
മലയാള സിനിമയുടെ വില്ലൻ കഥാപാത്രങ്ങളിലേക്കുറ്റു നോക്കുമ്പോൾ സിനിമയുടെ ചരിത്രതാളുകളിലൂടെ കണ്ണോടിക്കുന്ന ഏതൊരു ചലച്ചിത്ര പ്രേമിയുടെയും മനസ്സ് ഒരു നിമിഷം കോഴിക്കോട്ടുകാരനായ കെ പി ഉമ്മർ എന്ന സുന്ദരൻ വില്ലന്റെ ഓർമ്മകളിൽ ചെന്നുനിൽക്കും. അഭിനേതാവിന്റെ സൗന്ദര്യവും വില്ലത്തരവും ഒരേ അളവിൽ ആവാഹിച്ച് സ്ക്രീനിൽ വിസ്മയം തീർത്ത കെ.പി. ഉമ്മർ മലയാളികളുടെ ഹൃദയത്തിൽ വരച്ചിട്ടത് മറ്റാർക്കും തിരുത്താനാകാത്ത ഒരു ഭാവചിത്രമാണ്. ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് 25 വയസ്സ് പൂർത്തിയാകുമ്പോൾ ആ വലിയ കലാകാരന്റെ ജീവിതവും അഭിനയവഴികളും വീണ്ടും ചർച്ചയാവുകയാണ്. നാടകവേദിയുടെ തീച്ചൂളയിൽ തട്ടിയെടുത്തു രൂപപ്പെടുത്തിയ ആ അഭിനയമികവ് വെള്ളിത്തിരയിൽ സൃഷ്ടിച്ച തരംഗം ഇന്നും ഏതൊരു അഭിനയമോഹിക്കും അസാധ്യം. മലയാളത്തിന്റെ എലകന്റ് സ്റ്റാറിന് സെല്ലുലോയ്ഡിന്റെ ഓർമപ്പൂക്കൾ.
മലയാള സിനിമയിൽ നായകനേക്കാൾ ഗാംഭീര്യമുള്ള, വില്ലന്റെ സാന്നിധ്യം അടയാളപ്പെടുത്തിയത് ഉമ്മറിലൂടെയായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല.മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ കോഴിക്കോടുള്ള തെക്കേപ്പുറത്ത് കാച്ചിനംതൊടുക പുതിയപുരയിൽ ഉമ്മർ എന്ന കെ.പി. ഉമ്മറിന്റെ ജനനം 1930 ഒക്ടോബർ 11-നായിരുന്നു. ടി. മുഹമ്മദ് കോയയുടെയും ബീവിയുടെയും മകനായി ജനിച്ച ഉമ്മറിന്റെ കുട്ടിക്കാലം നാടകീയതകൾ നിറഞ്ഞതായിരുന്നു. പഠനകാലത്ത് ഫുട്ബോൾ കളിയിലായിരുന്നു അദ്ദേഹത്തിന് ഏറെ താത്പര്യം. പിതൃസഹോദരനും പ്രശസ്ത ഒളിമ്പ്യനുമായ റഹ്മാൻ തന്നെയായിരുന്നു കുഞ്ഞുമ്മറിന് കായികരംഗത്തേക്ക് വരാൻ പ്രചോദനമായത്. എന്നാൽ വിധിവരച്ച വഴി കളിത്തട്ടിലായിരുന്നില്ല, പകരം അരങ്ങിലെ വെളിച്ചത്തിലായിരുന്നു. പതിമൂന്നാം വയസ്സിൽ മനസ്സിൽ കടന്നുകൂടിയ നാടകഭ്രമം ജീവിതാവസാനം വരെ അദ്ദേഹം നെഞ്ചിലേറ്റി.
പതിനേഴാം വയസ്സിൽ ‘ആരാണ് അപരാധി’ എന്ന നാടകത്തിൽ ജമീല എന്ന സ്ത്രീവേഷം അവതരിപ്പിച്ചാണ് അദ്ദേഹം അരങ്ങിലെത്തുന്നത്. ആ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കെ.പി.എ.സി. ഉൾപ്പെടെയുള്ള പ്രശസ്തമായ പ്രൊഫഷണൽ നാടക സമിതികളിൽ സജീവമായി. കെ.ടി. മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്’ എന്ന നാടകത്തിൽ അറുപതിനും എൺപതിനും മീതെ പ്രായമുള്ള ഹാജിയാരായി ഉമ്മർ ചെയ്ത പരകായപ്രവേശം അദ്ദേഹത്തിന്റെ കലാജീവിതത്തിലെ വലിയൊരു നാഴികക്കല്ലായി മാറി. കെ.പി.എ.സി.യുടെ പ്രസിദ്ധമായ ‘അശ്വമേധം’ നാടകത്തിൽ ഡോക്ടർ തോമസായി വേഷമിട്ട് അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. സിനിമയുടെ തിരക്കുകൾക്കിടയിലും നാടകപ്രവർത്തകരുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കാനും വേദിയിൽ തിരിച്ചെത്താനും അദ്ദേഹം എന്നും സമയം കണ്ടെത്തിയിരുന്നു.
