
മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ മെയ് 21-ന് തിയേറ്ററുകളിലെത്തും. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21 വ്യാഴാഴ്ച റിലീസ് ചെയ്യുന്നത് ആരാധകർക്ക് ഇരട്ടി മധുരമാകുമെന്ന് അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന്റെ 13 വർഷം നീണ്ട മാനസിക സംഘർഷങ്ങൾക്കും ഓട്ടത്തിനും ഈ ഭാഗത്തോടെ ഒരു അന്ത്യമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്, മോഹൻലാലും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ജോർജ്കുട്ടി ഒരു ക്രിമിനലല്ലെന്നും തന്റെ കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണെന്നും മോഹൻലാൽ പറഞ്ഞു. കഴിഞ്ഞ 13 വർഷമായി ഭയത്തിന്റേയും കുറ്റബോധത്തിന്റേയും നിഴലിൽ ജീവിക്കുന്ന ജോർജ്കുട്ടി ഇപ്പോൾ കൂടുതൽ പക്വതയുള്ള, ദാർശനികമായി ചിന്തിക്കുന്ന ഒരാളായി മാറിയിരിക്കുന്നു. മക്കൾ വളർന്നതും അവർ ചോദിക്കുന്ന ചോദ്യങ്ങളും ജോർജ്കുട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഒരു ‘ഇവോൾവ്ഡ് സോൾ’ ആയി മാറിയ ജോർജ്കുട്ടിയുടെ ആന്തരിക സംഘർഷങ്ങളാണ് ഈ സിനിമയുടെ കാതൽ.
ദൃശ്യം ഒരു ‘ട്വിസ്റ്റ് സിനിമ’ എന്നതിലുപരി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വൈകാരിക പോരാട്ടമാണെന്ന് സംവിധായകൻ ജിത്തു ജോസഫ് വ്യക്തമാക്കി. ആദ്യ ഭാഗത്തിൽ സാഹചര്യങ്ങൾക്കനുസരിച്ചുള്ള നീക്കങ്ങളും രണ്ടാം ഭാഗത്തിൽ മുൻകൂട്ടി നിശ്ചയിച്ച പ്രതിരോധവുമാണ് കണ്ടതെങ്കിൽ, മൂന്നാം ഭാഗം ജോർജ്കുട്ടിയുടെ ആന്തരിക യാത്രയാണ്. താൻ സൃഷ്ടിച്ച കഥാപാത്രം ഇപ്പോൾ തന്റെ നിയന്ത്രണത്തിലല്ലെന്നും ഒരു എഴുത്തുകാരൻ എന്ന നിലയിൽ തന്നെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ജോർജ്കുട്ടി വളർന്നതെന്നും ജിത്തു ജോസഫ് കൂട്ടിച്ചേർത്തു.
ചിത്രത്തിൽ പുതിയ കഥാപാത്രമായി വീണ നന്ദകുമാർ എത്തുന്നുണ്ട്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായാണ് വീണ അഭിനയിക്കുന്നത്. മാധ്യമപ്രവർത്തക എന്ന നിലയിൽ ജോർജ്കുട്ടിയുടെ ജീവിതത്തിലേക്ക് നടത്തുന്ന അന്വേഷണം സിനിമയിൽ നിർണ്ണായകമാകും. ആദ്യ ഭാഗത്തിലെ വില്ലൻ കഥാപാത്രമായ സഹദേവൻ (കലാഭവൻ ഷാജോൺ) ഈ ഭാഗത്തിലും തിരിച്ചെത്തുന്നുണ്ട്. എന്നാൽ പോലീസ് യൂണിഫോമിലല്ലാതെ, ജോലി നഷ്ടപ്പെട്ട സാധാരണക്കാരനായാണ് സഹദേവനെ ഈ ഭാഗത്തിൽ കാണാനാവുക.
മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദനയും നീതിക്കുവേണ്ടിയുള്ള പോരാട്ടവുമായി ഗീതാ പ്രഭാകർ വീണ്ടും എത്തുമ്പോൾ, ഭയത്തിന്റെ നിഴലിൽ കഴിയുന്ന റാണിയായി മീനയും ജോർജ്കുട്ടിക്കൊപ്പമുണ്ട്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ലാൽ സാറിനുള്ള മികച്ച ജന്മദിന സമ്മാനമായിരിക്കുമെന്ന് അണിയറപ്രവർത്തകർ പ്രത്യാശ പ്രകടിപ്പിച്ചു. സസ്പെൻസുകളും സർപ്രൈസുകളും നിറഞ്ഞ ദൃശ്യം 3-നായി വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകർ.