
മലയാളം സിനി ടെക്‌നീഷ്യൻസ് കോപ്പറേറ്റീവ് സൊസൈറ്റി (മാക്ടോസ്) 20-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ, സംഘടന പിന്നിട്ട കനൽവഴികൾ ഓർത്തെടുത്ത് സംവിധായകൻ വിനയൻ. ഡ്രൈവർമാരുടെ ബാറ്റ വർധിപ്പിക്കാൻ സിനിമാ മേഖല സ്തംഭിപ്പിച്ച് നടത്തിയ സമരവും തുടർന്നുണ്ടായ പ്രതികാര നടപടികളും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.
2007-ൽ കേരള സർക്കാരിന്റെ അംഗീകാരത്തോടെ സിനിമാ പ്രവർത്തകർക്കായി ആരംഭിച്ച ആദ്യ സഹകരണ പ്രസ്ഥാനമാണ് മാക്ടോസ്. അന്ന് മന്ത്രിയായിരുന്ന ജി. സുധാകരന്റെ സഹായത്തോടെയാണ് സൊസൈറ്റി രജിസ്റ്റർ ചെയ്തത്. 2007 അവസാനത്തോടെ ഡ്രൈവർമാരുടെ ബാറ്റ 150 രൂപയിൽ നിന്ന് 300 രൂപയാക്കി വർധിപ്പിക്കാൻ മാക്‌ട ഫെഡറേഷൻ നടത്തിയ സമരം വലിയ വിജയമായെങ്കിലും, ഇത് സിനിമാ മേഖലയിലെ പല പ്രമുഖരുടെയും കണ്ണിലെ കരടായി സംഘടനയെ മാറ്റിയെന്ന് വിനയൻ കുറിക്കുന്നു.
പിന്നീട് ഒരു പ്രമുഖ നടൻ കരാർ ലംഘിച്ച വിഷയത്തിൽ മാക്‌ട ഫെഡറേഷൻ ഇടപെട്ടതോടെ സംഘടനയെ തകർക്കാനുള്ള നീക്കങ്ങൾ സജീവമായി. മാക്ടോസ് എന്ന സൊസൈറ്റിയെ തകർക്കാൻ സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവരെ അണിനിരത്തി ബദൽ സൊസൈറ്റി രൂപീകരിച്ചതിനെയും വിനയൻ കുറിപ്പിൽ വിമർശിക്കുന്നുണ്ട്. തന്നോടുള്ള വ്യക്തിപരമായ പകയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
“മാക്ടോസിനു ബദലായി കോടികൾ ഷെയറിടുന്ന ഒരു വമ്പൻ സൊസൈറ്റി അന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. ഞാൻ മുൻകൈ എടുത്ത് തുടങ്ങിയതൊന്നും പാടില്ലെന്ന വാശിയായിരുന്നു അവർക്ക്. എന്നാൽ ആ വമ്പൻ സൊസൈറ്റിയുടെ പൊടിപോലും ഇന്നു കാണാനില്ല. അതിനെക്കുറിച്ച് ആരും മിണ്ടുന്നുമില്ല. പക്ഷേ, ആത്മാർത്ഥതയുള്ള കുറേ പ്രവർത്തകർ ചേർന്ന് മാക്ടോസിനെ ഇന്നും സജീവമായി കൊണ്ടുപോകുന്നു,” വിനയൻ വ്യക്തമാക്കി.
