തമാശകളിലൂടെ ചിന്തിപ്പിച്ച് ജ്യോ..കാട്രിന്‍ മൊഴി ട്രെയിലര്‍

ജ്യോതിക നായികയായി എത്തുന്ന പുതിയ ചിത്രം ‘കാട്രിന്‍ മൊഴി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിദ്യാ ബാലന്‍ ചിത്രം തുമ്ഹാരി സുലുവിന്റെ തമിഴ് പതിപ്പാണ് കാട്രിന്‍ മൊഴി. മൊഴിയിലൂടെ ജ്യോതികയ്ക്ക് വന്‍ ഹിറ്റ് നേടിക്കൊടുത്ത രാധാ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജ്യോതികയുടെ തമാശകള്‍ തന്നെയാണ് സിനിമയുടെ ആകര്‍ഷണമെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ക്ക് പ്രതീഷിക്കാം.

റേഡിയോ ജോക്കിയാകാന്‍ ശ്രമിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്ന വിജയലക്ഷ്മി എന്ന വീട്ടമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. വിഥാര്‍ത്താണ് ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത്.നടി ലക്ഷ്മി മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രംകൂടിയാണ് കാട്രിന്‍ മൊഴി. റേഡിയോ ചാനലിന്റെ മേധാവിയായാണ് ലക്ഷ്മി മഞ്ജു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മനോബാല, ഉമ പത്മനാഭന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് എ.എച്ച് കാഷിഫ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. മഹേഷ് മുത്തുസാമിയാണ് ഛായാഗ്രഹണം.

ചിത്രത്തില്‍ ചിമ്പു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഈ വര്‍ഷം ആദ്യമിറങ്ങിയ സംവിധായകന്‍ ബാലയുടെ നാച്ചിയര്‍ എന്ന ചിത്രത്തിന് ശേഷം ജ്യോതിക അഭിനയിക്കുന്ന ചിത്രംകൂടിയാണ് കാട്രിന്‍ മൊഴി. നവംബര്‍ 16 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.