത് ചെന്ന് പേടിയോടെ സംസാരിച്ചെന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. താരജാഡകളില്ലാത്ത പച്ചയായ മനുഷ്യനാണ് വിജയ് എന്നും, ഇന്നും അദ്ദേഹം തമിഴ്‌നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി നിലകൊള്ളുകയാണെന്നും ഉണ്ണി പറയുന്നു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിലെ പ്രസാദ് ലാബില്‍ നടന്നിരുന്നു.അത് കണ്ട് എല്ലാവരോടും സംസാരിച്ചു വെളിയിലോട്ട് ഇറങ്ങുമ്പോള്‍ ആണ് മുടിയൊക്കെ പറ്റ വെട്ടി ഒരു സാധാരണ കണ്ണാടിയും വെച്ച് മതിലില്‍ ചാരി നില്‍ക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടത്. ഏകദേശം പത്ത് പതിനഞ്ച് മിനിറ്റോളം ഞാന്‍ അവിടെ നിന്ന് അദ്ദേഹത്തെ നോക്കി.

ഒടുവില്‍ സംശയം തോന്നി അടുത്തേക്ക് ചെന്ന് അല്‍പ്പം പേടിയോടെ തന്നെ ഞാന്‍ ചോദിച്ചു ‘വിജയ്’ സാര്‍ അല്ലേ. ചിരിച്ചുകൊണ്ട് അദ്ദേഹം അതെ എന്ന് മറുപടി പറഞ്ഞു. ഒരു നിമിഷം ഞാന്‍ അങ്ങ് ഞെട്ടിത്തരിച്ചുപോയി. ഞാന്‍ അദ്ദേഹത്തിന്റെ എത്രത്തോളം വലിയ ഫാന്‍ ആണെന്ന് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാന്‍ ഉള്ള തത്രപാട് കണ്ട് അദ്ദേഹം തന്നെ ഒന്ന് ചിരിച്ചു.

അന്ന് ഒരു ഫോണ്‍ പോലും എന്റെ കൈയില്‍ ഇല്ലാതിരുന്നത് കൊണ്ട് ഒരു ഫോട്ടോ പോലും എടുക്കാന്‍ സാധിച്ചില്ല. താന്‍ ദിലീപേട്ടന്റെ ബോഡിഗാര്‍ഡ് എന്ന സിനിമയുടെ പ്രിവ്യൂ കാണാന്‍ വന്നതാണെന്നും അത് റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നോട് പറഞ്ഞു. പരസ്പരം ആശംസകള്‍ നേര്‍ന്നു ഞങ്ങള്‍ ഇരുവരും പിരിഞ്ഞു. വിജയ് സാര്‍ പിന്നീട് കാവലന്‍ എന്ന പേരില്‍ ബോഡിഗാര്‍ഡ് ചെയ്ത് സൂപ്പര്‍ ഹിറ്റ് ആക്കി എന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായി.

ജീവിതത്തില്‍ ഒരു സൂപ്പര്‍താരത്തിനെയും ഞാന്‍ ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല. അത്രയ്ക്കും ഒരു പച്ച മനുഷ്യന്‍ ആയാണ് അദ്ദേഹം അവിടെ നിന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും അദ്ദേഹം തമിഴ്‌നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി നിലകൊള്ളുന്നു. വിജയ് എന്ന സൂപ്പര്‍ താരത്തെ ആരാധിച്ചിരുന്ന ഞാന്‍ അന്നുതൊട്ട് വിജയ് എന്ന മനുഷ്യനെയും ആരാധിക്കാന്‍ തുടങ്ങി. ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ അണ്ണാ.. All the Best For Bigil Sir..