സംഘടനകളുമായുള്ള അകൽച്ച അവസാനിപ്പിക്കാൻ തീരുമാനിച്ചതായും വിനയൻ അറിയിച്ചു. തന്നെ വിലക്കിയവർക്കെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ നടത്തിയ നിയമപോരാട്ടവും അതിൽ ലഭിച്ച വിജയവും ചരിത്രരേഖയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന മാക്ടോസിന് ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
വിനയൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൻ്റെ പൂർണ്ണരൂപം:
മലയാള സിനിമയിലെ സഹകരണ പ്രസ്ഥാനം 20-ാംവർഷത്തിലേക്ക്. 2007-ലാണ് മലയാള ചലച്ചിത്ര മേഖലയിലെ വർക്കേഴ്‌സിൻ്റെ ആദ്യട്രേഡ് യൂണിയൻ ഫെഡറേഷൻ ഉണ്ടാകുന്നത്. ആ വർഷം തന്നെ കേരള സർക്കാരിന്റെ അംഗീകാരത്തോടെ സിനിമാ പ്രവർത്തകർക്കായി ഒരു കോപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റർ ചെയ്യാനും കഴിഞ്ഞു. മലയാളം സിനി ടെക്ക്‌നീഷ്യൻസ് കോപ്പറേറ്റീവ് സൊസൈറ്റി (മാക്ടോസ്) എന്നായിരുന്നു പേരിട്ടത്. അന്ന് സഹകരണ വകുപ്പ് മന്ത്രിയും എൻ്റെ നാട്ടുകാരനുമായ ശ്രീ ജി. സുധാകരനാണ് ആ സൊസൈറ്റി തുടങ്ങാനായി ഞങ്ങളെ ഏറെ സഹായിച്ചത്. സൊസൈറ്റിയുടെ ഉത്ഘാടനത്തിനായി മന്ത്രി എത്തുന്ന ഫോട്ടോയാണ് ഇവിടെ പോസ്റ്റു ചെയ്‌തിരിക്കുന്നത്. ചലച്ചിത്ര പ്രവർത്തകരോടൊപ്പം അന്തരിച്ച പ്രിയ സംവിധായകരായ തമ്പി കണ്ണന്താനത്തിനെയും കെ.കെ. ഹരിദാസിനെയും ചിത്രത്തിൽ കാണാം.
2007 അവസാനത്തോടെ അന്ന് 24 മണിക്കൂർ വണ്ടി ഓടിക്കുമ്പോൾ ഡ്രൈവർമാർക്കു കിട്ടിയിരുന്ന 150 രൂപ ശമ്പളം 300 ആക്കണമെന്ന് മാക് ഫെഡറേഷൻ ആദ്യഡിമാൻ്റ് നോട്ടീസ് കൊടുത്തു. ഒരു രീതിയിലും അത് അനുവദിക്കില്ലന്നു വന്നപ്പോൾ ഇന്ത്യയിലും വിദേശത്തുമായി നടന്ന ഷൂട്ടിങ് ഉൾപ്പടെ മലയാള സിനിമകളുടെ എല്ലാ ജോലികളും നിർത്തിവച്ച് നാലുദിവസം സമരം ചെയ്യേണ്ടി വന്നു. വൻ വിജയമായിരുന്ന ആ സമരത്തിനൊടുവിൽ ഡ്രൈവർമാരുടെ ബാറ്റ 300 രൂപയാക്കി കിട്ടി. ഇതോടെ മലയാള സിനിമയിലെ പല പ്രമുഖരുടെയും കണ്ണിലെ കരടായി മാറി സമരം ചെയ്‌ത മാക്‌ട ഫെഡറേഷൻ.
2008 ആദ്യം ഒരു പ്രമുഖ നടൻ നിർമാതാവുമായി ഇട്ട എഗ്രിമെന്റ്റ് ലംഘിച്ചു എന്ന വിഷയത്തിൽ കൂടി മാക്‌ട ഫെഡറേഷൻ ഇടപെട്ടതോടെ ഇനി ഈ സംഘടനയെ വെച്ചു പൊറുപ്പിക്കില്ല എന്ന് എതിർവിഭാഗം തീരുമാനിച്ചുറച്ചു. അങ്ങനെ 2008 ജൂലൈ മാസം മലയാളസിനിമയിലെ ആദ്യ ട്രേഡ് യൂണിയൻ തകർത്തുകൊണ്ട് പ്രമുഖ സനിമാക്കാരുടെ അനുഗ്രഹാശിസ്സുകളോടെ മാക്‌ട ഫെഡറേഷനിലെ ജോയിൻ്റ് സെക്രട്ടറി ആയിരുന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഫെഡറേഷൻ്റെ അതേ ബൈലോയിൽ പുതിയ പേരിൽ സംഘടന ആരംഭിച്ചു. തൊഴിലാളി സംഘടനയുടെ എതിർ ചേരിയിൽ നിന്ന നിർമാതാക്കളുടെ സംഘടനയും താരസംഘടനയുമാണ് ആ പുതിയ സംഘടനയുടെ രൂപീകരണയോഗത്തിൻ്റെ ചെലവ് പോലും വഹിച്ചതെന്ന സത്യം ഞെട്ടിക്കുന്ന ഒന്നായിരുന്നു. അന്ന് മാക്‌ട ഫെഡറേഷൻ ജനറൽ സെക്രട്ടറി ആയിരുന്ന ഞാൻ മാറി നിൽക്കാം സംഘടന ഇല്ലാതാക്കല്ല് എന്നു പറഞ്ഞിട്ടു പോലും പക മൂത്തു കണ്ണുകാണാതായവർ ചെവിക്കൊണ്ടില്ല.
