മലയാളത്തിന്റെ പ്രിയ നടന്‍ ജയറാമിന് ഇന്ന് പിറന്നാള്‍

മലയാളത്തിന്റെ പ്രിയ നടന്‍ ജയറാമിന് ഇന്ന് അന്‍പത്തിനാലാം പിറന്നാള്‍. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ താരം അന്നും ഇന്നും കുടുംബ പ്രേക്ഷകരുടെ പ്രിയ നായകനാണ്. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി, കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി ,ഒരുപിടി ഹൃദയസ്പര്‍ശിയായ സിനിമകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനായി ജയറാം മാറി. നിത്യ ഹരിതനായകന്‍ പ്രേം നസീറിനെയും മധുവിനെയും മിമിക്രിയിലൂടെ അത്രയും മനോഹരമായി അവതരിപ്പിക്കുന്ന മറ്റൊരു നടന്‍ മലയാളത്തിലില്ലെന്ന് പറയാം. കാലടിയിലുള്ള ശ്രീശങ്കര കോളേജിലാണ് ജയറാം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോളേജ് കാലത്ത് തന്നെ മിമിക്രിയില്‍, ജില്ലാതലത്തില്‍ ധാരാളം പുരസ്‌കാരങ്ങള്‍ ജയറാമിന് ലഭിച്ചിട്ടുണ്ട്.

കലാഭവനില്‍ വെച്ചാണ് പത്മരാജന്‍ ജയറാമിനെ പരിചയപ്പെടുന്നത്. 1988 ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന സിനിമയിലൂടെയായിരുന്നു ജയറാം സിനിമയിലേക്ക് എത്തിയത്. പിന്നീട് പത്മരാജനൊപ്പം ഒത്തിരി ചിത്രങ്ങള്‍ ചെയ്തു. ആദ്യ സിനിമയില്‍ തന്നെ നായകനായി അഭിനയിക്കാന്‍ കഴിഞ്ഞ താരം കൂടിയാണ് ജയറാം. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ജയറാമിന്റെ ചിത്രങ്ങളെല്ലാം തന്നെ ജനശ്രദ്ധ നേടിയതും കലാമൂല്യമുള്ളതുമായിരുന്നു. ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, കോലങ്ങള്‍, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയവ ജയറാമിന്റെ തമിഴ് ചിത്രങ്ങളില്‍ ചിലതാണ്. ഇരുനൂറോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ്,  പത്മശ്രീ അവാര്‍ഡ്, തുടങ്ങിയ ഒരുപാട് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.