ജയരാജ് വാര്യരുമായൊരു നര്‍മ്മ സംഭാഷണം

','

' ); } ?>

തൃശ്ശൂര്‍ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് എത്തുന്ന പേരുകളിലൊന്നാണ് ജയരാജ് വാര്യര്‍. നാടകാഭിനയത്തില്‍ തുടങ്ങി കാരിക്കേച്ചര്‍ ഷോയും അവതാരകനായും നമ്മളിലൊരാളായി അദ്ദേഹം പെട്ടെന്നായിരുന്നു മാറിയത്. പല സാമൂഹ്യ വിഷയങ്ങളെല്ലാം തന്നെ നര്‍മ്മത്തിലൂടെ അദ്ദേഹം ലോകത്തോടു വിളിച്ചു പറഞ്ഞു. അനുകരണീയ കലകളില്‍ അദ്ദേഹം നല്‍കിയ സംഭവനകള്‍ വളരെ വിലപ്പെട്ടതായിരുന്നു. തന്റെ കലാജീവിതത്തിനിടെയുള്ള സിനിമയും, കൊച്ചു കൊച്ചു വിശേഷങ്ങളുമായി ജയരാജ് വാര്യരുമൊത്തൊരു നര്‍മ്മ സംഭാഷണം.

  • ജയരാജേട്ടന്റെ പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാണ്..

എന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. പക്ഷെ പലപ്പോഴും കേള്‍ക്കുന്നത് അങ്ങനെയുള്ള വാര്‍ത്തയല്ല. അതിനാല്‍ നമ്മള്‍ നമ്മളെ പുകഴ്ത്തിക്കൊണ്ടിരിക്കണം. എല്ലാം പുതിയതായി കാണണം. അങ്ങനെ നോക്കുമ്പോള്‍ ഒരുപാട് വിശേഷങ്ങളുണ്ട്. ഇപ്പോള്‍ ഞാന്‍ അഭിനയിച്ച ഇളയരാജ സിനിമ തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിയിരിക്കുകയാണ്. അപ്പോത്തിക്കിരിയ്ക്കും മേല്‍വിലാസത്തിനും ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഇളയരാജ. അടുത്ത സിനിമ ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഗാംബഌ ആണ്. പിന്നെ ജോഷി സാറിന്റെ പൊറിഞ്ചു മറിയം ജോസ് തുടങ്ങാന്‍ പോവുന്നു. ജോജുവും ചെമ്പന്‍ വിനോദുമാണ് അതില്‍ നായകന്‍മാര്‍. പിന്നെ ഇപ്പോള്‍ ആര് വിളിച്ചാലും പോകും.

  • പ്രേതത്തിലെ ക്യാരക്ടര്‍ ജയരാജേട്ടനോട് ഇഴകി ചേര്‍ന്ന് നില്‍ക്കുന്നൊരു വേഷമായി തോന്നി. അങ്ങനെയാണോ?

