
മതസ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പ് സ്വീകരിക്കുന്നത് താരസംഘടനയായ ‘അമ്മ’യുടെ മതേതര സ്വഭാവത്തിന് കോട്ടംവരുത്തുമെന്ന തരത്തിൽ നടി അൻസിബ അയച്ച ഇമെയിൽ പുറത്ത്. കഴിഞ്ഞ ഫെബ്രുവരി 14-ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംഘടനയുടെ കുടുംബസംഗമത്തിന് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്ര ട്രസ്റ്റിനെ ടൈറ്റിൽ സ്‌പോൺസറാക്കിയതിനെതിരെ നടി പ്രസിഡന്റിനും എക്സിക്യൂട്ടീവ് കമ്മിറ്റിക്കും അയച്ച ഇ-മെയിൽ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പണം നൽകുന്നവരുടെ പ്രത്യയശാസ്ത്രങ്ങൾക്കും വിശ്വാസങ്ങൾക്കും സംഘടനയുടെ സ്വതന്ത്ര നിലപാടുകൾ പണയപ്പെടുത്തരുതെന്നും, ‘നമ്മെ നയിക്കുന്നത് കലയാകട്ടെ, മതമാകരുത്’ എന്നും അൻസിബ കത്തിൽ വ്യക്തമാക്കുന്നു.
ദല്ലാൾ നന്ദകുമാർ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ക്ഷേത്ര ട്രസ്റ്റാണ് 75 ലക്ഷം രൂപയ്ക്ക് ഈ പരിപാടിയുടെ സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. ഇതിൽ 30 ലക്ഷം രൂപ ഇതിനകം നൽകിയതായും 45 ലക്ഷം രൂപ ഇനിയും കുടിശ്ശികയുണ്ടെന്നുമാണ് വിവരം. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ മുദ്രയുള്ള സാമ്പത്തിക സഹായം സംഘടന സ്വീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, ഭാവിയിൽ മറ്റ് മതവിഭാഗങ്ങളും സമാനമായ ആവശ്യവുമായി വന്നാൽ അതിനെ പ്രതിരോധിക്കാൻ സംഘടനയ്ക്ക് കഴിയില്ലെന്നും അൻസിബ ചൂണ്ടിക്കാണിക്കുന്നു. ഇത് സംഘടനയ്ക്കുള്ളിൽ അനാവശ്യ തർക്കങ്ങൾക്കും ചേരിതിരിവുകൾക്കും വഴിമരുന്നിടുമെന്നാണ് നടിയുടെ ആശങ്ക.
വികാരപരമായല്ല, വിവേകപൂർണ്ണമായ ചില നിലപാടുകൾ സംഘടനയുടെ നന്മയ്ക്കായി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന മുഖവുരയോടെയാണ് കത്ത് ആരംഭിക്കുന്നത്. ഒരു മതസ്ഥാപനത്തിന്റെ തണലിൽ ഒരുമിച്ചുകൂടുമ്പോൾ അത് മറ്റ് വിഭാഗങ്ങളിൽ വിവേചനത്തിന്റെ നിഴൽ വീഴ്ത്തിയേക്കാമെന്നും ഇത്തരമൊരു സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് സംഘടനയുടെ പൈതൃകത്തിന് ചേർന്നതല്ലെന്നും നടി ഇ-മെയിലിൽ കുറിച്ചു. വരും തലമുറയിലെ കലാകാരന്മാർക്ക് ഉത്തമമായ മാതൃക കാട്ടിക്കൊടുക്കാനും സംഘടനയുടെ മതേതരമുഖം വികൃതമാകാതിരിക്കാനും ഈ നീക്കത്തിൽനിന്ന് ഭരണസമിതി പിന്തിരിയണമെന്നാണ് അൻസിബയുടെ ആവശ്യം. തന്റെ വിയോജിപ്പ് ഔദ്യോഗികമായി മിനിറ്റ്സിന്റെ ഭാഗമാക്കണമെന്നും അൻസിബ പ്രസിഡന്റിനോട് അഭ്യർഥിച്ചിട്ടുണ്ട്.