1956-ൽ പുറത്തിറങ്ങിയ ‘രാരിച്ചൻ എന്ന പൗരൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഉമ്മറിന്റെ ചലച്ചിത്ര അരങ്ങേറ്റം. അറുപതുകളുടെ തുടക്കം മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ നാല് പതിറ്റാണ്ടോളം മലയാള സിനിമയിൽ കെ.പി. ഉമ്മർ നിറഞ്ഞുനിന്നു. നിത്യഹരിത നായകൻ പ്രേം നസീറിന്റെ എതിരാളിയായി, സൗന്ദര്യവും തന്റേടവും ഒത്തുചേർന്ന വില്ലൻ വേഷങ്ങളിൽ ഉമ്മർ തിളങ്ങി. നസീർ-ഉമ്മർ കൂട്ടുകെട്ട് ആ കാലഘട്ടത്തിലെ ബോക്സ് ഓഫീസിന്റെ വിജയസൂത്രമായിരുന്നു. മീശ പിരിച്ചും കണ്ണുരുട്ടിയും മാത്രം വില്ലത്തരം കാണിച്ചിരുന്ന അന്നത്തെ ശൈലിയെ തിരുത്തിക്കുറിച്ചു കൊണ്ട്, തന്മയത്വമുള്ള സംഭാഷണരീതിയും ആകർഷകമായ രൂപവും കൊണ്ട് വില്ലൻ വേഷങ്ങൾക്ക് പുതിയൊരു ഭാഷ്യം എഴുതാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ വെറുമൊരു വില്ലൻ നടനിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതിഭ.
1967-ൽ പി. വേണു സംവിധാനം ചെയ്ത ‘ഉദ്യോഗസ്ഥ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വഭാവ നടന്റെ വേഷങ്ങളിലേക്ക് ചുവടുവെച്ചു. തുടർന്ന് ഉമ്മ, നഗരമേ നന്ദി, കടൽപ്പാലം, അരനാഴികനേരം, പഞ്ചവടിപ്പാലം, മുറപ്പെണ്ണ്, ഖദീജ, ഭാര്യമാർ സൂക്ഷിക്കുക, തോക്കുകൾ കഥ പറയുന്നു, റെസ്റ്റ് ഹൗസ്, മൂലധനം, ചട്ടമ്പിക്കവല, കണ്ണൂർ ഡീലക്സ്, കാട്ടുകുരങ്ങ് തുടങ്ങി എത്രയോ ചിത്രങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിച്ചു. ക്രൂരനായ വില്ലനായി പ്രേക്ഷകരെ ഭയപ്പെടുത്തുമ്പോഴും ‘കരുണ’ എന്ന ചിത്രത്തിൽ ശാന്തതയുടെയും പ്രശാന്തതയുടെയും പ്രതീകമായ ഉപഗുപ്തനായി വേഷമിട്ട് അദ്ദേഹം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. വില്ലത്തരവും കരുണയും ഒരുപോലെ തന്നിൽ ഭദ്രമാണെന്ന് ആ നടൻ തെളിയിച്ചു. ‘കല്ലുകൊണ്ടൊരു പെണ്ണ്’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
കലാജീവിതത്തിലെ നിലപാടുകൾ കൊണ്ടും ഉമ്മർ വേറിട്ടുനിന്നു. പ്രതിസന്ധിഘട്ടങ്ങളിലും ആരിൽനിന്നും സഹായങ്ങൾ സ്വീകരിക്കാനും സമ്പത്തിന് പുറകെ പോകാനും അദ്ദേഹം തയ്യാറായിരുന്നില്ല. സ്വാഭിമാനവും ആത്മാഭിമാനവും എന്നും ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ അത് വേണ്ടെന്നുവെച്ച കേരളത്തിലെ ആദ്യത്തെ നടൻ കൂടിയാണ് കെ. പി. ഉമ്മർ. പുരസ്കാരങ്ങളേക്കാൾ പ്രേക്ഷകരുടെ മനസ്സിലെ സ്നേഹത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. എങ്കിലും സംഗീത നാടക അക്കാദമി അവാർഡ്, തിക്കോടിയൻ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി ‘ഓർമ്മകളുടെ പുസ്തകം’ എന്ന പേരിൽ അദ്ദേഹം ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. 2001 ഒക്ടോബർ 29-ന് വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് 67-ാം വയസ്സിൽ ചെന്നൈയിൽ വെച്ചായിരുന്നു ആ മഹാനടന്റെ വേർപാട്. എങ്കിലും, മലയാള സിനിമാസ്വാദകരുടെ മനസ്സിൽ എന്നും ആ ഗാംഭീര്യമുള്ള ശബ്ദവും വശ്യമായ പുഞ്ചിരിയും മായാതെ നിൽക്കുന്നു. മലയാള വെള്ളിത്തിര കണ്ട ഏറ്റവും സുന്ദരനായ വില്ലനായി, പ്രതിഭയുള്ള കലാകാരനായി കെ.പി. ഉമ്മർ ഇന്നും ഓർമ്മകളിൽ ജീവിക്കുന്നു.