തീര്‍ച്ചയായിട്ടും. ഓര്‍ഡിനറി, അനാര്‍ക്കലി എന്നീ സിനിമകളുടെയൊക്കെ നിര്‍മ്മാതാവ് രാജീവ് നായര്‍ പ്രളയം വന്ന ആ ഒരു സമയത്ത് എന്നെ വിളിച്ചിരുന്നു. ”രഞ്ജിത്ത് ശങ്കറിന്റെ സിനിമ തുടങ്ങിയിട്ടുണ്ടല്ലോ.. ഒന്നു വിളിക്കാമായിരുന്നില്ലേ” എന്ന് എന്നോട് ചോദിച്ചു. ”സിനിമ തുടങ്ങിയിട്ടുണ്ടല്ലേ.. കണ്‍ഗ്രാറ്റ്‌സ്” എന്ന് പറഞ്ഞ് ഞാന്‍ അവര്‍ക്കൊരു മെസേജ് അയച്ചു. അപ്പോള്‍ തിരിച്ച് എനിക്കൊരു മെസേജ് വന്നു ”താങ്ക്‌സ്… എവിടെയുണ്ട്..? ” എന്നു ചോദിച്ച്. അപ്പോള്‍ ഞാന്‍ തിരിച്ചയച്ചു പ്രത്യേകിച്ച് പണിയൊന്നുമില്ല, വീട്ടിലിരിക്കുകയാണ് പ്രളയാനന്തര ജീവിതമാണെന്ന്്. ശരി വിളിക്കാമെന്ന് അവരും പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ മനോജ് വിളിച്ച് ചോദിച്ചു. ഒരു പതിനഞ്ച് ദിവസം വരാന്‍ പറ്റുമോ, ഒരു ക്യാരക്ടറുണ്ട്, ഞങ്ങള്‍ കണ്‍ഫ്യൂഷനില്‍ നില്‍ക്കുകയായിരുന്നു. ചേട്ടന്‍ വിളിച്ചപ്പോഴാണ് ഓര്‍മ്മ വന്നത് എന്ന്. അങ്ങനെ ഞാന്‍ വരിക്കാശ്ശേരി മനയിലേയ്ക്ക് പോയി. അവിടെ ജയസൂര്യയും ടീമുകളും ഉണ്ട്. അവിടുന്ന് രഞ്ജിത്ത് പറഞ്ഞു ”മുടിയൊക്കെ വെട്ടി ഉഷാറായി നില്‍ക്ക് നമുക്കൊരു സംഭവം ചെയ്യാനുണ്ട്” എന്ന്. ഞാന്‍ മുടിയൊക്കെ വെട്ടി നിന്നു. ക്യാരക്ടര്‍ വരിക്കാശ്ശേരി മനയുടെ കാര്യസ്ഥനാണ്. പേര് ഉണ്ണി വാര്യര്‍. അങ്ങനെ ഞാന്‍ മേക്കപ്പൊക്കെ ചെയ്ത് ക്യാരക്ടറിനായി വന്നു നിന്നു. ബനിയനും കാവിമുണ്ടുമൊക്കെയാണ് വേഷം. ആദ്യ ഷോട്ട് സന്ധ്യാവന്ദനത്തോട് കൂടി തുടങ്ങാമെന്ന് പറഞ്ഞു. എന്നിട്ട് ആനന്ദ് മധുസൂദനന്‍ ട്യൂണ്‍ ചെയ്ത സംസ്‌കൃത ശ്ലോകം തന്നു, ഞാനത് പഠിച്ചു. അത് വായിച്ചപ്പോള്‍ എനിക്ക് തന്നെ ഒരു എനര്‍ജി വന്നു. ആ ഷോട്ട് കഴിഞ്ഞപ്പോള്‍ എനിക്കൊരു ക്യാരക്ടര്‍ ഐഡിയ കിട്ടി.

  • ഇളയരാജയെക്കുറിച്ച്…?

പിരിവുകാരനായിട്ടാണ് ഞാന്‍ ചിത്രത്തിലെത്തിയത്. വില്ലന്‍ കഥാപാത്രമായെത്തുന്ന അനില്‍ നെടുമങ്ങാടിന്റെ സഹായിയായി ജോണി എന്ന പേരിലാണ് എത്തുന്നത്. ദയാലുവായ ഒരു മനുഷ്യന്‍. എനിക്ക് വളരെ ഇഷ്ടമായൊരു ക്യാരക്ടറായിരുന്നു അത്. മാധവ് രാമദാസന്‍ നല്ലൊരു സംവിധായകനാണ്. സിനിമയും വളരെയധികം നന്നായിട്ടുണ്ട്.

  • ജയരാജ് വാര്യര്‍ എന്ന കലാകാരന്റെ കരുത്ത് നര്‍മ്മ ബോധവുമായി ബന്ധപ്പെട്ടാണ്. ഹ്യൂമര്‍സെന്‍സ് എന്ന് പറയുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം എന്താണ്?

നര്‍മ്മബോധം ജന്മസിദ്ധമാണ്. പാട്ട്പാടാന്‍ കഴിവുള്ളത് പോലെ.. രണ്ടുപേര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു നര്‍മ്മമുണ്ടാവും. നര്‍മ്മം ജനിക്കുന്നതാണ്.

  • വേഷപ്രച്ഛന്നതയെ ആശ്രയിച്ചാണ് മിക്ക മിമിക്രി കലാകാരന്‍മാരും മിമിക്രി അവതരിപ്പിക്കുക. പക്ഷെ അത്തരത്തിലുള്ള ഒരു കെട്ട്കാഴ്ച്ചയുമില്ലാതെയാണ് താങ്കള്‍ അവതരിപ്പിക്കുക. അതെങ്ങനെയാണ്?