ഞാൻ പറഞ്ഞു വന്നത് മാക്‌ട ഫെഡറേഷൻ്റെ പേരിനോടു പോലും അലർജി ഉണ്ടായിരുന്നവർ അന്ന് മാക്ടോസ് എന്ന സൊസൈറ്റിയേയും തകർക്കാൻ ശ്രമിച്ചിരുന്നു. അന്നവർ മാക്ടോസിനു ബദലായി സൂപ്പർ താരങ്ങളുൾപ്പടെ കോടികൾ ഷെയറിടുന്ന ഒരു വമ്പൻ സൊസൈറ്റി ഇതേ മന്ത്രി ജി സുധാകരനെ തന്നെ കൊണ്ടുവന്ന് വലിയ ഉത്ഘാടന മാമാങ്കം നടത്തി. എന്നോടുള്ള പകയായിരുന്നു അവരെ പ്രധാനമായും നയിച്ചത്. ഞാൻ മുൻകൈ എടുത്തു തുടങ്ങിയത് ഒന്നും പാടില്ല. പക്ഷേ ആ വമ്പൻ സൊസൈറ്റിയുടെ പൊടിപോലും ഇല്ല ഇപ്പോ കണ്ടു പിടിക്കാൻ. അതിനെപ്പറ്റി ആരും ഒട്ടു മിണ്ടുന്നു പോലുമില്ല.
ആത്മാർത്ഥതയുള്ള കുറേ ചലച്ചിത്ര പ്രവർത്തകർ ചേർന്ന് മാക്ടോസ് ഇന്നും സജീവമായി കൊണ്ടു പോകുന്നു. അതിൽ വളരെ സന്തോഷമുണ്ട്. എന്റെ വിലക്കിനെ നേരിടാനായി ഞാൻ ടെക്നീഷ്യൻസുമായി ബന്ധമുള്ള എല്ലാ സംഘടനകളുമായി അകന്നു നിന്നിട്ടാണ് കേസിനു പോയത്. അതുനിയമോപദേശപ്രകാരമായിരുന്നു.
ഇനിയും ആ അകൽച്ച തുടരേണ്ടതില്ല എന്നാണെന്റെ തീരുമാനം. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്നെ ദ്രോഹിച്ച എല്ലാ മഹാൻമാർക്കും സംഘടനാ നേതാക്കൾക്കും പിഴ ചുമത്തിയതും അവർ സുപ്രീംകോടതിയിൽ അപ്പീൽ പോയപ്പോൾ രൂക്ഷമായ കമൻ്റോടെ ജസ്റ്റീസ് നരിമാന്റെ ബഞ്ച് അവരുടെ ശിക്ഷ ശരിവച്ചതുമൊക്കെ ആ ഒരു പോരാട്ടത്തിന്റെറെ ചരിത്ര രേഖയാണ്. ഏതായാലും 20-ാം വർഷത്തിലേക്കു കടന്ന സിനിമാ തൊഴിലാളികളുടെ സഹകരണ സംഘമായ ‘മാക്ടോസിന്’ ആശംസകൾ നേരുന്നു.