അമേരിക്കന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യക്ക്

നടന്‍ ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവര്‍ ഓഫ് സിന്‍സിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് അഞ്ഞൂറോളം സിനിമകളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളും മത്സരത്തിനുണ്ടായിരുന്നു. നേട്ടം വലിയൊരു അംഗീകാരമായി കാണുന്നുവെന്നും കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും ജയസൂര്യ പറഞ്ഞു. സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനും സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല.

2018 ല്‍ പുറത്തിറങ്ങിയ ഞാന്‍ മേരിക്കുട്ടിയില്‍ മേരിക്കുട്ടി എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ ചിത്രം നേടിയിരുന്നു.