‘ലവ് കുശ്’ ഓർമ്മകൾ പങ്കുവെച്ച് ജയപ്രദ, ഞങ്ങളുടെ സീതയെന്ന് ആരാധകർ; വൈറലായി ചിത്രം

','

' ); } ?>

രൺബീർ കപൂറും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന നിതേഷ് തിവാരിയുടെ ‘രാമായണ’ ചിത്രവുമായി ബന്ധപ്പെട്ട് സീതയുടെ കഥാപാത്രത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകളും വിവാദങ്ങളും സജീവമാകുന്നതിനിടെ, പഴയകാല ഓർമ പങ്കുവെച്ച് നടി ജയപ്രദ രംഗത്ത്. 1997-ൽ പുറത്തിറങ്ങിയ ‘ലവ് കുശ്’ എന്ന ചിത്രത്തിൽ സീതയായി വേഷമിട്ട കാലത്തെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘ത്രോ ബാക്ക് പിക് ലവ് കുശ്’ എന്ന അടിക്കുപ്പിയോടെ എത്തിയ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

ചിത്രത്തിന് താഴെ നിരവധി പേരാണ് ജയപ്രദയുടെ ലുക്കിനെ പ്രശംസിച്ച് കമന്റുകളുമായി എത്തിയത്. വെള്ളിത്തിരയിൽ സീതയായി കാണാൻ ഏറ്റവും അനുയോജ്യയായ നടി ജയപ്രദയാണെന്നും പലരും ഓർമകൾ പങ്കുവെച്ചു. വി. മധുസൂധന റാവു സംവിധാനം ചെയ്ത ‘ലവ് കുശ്’ എന്ന ചിത്രത്തിൽ ജീതേന്ദ്രയാണ് രാമനായി വേഷമിട്ടത്. അരുൺ ഗോവിൽ ലക്ഷ്മണനായും ദാരാ സിങ് ഹനുമാനായും പ്രാൺ വാത്മീകിയായും വേഷമിട്ട ഈ ചിത്രം നിർമിച്ചത് ദിലീപ് കനികരിയയാണ്.

അതേസമയം, ചിത്രത്തിൽ ലക്ഷ്മണനായി അഭിനയിക്കാൻ ആദ്യം തനിക്ക് വിമുഖതയുണ്ടായിരുന്നുവെന്ന് നടൻ അരുൺ ഗോവിൽ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. രാമാനന്ദ് സാഗറിന്റെ ‘രാമായണ’ പരമ്പരയിൽ രാമനായി അഭിനയിച്ചതിനു ശേഷം ലക്ഷ്മണന്റെ വേഷം ചെയ്യുന്നത് ശരിയാകില്ലെന്ന് കരുതിയിരുന്നുവെന്നും എന്നാൽ നിർമാതാക്കളുടെ നിർബന്ധപ്രകാരമാണ് ആ വേഷം ഏറ്റെടുത്തതെന്നും അദ്ദേഹം ഓർമിച്ചു. എന്നാൽ ചിത്രം തിയറ്ററുകളിൽ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയെന്നും അധികപേർക്കും ഈ സിനിമയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സായ് പല്ലവിയുടെ സീതാ വേഷത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജയപ്രദയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വലിയ രീതിയിൽ ചർച്ചയാകുന്നത്.