ശരിയാണ്. നമ്മള്‍ നമ്മുടെ ബോഡിയില്‍ നിന്ന്‌കൊണ്ട് പല ആളാവണം. നമ്മള്‍ നമ്മുടേതായ മേക്കപ്പില്‍ വസ്ത്രത്തില്‍ നിന്ന് കൊണ്ട് പല ആളായി അഭിനയിക്കണം. ഉദാഹരണത്തിന് ഉമ്മന്‍ചാണ്ടി സാറെ അവതരിപ്പിക്കണമെങ്കില്‍ ആ ഒരു വേഷത്തില്‍ വന്നിട്ട് കാര്യമില്ല. ആ വേഷത്തില്‍ വന്നാല്‍ 75 ശതമാനം മാര്‍ക്ക് വേഷത്തിനും 25 ശതമാനം ശബ്ദത്തിനും ലഭിക്കും. നമ്മുടെ രൂപത്തില്‍ നിന്ന് അദ്ദേഹമായിട്ട് മാറണം. അത്‌പോലെതന്നെ സെക്കന്റുകള്‍ക്കുള്ളില്‍ മറ്റൊരാളായി മാറാനും കഴിയണം. വേഷപ്രച്ഛന്നരായിട്ട് നടത്തുകയാണെങ്കില്‍ എന്റെ അഭിപ്രായത്തില്‍ അത് ഫാന്‍സി ഡ്രസ്സാണ്. റെക്കോഡ് ചെയ്ത് വെച്ചിട്ട് നര്‍മ്മം പറയുന്നതില്‍ എന്ത് നര്‍മ്മമാണുള്ളത്. നര്‍മ്മം അപ്പോള്‍ സംഭവിക്കേണ്ടതാണ്.

  • ജന്മസിദ്ധമായിട്ടുള്ള ഹ്യൂമര്‍സെന്‍സും, ഹാസ്യം സമയത്ത് ഫലിപ്പിക്കാനുള്ള കഴിവും ഉണ്ട്. നമുക്ക് കിട്ടിയ ജന്മസിദ്ധമായിട്ടുള്ള കഴിവ് പിന്നീട് സ്വയം വികസിപ്പിച്ച്‌കൊണ്ട് കൂടിയല്ലെ പലപ്പോഴും കലാകാരന്‍മാര്‍ ഉണ്ടാവുന്നത്. അവിടെ താങ്കള്‍ക്ക് എത്രത്തോളം മെച്ചപ്പെടുത്തല്‍ വന്നു?

സ്റ്റേജില്‍ കയറിയാല്‍ മെച്ചപ്പെടുത്തലാണ് മുഴുവന്‍ നടക്കുന്നത്. ആക്ട് ചെയ്യുമ്പോഴും അതാണ് നടക്കുന്നത്.

  • താങ്കള്‍ ഒരു കോമഡി അവതരിപ്പിക്കുമ്പോള്‍ പറയുന്ന വോയ്‌സിന്റെ സ്‌റ്റൈലും ശബ്ദവും അതിനൊപ്പം ശരീര ഭാഷയും വളരെ സപ്പോര്‍ട്ടിങ്ങാണ്. കഥാപാത്രങ്ങളായി മാറാന്‍ ബോഡി ലാംഗ്വേജ് എത്രത്തോളം സഹകരിച്ചിട്ടുണ്ട്?

ബോഡി ലാംഗ്വേജാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. ശരീരം, മനസ്സ്, ശബ്ദം എന്നിവയാണ് ആക്ടിങ്ങിന്റെ തിയറി. ഈ മൂന്നില്‍ നിന്നാണ് കഥാപാത്രങ്ങളെല്ലാം ഉണ്ടാവുന്നത്. ബോഡിയിലൂടെയാണ് കമ്മ്യൂണിക്കേഷന്‍ നടക്കുന്നത്. അത് എത്രത്തോളം ഫ്‌ളെക്‌സിബിളാവുന്നോ അത്രത്തോളം നന്നാവും കഥാപാത്രങ്ങള്‍.

  • ഇന്നസെന്റ്, അടൂര്‍ ഭാസി, ജഗതീ ശ്രീകുമാര്‍ എന്നിവരുടെയൊക്കെ വരവിലും നില്‍പ്പിലും തന്നെ പ്രേക്ഷകരില്‍ ഒരു ചിരി ഉണരുന്നു. കാരണം അവര്‍ അങ്ങനെയൊരു ട്രാക്ക് റെക്കോര്‍ഡ് ഉണ്ടാക്കിയത് കൊണ്ടാണ്. എന്നാല്‍ കാണുമ്പോള്‍ ഗൗരവ ഭാവത്തോടെയുമുള്ള കലാകാരന്‍മാരും ഉണ്ട്. ഇവരിലുള്ള ഹ്യൂമര്‍സെന്‍സിനെക്കുറിച്ച് എങ്ങനെയാണ്..?

