എ.എല്‍ വിജയ്ക്കും ഗൗതം മേനോനും നോട്ടീസ്, ജയലളിതയുടെ ബയോപിക്കിന് സ്റ്റേ..!!

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് സിനിമകള്‍ ഒരുക്കുന്ന സംവിധായകര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ജയലളിതയുടെ ജീവിത കഥയായി ഒരുങ്ങുന്ന രണ്ട് പ്രൊജക്ടുകളും സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ മരുമകള്‍ ദീപ ജയകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംവിധായകര്‍ എ.എല്‍ വിജയ്ക്കും ഗൗതം വാസുദേവ് മേനോനും നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ് കല്യാണസുന്ദരമാണ് വാദം കേട്ട് നവംബര്‍ 14ന് ഹാജരാകാനായി സംവിധായകര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

രണ്ട് സംവിധായകരും ബയോപിക് സിനിമ ഒരുക്കാന്‍ തന്നോട് അനുമതി വാങ്ങിയിട്ടില്ലെന്നും ചിത്രം കുടുംബ സ്വകാര്യത തകര്‍ക്കുമെന്നും ദീപ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. തങ്ങളുടെ അംഗീകാരമില്ലാതെ സിനിമ നിര്‍മിക്കുന്നതില്‍ നിന്നും തടയണമെന്നും ആവശ്യപ്പെടുന്നു. ജയലളിതയുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളെ പറ്റിയും പരാമര്‍ശിക്കപ്പെടേണ്ടി വരുമെന്നും അത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ദീപയുടെ ആരോപണം. ഒരു രാഷ്ട്രീയക്കാരിയുടെ ജീവിതം സിനിമയും വെബ് സിരീസുമാകുമ്പോള്‍ യഥാര്‍ത്ഥ ജീവിതവുമായി എത്രത്തോളം നീതി പുലര്‍ത്തുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ദീപ പറയുന്നു. തലൈവി’ എന്ന ചിത്രത്തിന്റെ സംവിധായകനോ വെബ് സീരിസിന്റെ പ്രവര്‍ത്തകരോ ആരും തന്റെ സമ്മതം വാങ്ങിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

എ.എല്‍ വിജയ് ഒരുക്കുന്ന ചിത്രത്തിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നതായി ജയലളിതയുടെ മരുമകന്‍ ദീപക് ജയകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് സുന്ദരി കങ്കണ റണാവത്തിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് എ.എല്‍ വിജയ് ‘തലൈവി’ ഒരുക്കുന്നത്. ‘ക്വീന്‍’ എന്ന വെബ് സീരിസാണ് ഗൗതം മേനോന്‍ ഒരുക്കുന്നത്. കഴിഞ്ഞ മാസമാണ് ദീപ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ജയലളിതയുടെ ജീവിതം പ്രമേയമാക്കി സംവിധായകന്‍ എ.എല്‍ വിജയ് ഒരുക്കുന്ന സിനിമയാണ് തലൈവിയില്‍ ബോളിവുഡ് നടി കങ്കണയാണ് നായികയായി എത്തുന്നത്. തമിഴില്‍ തലൈവി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ജയ എന്നാണു പേരു നല്‍കിയിരിക്കുന്നത്.