
ഡി.എം.കെ ഭരണകാലത്തെയും താരകുടുംബത്തെയും ബന്ധപ്പെടുത്തിക്കൊണ്ട് വന്ന പരിഹാസത്തിന് തക്കതായ മറുപടി നൽകി നടി ജ്യോതിക. ഡി.എം.കെ അധികാരം ഒഴിഞ്ഞ പശ്ചാത്തലത്തിൽ, ഇനി ജ്യോതികയും കുടുംബവും ഓരോ വിഷയങ്ങളിലും പ്രതികരിച്ചുകൊണ്ട് പണം സമ്പാദിക്കാൻ ഇറങ്ങുമെന്നായിരുന്നു ഒരാളുടെ പരിഹാസം.
“അക്കാ, ഇനി നിങ്ങൾ ആക്ടിവിസത്തിന് തയാറെടുക്കണം. ഡി.എം.കെ അധികാരത്തിൽ നിന്നും പുറത്തായിരിക്കുന്നു. ഇനി എല്ലാ വിഷയങ്ങളിലും കരഞ്ഞുകൊണ്ട് നിങ്ങൾക്കും കുടുംബത്തിനും നന്നായി പണം ഉണ്ടാക്കാം. ഡി.എം.കെ ഭരണകാലത്ത് നിങ്ങൾ ഇതെല്ലാം മറന്നിരിക്കുകയായിരുന്നു, ” എന്നായിരുന്നു ‘ഇൻറലിജന്റ്റ് ഫുൾ’ എന്ന പ്രൊഫൈലിൽ നിന്ന് വന്ന കമന്റ്.
എന്നാൽ ഈ നീണ്ട കുറ്റപ്പെടുത്തലിന് ഒരൊറ്റ വരിയിലാണ് ജ്യോതിക മറുപടി നൽകിയത്. “ഇന്റലിജന്റ്റ് ഫുൾ എന്നത് നിങ്ങൾക്ക് അനുയോജ്യമായ പേര് തന്നെയാണ്,” എന്നായിരുന്നു താരത്തിൻ്റെ മറുപടി. തന്റെ പ്രൊഫൈലിന് നൽകിയ പേര് പോലെ തന്നെ ബുദ്ധിയുള്ള വിഡ്ഢിയായാണ് അയാൾ പെരുമാറുന്നതെന്ന് ജ്യോതിക പരോക്ഷമായി പരിഹസിക്കുകയായിരുന്നു.
ജ്യോതികയുടെ മറുപടി വൈറലായതോടെ താരത്തെ പിന്തുണച്ച് നിരവധി ആരാധകർ രംഗത്തെത്തി. അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ നോക്കിയവർക്ക് ഇതിലും നല്ല മറുപടി നൽകാനില്ലെന്നാണ് ആരാധകരുടെ പക്ഷം.