“ആന്റണി സേഫ് ആയിരിക്കും എന്ന ഉറപ്പിലാണ് ദൃശ്യം 3 ചെയ്‌തത്”; ജീത്തു ജോസഫ്

','

' ); } ?>

ആന്റണി സേഫ് ആയിരിക്കും എന്ന ഉറപ്പിലാണ് താൻ ദൃശ്യം 3 ചെയ്‌തെതെന്ന് വെളിപ്പെടുത്തി സംവിധായകൻ ജീത്തു ജോസഫ്. ചിത്രം ചെയ്യുമ്പോൾ ഇത്രയും വലിയ വിജയം നേടുമെന്ന പ്രതീക്ഷ ഇല്ലായിരുന്നുവെന്നും, ജോർജുകുട്ടി ഒരു സൂപ്പർ ഹീറോ അല്ല എന്നും ജീത്തു ജോസഫ് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

‘ജോർജുകുട്ടി ഒരു സൂപ്പർ ഹീറോ അല്ല. ‘ദൃശ്യം’ ഒന്നാം ഭാഗത്തിൽ അയാളുടെ പ്രശ്നങ്ങളും ക്ലൈമാക്സിലെ അപ്രതീക്ഷിത നീക്കങ്ങളും പ്രേക്ഷകർ ആദ്യമായി കാണുന്നതു കൊണ്ടാണ് അത് വലിയ ആവേശമായത്. എന്നാൽ രണ്ടും മൂന്നും ഭാഗങ്ങളിലേക്ക് എത്തുമ്പോൾ അയാൾ എന്തെങ്കിലും ചെയ്യുമെന്ന മുൻവിധിയോടെയാണ് പ്രേക്ഷകർ വരുന്നത്. മൂന്നാം ഭാഗത്തിൽ സർപ്രൈസ് ഘടകങ്ങളുണ്ടെങ്കിലും അത് മറ്റൊരു രീതിയിലാണ്. ഇവിടെ ജോർജുകുട്ടിക്ക് പകരം മറ്റൊരാളാണ് പ്ലാനിങ് നടത്തുന്നത്, അതിനെയാണ് അയാൾ ചെറുക്കുന്നത്. ഈ വ്യത്യാസം കൊണ്ട് ചിലർക്ക് മുൻഭാഗങ്ങളായിരിക്കാം കൂടുതൽ ഇഷ്ടപ്പെട്ടത്. എങ്കിലും ഭൂരിഭാഗം പേരും മൂന്നാം ഭാഗത്തെ സ്വീകരിച്ചതുകൊണ്ടാണ് ചിത്രത്തിന് ഇത്രയധികം കളക്ഷൻ നേടാനായത്.’ ജീത്തു ജോസഫ് പറഞ്ഞു.

‘തിരക്കഥ എഴുതിയ സമയത്ത് ചിലപ്പോൾ ചിത്രം അധികം ഓടില്ല എന്ന് കരുതിയിരുന്നെങ്കിലും, ഇതൊരു നല്ല സിനിമയായിരിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ജോർജുകുട്ടിയുടെ ഈയൊരു ആംഗിൾ പറയണമെന്ന് ആഗ്രഹിച്ചതുകൊണ്ട് എഴുതിക്കഴിഞ്ഞപ്പോൾ നല്ല കോൺഫിഡൻസ് തോന്നി. എന്നിരുന്നാലും പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിയേക്കാമെന്ന് കരുതിയാണ് അമിത പ്രതീക്ഷ വേണ്ടെന്ന് ആദ്യം മുതലേ പറഞ്ഞത്. അപ്പോഴും ഞാൻ ചിന്തിച്ചത്, വലിയ തുക നിർമാണത്തിനായി വേണ്ടി വരാത്ത ഒരു മോഹൻലാൽ ചിത്രമായതിനാൽ എങ്ങനെ വന്നാലും നിർമാതാവ് ആന്റണി സേഫ് ആയിരിക്കും എന്നാണ്. ആ ഒരു ഉറപ്പിലാണ് ഞാൻ ‘ദൃശ്യം 3′ ചെയ്തത്.’ ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. റീലീസ് ചെയ്ത് 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദൃശ്യം.