
പ്രശസ്ത ചലച്ചിത്ര നിർമാതാവും നടി മൗഷുമി ചാറ്റർജിയുടെ ഭർത്താവുമായ ജയന്ത മുഖർജി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ഖാറിലെ വസതിയിലായിരുന്നു അന്ത്യം. പ്രശസ്ത സംഗീത സംവിധായകൻ ഹേമന്ത് കുമാറിന്റെ മകനാണ്.
‘മസാഖ്’ (1975), ‘ദോ ലഡ്കെ ദോനോ കഡ്കെ’ (1979), ‘ബീവി ഔർ മകാൻ’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ജയന്ത മുഖർജി നിർമ്മിച്ച ആദ്യ രണ്ട് ചിത്രങ്ങളിലും നടി മൗഷുമി ചാറ്റർജി പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ‘ബാലിക ബധു’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഹേമന്ത മുഖർജിയായിരുന്നു. ഈ ചിത്രത്തിലൂടെ ശ്രദ്ധേയയായ മൗഷുമി ചാറ്റർജിയെ, തന്റെ 15-ാം വയസ്സിലാണ് ജയന്ത മുഖർജി വിവാഹം കഴിച്ചത്. 1972-ലായിരുന്നു ഇവരുടെ വിവാഹം.
മുംബൈയിലെ ഖാറിൽ ഭാര്യക്കും മകൾ മേഘ മുഖർജിക്കുമൊപ്പമായിരുന്നു ജയന്ത മുഖർജിയുടെ താമസം. ടൈപ്പ് 1 പ്രമേഹബാധിതയായിരുന്ന അദ്ദേഹത്തിന്റെ മൂത്ത മകൾ പായൽ 2019-ൽ 45-ാം വയസ്സിൽ അന്തരിച്ചിരുന്നു.