ഭരത് ഗോപി സാറെപ്പോലെ അത്ഭുതപ്പെടുത്തുന്ന ഒരു നടന്‍ ഇല്ല. ഒരിക്കല്‍ ഞാന്‍ ഒ.എന്‍.വി സാറിനെ അനുകരിക്കുന്നത് കണ്ടിട്ട് ഗോപി സാര്‍ എന്നെ അഭിനന്ദിച്ചിരുന്നു. അത്‌പോലെ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍. പെട്ടെന്ന് പെട്ടെന്നാണ് അദ്ദേഹം തമാശകള്‍ പറയുക. അസാധ്യ തമാശകളാണ് പറയുക.

  • ഒടുവില്‍ ഉണ്ണികൃഷ്ണന്‍, യേശുദാസ്, പി. ജയചന്ദ്രന്‍, സംവിധായകന്‍ രഞ്ജിത്ത്, മോഹന്‍ലാല്‍, പ്രേംനസീര്‍, മമ്മൂട്ടി എന്നിവരെക്കുറിച്ചുള്ള താങ്കളുടെ കാഴ്ച്ചപ്പാടില്‍ നല്‍കുന്ന നിര്‍വചനം?

അഭിനയത്തിന്റെ പരിപാക പക്വതയാണ് ഒടുവില്‍ ഉണ്ണികൃഷണന്‍. ചേട്ടന്റെ അഭിനയം മുറിക്കാനില്ല, അത് കൃത്യമാണ്. യേശുദാസ് സാറിന് നല്‍കുന്ന നിര്‍വചനം അധ്യാപകന്‍ എന്നാണ്. മലയാള ഭാഷ എന്റെ തലമുറയേയും എനിക്ക് മുമ്പുള്ള തലമുറയേയുമെല്ലാം ഉച്ഛാരണം പഠിപ്പിച്ച ഏറ്റവും വലിയ പ്രഗത്ഭന്‍. ഓരോ അക്ഷരത്തിലും ജീവന്‍ നല്‍കിയ ആള്‍. ദാസേട്ടന്‍ വെറുമൊരു പാട്ടുകാരന്‍ മാത്രമല്ല. കര്‍ണ്ണാടക സംഗീതഞ്ജന്‍ ആണ്, മഹാഗുരു. പി. ജയചന്ദ്രന്‍ ഭാവാംശമാണ്. ഹൃദയത്തില്‍ നിന്നാണ് ശബ്ദം. പ്രണയിക്കുകയാണ് അദ്ദേഹം പാട്ടിനെ. സംവിധായകന്‍ രഞ്ജിത്ത് ഭയങ്കര മാന്‍ലി ആണ്. ലക്ഷണമൊത്ത ഒരു കൊമ്പനാനയാണ് മോഹന്‍ലാല്‍. ചലച്ചിത്രാഭിനയ മേഖലയില്‍ മലയാളത്തിന്റെ അംബാസിഡര്‍. ഗാംഭീര്യം, പ്രൗഢി എന്നിവയെല്ലാമാണ് മോഹന്‍ലാല്‍. നിറ യൗവ്വനമാണ് പ്രേംനസീര്‍. പാട്ടിന്റെ കാമുകന്‍. അത്രയും സൗന്ദര്യമുള്ളൊരു നടനില്ല, ഇനിയൊരു നൂറ് വര്‍ഷത്തേയ്ക്ക് ഉണ്ടാവുകയുമില്ല. മമ്മൂക്ക ഭാഷയ്ക്കതീതനായിട്ടുള്ള ഒരു മഹാനടനാണ്. ഒരു ഇന്റര്‍നാഷണല്‍ ആക്ടറാണ്. ആദ്യകാല അഭിനയത്തില്‍ നിന്നെല്ലാം എന്തൊക്കെയോ ഒരുപാടൊരുപാട് മാറി. പേരന്‍പ് കണ്ടപ്പോള്‍ ഏതാണ് ഈ ആക്ടര്‍. ഇദ്ദേഹത്തെ മുന്‍പ് കണ്ടിട്ടില്ലല്ലോ..എന്ന് തോന്നിപ്പോയി. കാരണം അങ്ങനെയാണ് അദ്ദേഹത്തിന്റെ ഭാവ പകര്‍ച്ച. ഗാംഭീര്യമാണ്. നല്ല അഭിനയ പരിചയമുള്ള ഒരു അക്ഷയനിധിയാണ്. അതില്‍ നിന്ന് ഇനിയും കുറേ എടുക്കാനുണ്ട്.

