പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകമനസ്സ് കീഴടക്കിയിരിക്കുകയാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനമായ ജാതിക്കാത്തോട്ടവും കുമ്പളങ്ങി നൈറ്റ്‌സ് താരം മാത്യൂവും. വ്യത്യസ്ഥമായ വരികളും ഈണവും കൊണ്ടും യുവതാരങ്ങളായ മാത്യുവിന്റെയും അനശ്വരയുടെയും രസകരമായ അഭിനയം കൊണ്ടും ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുകയായിരുന്നു. സൗമ്യ രാമകൃഷ്ണനും സംഗീത സംവിധായകന്‍ ബിജിബാലിന്റെ മകന്‍ ദേവദത്ത് ബിജിപാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വിനീത് ശ്രീനിവാസനും മാത്യു തോമസുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സ്‌കൂള്‍ കാലഘട്ടത്തിലെ ക്ലാസ്സ് റൂം പ്രണയത്തിന്റെ ഒരു മനോഹരമായ ആവിഷ്‌കാരം തന്നെയാണ് ഗാനത്തിലൂടെ സംവിധായകന്‍ ഗിരീഷ് എഡിയും സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസും ഒരുക്കിയിരിക്കുന്നത്. മൂക്കുത്തി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡി. അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ്. 8.6 ലക്ഷത്തോളം പേരാണ് ഇതിനോടകം ഗാനം യുട്യൂബിലൂടെ കണ്ടിരിക്കുന്നത്.