ഇത് ഇരുകാലികളുടെ ജല്ലിക്കട്ട്‌

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലടക്കം നിരൂപക പ്രശംസ നേടിയ ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കട്ട്‌ പ്രദര്‍ശനത്തിനെത്തി. നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ്, ഈ മ യൗ തുടങ്ങീ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ പ്രമേയത്താലും മെയ്ക്കിംഗിനാലും വ്യത്യസ്തമായി അടയാളപ്പെടുത്തിയ ചിത്രങ്ങളാണ്. പ്രേക്ഷകരുടെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിനെ സംതൃപ്തിപ്പെടുത്തിയ കാഴ്ച്ചകളുടെ സമ്മേളനമാണ് ജല്ലിക്കട്ട്‌. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സമയത്ത് വയനാടുള്‍പ്പെടെയുള്ള മലയോര മേഖലയ്ക്ക് തീപ്പിടിച്ച കാഴ്ച്ചയെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ചിത്രം.

കുടിയേറ്റ മലയോര ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അറക്കാനായി കൊണ്ടുവരുന്ന പോത്ത് കെട്ടഴിഞ്ഞ് ഓടുന്നതാണ് ചിത്രം. ഒന്നര മണിക്കൂര്‍ നേരം കെട്ടഴിഞ്ഞ പോത്തിന് പിന്നാലെ കഥാപാത്രങ്ങളെ മാത്രമല്ല പ്രേക്ഷകനേയും ഓടിയ്ക്കുന്നുണ്ട് ലിജോ. ചിത്രത്തിന്റെ തുടക്കം തന്നെ കഥാ പരിസരം വ്യക്തമാക്കുന്ന ചെറിയൊരു മൊണ്ടാഷ് അമ്പരപ്പിക്കുന്നുണ്ട്. സംവിധായകന്റെ ക്രാഫ്റ്റ് എന്തെന്ന് അറിയാന്‍ അത് ധാരാളം. മൃഗങ്ങള്‍ ഒന്നും തന്നെ നാട്ടിലേയ്ക്ക് ഇറങ്ങിയതല്ലെന്നും നമ്മള്‍ കാടുകയറിയതാണെന്നും ചിത്രം കാണിച്ചു തരുന്നു. പണ്ട് നായാടി പിടിച്ച മൃഗത്തിന്റെ മാംസം പങ്കിടാനും അധികാരം സ്ഥാപിക്കാനും നടത്തിയ അതേ കാടന്‍ സ്വഭാവത്തില്‍ നിന്ന് കാലമിത്ര കഴിഞ്ഞിട്ടും തരിമ്പും നമ്മള്‍ മാറിയിട്ടില്ലെന്ന് ചിത്രം കാണിച്ചു തരുന്നു. കെട്ടഴിഞ്ഞ മിണ്ടാപ്രാണിയില്‍ ശൗര്യം തീര്‍ത്ത്, കീഴടക്കിയാല്‍ എല്ലാം തനിയ്ക്ക് കീഴടങ്ങുമെന്ന് ധരിച്ച് സ്വയം ചതുപ്പില്‍ ആഴ്ന്നു പോകുന്ന പാഴ്ജന്‍മങ്ങളാണ് നമ്മുടേതെന്നും ചിത്രം വരച്ചിടുന്നു. ഒരു നാല്‍ക്കാലിയുടെ പിറകെയുള്ള ഇരുകാലികളുടെ ഓട്ടം എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം.

എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കി ഹരീഷും ജയകുമാറും ഒരുക്കിയ തിരക്കഥയും കെട്ടുറപ്പുള്ളതാണ്. തിരക്കഥയെ മെയ്ക്കിംഗിനാല്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയ കാഴ്ച്ചയാണ് ജല്ലിക്കട്ട്‌. വിഷ്വല്‍ എഫക്റ്റ്‌സ്, ആള്‍ക്കൂട്ട ചിത്രീകരണം, രാത്രികാല കാഴ്ച്ചകള്‍ ഇവയെല്ലാം മനോഹരമാണ്. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണ മികവ് വ്യക്തമാകുന്ന രംഗങ്ങളെല്ലാം തന്നെ ഒന്നിനൊന്നിനോട് കിടപിടിയ്ക്കുന്നതാണ്. ദീപു ജോസഫിന്റെ ചിത്ര സംയോജനം, പ്രശാന്ത് പിള്ളയുടെ സംഗീതം എന്നിവയും നന്നായി. സ്വാഭാവിക ശബ്ദങ്ങളുടെ ഉപയോഗവും, ആള്‍ക്കൂട്ട ബഹളം, ശ്വാസോച്ഛ്വാസം, ഹൃദയതാളം എന്നിവയെല്ലാം ഉപയോഗിച്ചുള്ള പശ്ചാത്തല സംഗീതം ഇവയെല്ലാം വ്യത്യസ്ത അനുഭവം തന്നെയായിരുന്നു. നാടകീയമായ സങ്കേതങ്ങളിലൂടെയാണ് ലിജോ കഥ അവതരിപ്പിച്ചത്.

പോത്ത് നായകനായ ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, സാബു മോന്‍, ആന്റണി വര്‍ഗ്ഗീസ് എന്നിവരും ഒരും നാടും ഒന്നാകെ സഹതാരങ്ങളായി. ലിജോ ജോസ് എന്ന സംവിധായകന്റെ ഭ്രാന്തന്‍ ചിന്തകളാകുന്ന പോത്തിനെ കെട്ടഴിച്ച് വിടുമ്പോള്‍ വെള്ളിത്തിരയില്‍ കാഴ്ച്ചകളുടെ പൂരമാണ് തെളിയുന്നത്. പ്രമേയത്തിന്റെ ഗൗരവ പരിസരം മനസ്സിലാകാത്തവര്‍ക്ക് പോലും മെയ്ക്കിംഗിനാല്‍ ആസ്വാദ്യകരമാകുന്ന കാഴ്ച്ചയാണ് ജല്ലിക്കട്ട്‌. ഇത്തരത്തില്‍ കലാമൂല്യമുള്ള സിനിമകള്‍ വാണിജ്യപരമായി വിജയം നേടുമ്പോള്‍ അത് മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് കൂടെ ഉയര്‍ത്താന്‍ സഹായിക്കുന്നതാണ്. തിയേറ്ററില്‍ നേരിട്ട് പോയി തന്നെ ആസ്വദച്ചറിയണം ഇരുകാലികളുടെ ജെല്ലിക്കട്ട്.