  • ഹിന്ദിയില്‍ നടന്‍മാര്‍ ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നത് ഒരു രീതിയിലാണ്, തമിഴിലും വ്യത്യസ്ഥമായിട്ടാണ് ചെയ്യുന്നത്. മലയാളത്തില്‍ നടന്‍മാരുടെ ഹ്യൂമര്‍ പ്രസന്റേഷന്‍ സ്‌കില്‍ ഇന്ത്യന്‍ സിനിമയില്‍ എത്രത്തോളം ഉയര്‍ന്ന് നില്‍ക്കുന്നു ?

വളരെയധികം ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. ജഗതി ചേട്ടന്‍ ചെയ്ത ഹ്യൂമറിന്റെ രണ്ട് ശതമാനംപോലും ഇന്ത്യന്‍ സ്‌ക്രീനില്‍ ആരും ചെയ്തിട്ടില്ല. ആര്‍ക്കും ചെയ്യാനും പറ്റില്ല. ഹാസ്യത്തിന്റെ ചക്രവര്‍ത്തിയാണ് ജഗതിചേട്ടന്‍. അത്‌പോലെ തന്നെയാണ് ശ്രീനിവാസനും. ഡയലോഗുകൊണ്ടും മുഖംകൊണ്ടും അദ്ദേഹം ഹ്യൂമര്‍ ഉണ്ടാക്കുന്നു. ഹ്യൂമറില്‍ പക്കാ മലയാളിയുടെ എല്ലാ കുഴപ്പങ്ങളും മനസ്സിലാക്കിയിട്ടുള്ള ആളാണ്. ലാലേട്ടനും അസാധ്യമായിട്ട് ഹാസ്യം കൈകാര്യം ചെയ്യുന്ന നടനാണ്.

  • ജയരാജേട്ടന്‍ വിജയിച്ചത് മലയാളികളുടെ വിമര്‍ശന ബോധത്തെ അതിജീവിച്ച്‌കൊണ്ടാണ്. അത്ര എളുപ്പത്തില്‍ കൈയ്യടിച്ച് തരുന്നവരല്ല മലയാളികള്‍?

വളരെ ബഹുമാനത്തോട് കൂടി പറയുകയാണ് എല്ലാ മലയാളികളുടെ ഉള്ളിലും ഒരു നിഷേധിയുണ്ട്. പക്ഷെ മലയാളിയുടെ ഫലിതബോധം വളരെ വലുതുമാണ്. ചെറിയ നര്‍മ്മങ്ങള്‍ക്കൊന്നും അനങ്ങില്ല. കുഞ്ചന്‍ നമ്പ്യാരില്‍ നിന്ന് തുടങ്ങിയതാണല്ലോ. എന്നാല്‍ ഭരണകര്‍ത്താക്കള്‍ക്ക് നര്‍മ്മമില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. നല്ല നര്‍മ്മബോധമുള്ള ഒരു ഭരണാധികാരി കേരളത്തിലുണ്ടെങ്കില്‍ പകുതി പ്രശ്‌നങ്ങള്‍ തീര്‍ന്നു.

  • താങ്കളിലെ പാട്ടിന്റെ ആസ്വാദകനെകുറിച്ച്?

പാട്ട് എനിക്ക് വായുവാണ്. ദേവരാജന്‍ മാഷിന്റെ വലിയൊരു ആരാധകനാണ് ഞാന്‍. ദേവരാജന്‍മാസ്റ്റര്‍ ചില പാട്ടുകാരെക്കുറിച്ച് നര്‍മ്മം പറയാറുണ്ട്. അവരെ ആഗ്രഹപാട്ടുകാര്‍ എന്നാണ് അദ്ദേഹം പറയുക. ഞാനും ഒരു ആഗ്രഹപാട്ടുകാരനാണെന്ന് പറഞ്ഞപ്പോള്‍ അതെനിക്കറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതുപോലെ മലയാളത്തിന്റെ തെളിനീരാണ് രാഘവന്‍ മാഷ്.

