
ജിത്തു മാധവന്‍ സംവിധാനം ചെയ്ത് സൂര്യ നായകനായെത്തിയ പുതിയ ചിത്രം ‘സീന്‍’ ബോക്‌സ് ഓഫീസില്‍ വന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍, ചിത്രത്തിലെ നസ്‌ലെന്റെ പ്രകടനം വലിയ ചര്‍ച്ചയാകുന്നു. ചോക്ലേറ്റ് ബോയ്, ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജുകളില്‍ നിന്നും തികച്ചും ക്രൂരനായ ഒരു വില്ലന്‍ കഥാപാത്രത്തിലേക്കുള്ള നസ്‌ലെന്റെ അവിശ്വസനീയമായ കൂടുമാറ്റമാണ് തമിഴ് സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ സൂര്യയുടെ വില്ലനായി തകര്‍ത്താടിയ നസ്‌ലെന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇതിനിടയിലാണ് ചിത്രത്തില്‍ മാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി തിലഗവതി നസ്‌ലെനൊപ്പമുള്ള അഭിനയാനുഭവങ്ങളും ലൊക്കേഷനിലെ രസകരമായ ഓര്‍മ്മകളും പങ്കുവെക്കുന്നത്. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
തമിഴ് സിനിമയിലേക്കുള്ള നസ്‌ലെന്റെ വരവ് ഗംഭീരമായെങ്കിലും സെറ്റില്‍ വളരെ ലളിതമായാണ് താരം പെരുമാറിയിരുന്നതെന്ന് തിലഗവതി പറയുന്നു. വലിയൊരു സ്റ്റാര്‍ താരത്തിന്റെ ജാഡയോ യാതൊരുവിധ ഇമേജോ ഇല്ലാത്ത വ്യക്തിയാണ് നസ്‌ലെന്‍. ഷൂട്ടിംഗ് സമയത്ത് തങ്ങള്‍ പരസ്പരം ഭാഷകള്‍ പഠിപ്പിച്ചെടുത്തതിനെക്കുറിച്ചും അവര്‍ വാചാലയായി.
തനിക്ക് അറിയാവുന്ന മലയാളത്തില്‍ നസ്‌ലെനോട് സംസാരിക്കാന്‍ ശ്രമിക്കുമായിരുന്നെന്നും, ‘ഊണ് കഴിച്ചാച്ചാ’ എന്ന് ചോദിക്കുമ്പോള്‍ ‘ആ മാമി സാപ്പിട്ടാച്ച്’ എന്ന് തമിഴില്‍ അദ്ദേഹം മറുപടി തരുമായിരുന്നുവെന്നും തിലഗവതി ഓര്‍ക്കുന്നു. ഷൂട്ട് ഇല്ലാത്ത സമയത്ത് തനിക്ക് മലയാളം പഠിപ്പിച്ചു തരുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിനോദം. നസ്‌ലെന്റെ തമിഴ് സംസാരം കേള്‍ക്കാന്‍ തന്നെ വളരെ രസമാണെന്നും കേരളത്തിലേക്ക് പോകുന്നതിന് മുമ്പ് മലയാളം നന്നായി സംസാരിക്കാന്‍ അദ്ദേഹം തന്നെ സഹായിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു. നസ്‌ലെന്റെ കൂടെയായിരുന്നു തനിക്ക് കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നതെന്നും, സ്‌നേഹത്തോടെ താന്‍ അദ്ദേഹത്തെ ‘ഈശ്വരാ’ എന്നാണ് വിളിച്ചിരുന്നതെന്നും തിലഗവതി വ്യക്തമാക്കി.
തിലഗവതിയുടെ വാക്കുകൾ
”നസ്‌ലെനുമൊത്തുള്ള ഷൂട്ട് നല്ല രസമായിരുന്നു. അവന്‍ മലയാളിയായതു കൊണ്ട് എനിക്ക് അറിയാവുന്ന മലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചു. ഊണ് കഴിച്ചാച്ചാ എന്ന് ചോദിച്ചപ്പോള്‍ ആ മാമി സാപ്പിട്ടാച്ച് എന്ന് തമിഴില്‍ മറുപടി തരും. ഷൂട്ട് ഇല്ലാത്ത സമയത്ത് എനിക്ക് മലയാളം പഠിപ്പിച്ചു തരുന്നതായിരുന്നു അവന്റെ പ്രധാന ജോലി. നസ്ലെന്റെ തമിഴ് കേള്‍ക്കാന്‍ തന്നെ രസമാണ്.
കേരളത്തിലേക്ക് വരുന്നതിന് മുമ്പ് മലയാളം നല്ല രീതിയില്‍ പഠിക്കാന്‍ നസ്ലെന്‍ സഹായിച്ചു. അവന്റെ കൂടെയായിരുന്നു എനിക്ക് കൂടുതല്‍ കോമ്പിനേഷന്‍ സീന്‍. വലിയ സ്റ്റാറായിരുന്നിട്ടും അതിന്റെ ഇമേജൊന്നും നസ്ലെന് ഇല്ല. ഒന്നിച്ചുള്ള ഷൂട്ടൊക്കെ നല്ല രസമായിരുന്നു. ഞാന്‍ ഈശ്വരാ എന്ന് തന്നെയായിരുന്നു വിളിച്ചിരുന്നത്.”