മാമാങ്കത്തിന് ശേഷം ജയസൂര്യയ്ക്ക് കാവ്യ ഫിലിംസിന്റെ ജന്മദിനസമ്മാനം

മലയാളത്തിന്റെ പ്രിയ താരം ജയസൂര്യക്ക് ഇന്ന് ജന്മ ദിനം. പിറന്നാള്‍ ദിനത്തില്‍ ജന്മദിന സമ്മാനവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നിര്‍മാതക്കളായ കാവ്യ ഫിലിംസ്. മാമാങ്കം എന്ന ചിത്രത്തിനു ശേഷം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണുകുന്നപ്പള്ളി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ വീഡിയോ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജയസൂര്യ നായകന്‍ ആകുന്ന ഈ ചിത്രത്തില്‍ ജോഷി ആണ് സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ, പ്രോജക്ട് ഡിസൈന്‍ ബാദുഷ എന്‍ എം.വാര്‍ത്ത പ്രചരണം: വാഴൂര്‍ ജോസ്, പി.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ് എന്നിവരാണ്.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ മിമിക്രിയിലൂടെ കലാരംഗത്ത് തുടക്കം കുറിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റ് കേബിള്‍വിഷന്‍ ചാനലില്‍ അവതാരകനായി. ദോസ്ത് (2001) എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു കൊണ്ട് സിനിമയിലെത്തി. 2002 ല്‍ വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി. ഒരു ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ എന്‍ മാനവനില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടു തമിഴിലും നായകനായി. പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്ത യുവതാരങ്ങളില്‍ ഭൂരിഭാഗം താരങ്ങളും പരാജിതരായിട്ടും അഭിനയ മികവുകൊണ്ട് ജയസൂര്യ തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഒന്നിലേറെ നായകന്‍മാരുള്ള ചിത്രങ്ങളാണ് ഈ നടന് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്‌മേറ്റ്‌സ് തുടങ്ങിയവ ഉദാഹരണം. അഞ്ചു തമിഴു ചിത്രത്തില്‍ അഭിനയിച്ചു. നാല്പ്പതിലധികം മലയാളചിത്രങ്ങളില്‍ അഭിനയിച്ചു. അടിച്ചമര്‍ത്തപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളുടെ ജീവിതകഥ പറയുന്ന ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ മേരിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും നര്‍മരംഗങ്ങളിലെ മികവുമാണ് വളര്‍ച്ചക്ക് സഹായകമായ ഘടകങ്ങള്‍.