  • ജയരാജേട്ടന്റെ ഭാഷയിലുള്ള പരിജ്ഞാനവും വായിച്ച് കിട്ടിയ അറിവും ഒരു പാട്ടെഴുത്തിന്റെ രൂപത്തിലോ അല്ലെങ്കില്‍ സ്‌ക്രിപ്റ്റിന്റെ രൂപത്തിലോ വലിയ അളവില്‍ എന്ത്‌കൊണ്ട് പ്രയോജനപ്പെടുത്തിയില്ല?

പാട്ടെഴുതാനും സ്‌ക്രിപ്റ്റ് തയ്യാറാക്കാനുമായെല്ലാം ഒരുപാട് ആള്‍ക്കാരുണ്ടല്ലോ. നര്‍മ്മ സന്ദര്‍ഭങ്ങളൊക്കെ കൂട്ടിയിണക്കാന്‍ എനിക്ക് അത്യാവശ്യം അറിയാം. പക്ഷെ എത്രയോ സ്‌ക്രിപ്റ്റ് എഴുതുന്ന ആള്‍ക്കാരുണ്ടിവിടെ. എത്ര പാട്ടെഴുത്തുകാരുണ്ട്. ഉദാഹരണത്തിന് കാണാന്‍ വലിയ ഭംഗിയൊന്നുമില്ലാത്ത പക്ഷി, അതിനെ ഭംഗിയാക്കാന്‍ മയിലിന്റെ കുറച്ച് പീലിയും വേറെ കുറച്ച് തൂവലുമെല്ലാം എടുത്ത് വെച്ച് ചന്തം കൂട്ടി വേറൊരു രീതിയിലാക്കുമ്പോള്‍ ആള്‍ക്കാര്‍ ഇഷ്ടപ്പെടില്ലേ. ഒന്നും പറയാന്‍ പറ്റില്ല നാളെ എന്തുമാവാം.

  • കാട്ടുമാക്കാന്‍ എന്ന ഒരു സിനിമയില്‍ പാടി. പ്ലേബാക്ക് സിംഗിങ്ങിലേയ്ക്ക് കുറച്ച്കൂടെ നോക്കികൂടെ?

ഇല്ലെന്നേ.. എന്തിനാ ഈ ഗായകരുടെ ശത്രുത കൂട്ടുന്നേ.. (ചിരിക്കുന്നു).. നമ്മളിങ്ങനെയൊക്കെ മതി. അഭിനയമാണ് അടിസ്ഥാനം. ആക്ടര്‍ എന്നൊരു ലക്ഷ്യത്തില്‍ നിന്നുകൊണ്ടാണ് ഞാനിതൊക്കെ ചെയ്യുന്നത്. നാടകത്തിലും സിനിമയിലും കാരിക്കേച്ചറിലുമെല്ലാം ആക്ടിംങ്ങാണ്. ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടാവണം.

  • തൃശ്ശൂര്‍ നല്‍കിയ സ്വാധീനം, സന്തോഷം, സാന്ത്വനം?

തൃശ്ശൂരാണ് ഞാന്‍. ഇത് ക്ഷേത്ര നഗരിയാണ് ഒപ്പം പൂര നഗരിയാണ്. തൃശ്ശൂര്‍ക്കാര്‍ എന്ന് ഞാന്‍ വളരെ അഭിമാനത്തോടെ പറയും. വളരെ കണ്ണിംഗാണ് തൃശ്ശൂര്‍ക്കാര്‍. ചിന്തിക്കുന്നവര്‍. അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി പറയുന്നവര്‍. സത്യസന്ധമാണ്. സുഖിപ്പിച്ച് രസിപ്പിച്ച് നിര്‍ത്തലൊന്നുമില്ല തൃശൂര്‍ക്കാര്‍ക്ക്. വളരെ സ്‌ട്രെയിറ്റാണ്. ഉള്ളത് ഉള്ളത്‌പോല പറയുന്നവര്‍. ഉത്സവാന്തരീക്ഷമാണ് ഇവിടെ മൊത്തത്തില്‍. അത്‌കൊണ്ട് തന്നെ ഉത്സവ ലഹരിയാണ് എപ്പോഴും. ജീവിതം തന്നെ ഉത്സവമാക്കിയിട്ടുള്ള ആള്‍ക്കാരാണ് തൃശ്ശൂര്‍ക്കാര്‍.