“വധുവിന്റെ മുഖം കണ്ടാലറിയാം നിർബന്ധിച്ചാണ് ഈ വിവാഹമെന്ന്”; മറുപടിയുമായി വധുവിന്റെ സഹോദരി

','

' ); } ?>

നടൻ ജോമോൻ ജോയിയുടെ വിവാഹ വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ നടന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി വധുവിന്റെ കുടുംബം. വിവാഹവേളയിൽ വധു ആഷ്‌ന സന്തോഷവതിയായിരുന്നില്ലെന്നും നിർബന്ധിത വിവാഹമാണെന്നുമുള്ള തരത്തിലുള്ള സൈബർ ട്രോളുകൾക്കാണ് സഹോദരി ആഞ്ജലീന വീഡിയോ സഹിതം വ്യക്തമായ മറുപടി നൽകിയത്.

‘ക്രോണിക് ബാച്ച്‌ലർ’, ‘രാക്ഷസരാജാവ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരവും മാധ്യമപ്രവർത്തകനുമായ ജോമോൻ ജോഷിയും കോട്ടയം സ്വദേശിനിയും സൗദിയിൽ നഴ്‌സുമായ ആഷ്‌ന ആൻഡ്രിയയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. എന്നാൽ പള്ളിയിലെ താലികെട്ട് ചടങ്ങിനിടയിലെ ആഷ്‌നയുടെ ഒരു നിമിഷത്തെ മുഖഭാവം മാത്രം അടർത്തിമാറ്റി ചിലർ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയായിരുന്നു. വധുവിന് വിവാഹത്തിൽ താല്പര്യമില്ലായിരുന്നുവെന്നും മുഖത്ത് വിഷമമാണെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലെ അനാവശ്യ കമന്റുകൾ.

ഈ പ്രചാരണങ്ങൾ ശക്തമായതോടെയാണ് വധുവിന്റെ സഹോദരി ആഞ്ജലീന വിശദീകരണവുമായി രംഗത്തെത്തിയത്. സ്വന്തം വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഏതൊരു പെൺകുട്ടിക്കുമുണ്ടാകുന്ന സ്വാഭാവികമായ വൈകാരിക വിഷമത്തെയാണ് ചിലർ വളച്ചൊടിച്ചതെന്ന് ആഞ്ജലീന ചൂണ്ടിക്കാണിച്ചു. ‘‘അമ്മ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ വിഷമിച്ചു നിൽക്കുന്ന ചേച്ചി’’ എന്ന അടിക്കുറിപ്പോടെയാണ് ആഞ്ജലീന പുതിയ വീഡിയോ പങ്കുവെച്ചത്. കൂടാതെ, വധു സന്തോഷത്തോടെ ചിരിച്ചുനിൽക്കുന്ന മറ്റ് വീഡിയോകളും കാണാതെ ഒരാളുടെ ജീവിതത്തെക്കുറിച്ച് വിധിയെഴുതരുതെന്നും അവർ ഓർമ്മിപ്പിച്ചു.

വിവാഹദിവസത്തെ ശാരീരിക ക്ഷീണം, ഉത്കണ്ഠ, മാതാപിതാക്കളെയും വീടിനെയും പിരിയുന്നതിന്റെ സങ്കടം എന്നിവപോലും മനസ്സിലാക്കാതെ സോഷ്യൽ മീഡിയ ജഡ്ജിമാർ ചമയുന്ന പ്രവണതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. ഒരു നിമിഷത്തെ ദൃശ്യങ്ങൾമാത്രം കണ്ട് വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ വിമർശനമാണ് പൊതുവിൽ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *