ലിജോ ജോസിന്റെ ജെല്ലിക്കെട്ട് ടൊറന്റോ ചലച്ചിത്ര മേളയിലേക്ക്

ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടിന്റെ ആദ്യ പ്രദര്‍ശനം വിഖ്യാതമായ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍. രാജ്യാന്തര മേളകളിലെ പ്രദര്‍ശനത്തിന് പിന്നാലെയായിരിക്കും കേരളത്തില്‍ സിനിമയുടെ റിലീസ്. സമകാലിക ലോക സിനിമ വിഭാഗത്തിലാണ് ജെല്ലിക്കെട്ട് പ്രദര്‍ശിപ്പിക്കുന്നത്. സെപ്തംബര്‍ 5 മുതല്‍ 15 വരെയാണ് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍. 108 സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബോംബെ റോസ്, ദ സ്‌കൈ ഈസ് പിങ്ക് എന്നിവയാണ് ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പിന്നെയും എന്നീ ചിത്രങ്ങളാണ് മുമ്പ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അവലംബിച്ച് എസ് ഹരീഷും കെ പി ജയകുമാറും തിരക്കഥയെഴുതിയ ചിത്രമാണ് ജെല്ലിക്കെട്ട്. അനുരാഗ് കശ്യപ്, ഗീതു മോഹന്‍ദാസ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എസ് ഹരീഷ് രചിച്ച മാവോയിസ്റ്റ് എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം. ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. വിനായകന്‍, ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍, അബ്ദു സമദ്, തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഒ തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം.