കാവേരി നദീ ജല തർക്കം രൂക്ഷം: കർണാടകയിൽ വിജയ് ചിത്രം ‘ജന നായകൻ’ പ്രദർശനം നിർത്തിവെച്ചു

','

' ); } ?>

കാവേരി നദീജല വിതരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാടും കർണാടകയും തമ്മിലുള്ള തർക്കം കടുക്കുന്നതിനിടെ, നടനും തമിഴ് നാട് മുഖ്യമന്ത്രിയുമായ വിജയ് കേന്ദ്രകഥാപാത്രമായ ‘ജന നായകൻ’ സിനിമയുടെ പ്രദർശനം കർണാടകയിലെ തിയേറ്ററുകളിൽ നിർത്തിവച്ചു. ക്രമസമാധാന പ്രശ്‌നങ്ങളും അക്രമസാധ്യതയും ഒഴിവാക്കാൻ തിയേറ്റർ ഉടമകൾ സ്വമേധയാ മുൻകൈയെടുത്താണ് പലയിടത്തും പ്രദർശനം റദ്ദാക്കിയത്. ബെംഗളൂരു, മൈസൂരു, മാണ്ഡ്യ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്.

കന്നഡ അനുകൂല സംഘടനകളും പ്രാദേശിക കർഷക കൂട്ടായ്മകളും തിയേറ്ററുകൾക്ക് മുന്നിൽ തടിച്ചുകൂടുകയും തമിഴ് സിനിമകളുടെ പ്രദർശനം പൂർണ്ണമായി തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാണ്ഡ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സിനിമയുടെ പോസ്റ്ററുകളും കട്ടൗട്ടുകളും പ്രതിഷേധക്കാർ വ്യാപകമായി നശിപ്പിച്ചു. സിനിമ കാണാനെത്തുന്നവരുടെയും തിയേറ്ററുകളുടെയും സുരക്ഷ മുൻനിർത്തി ബെംഗളൂരുവിലെ പ്രമുഖ തിയേറ്ററായ ഉർവശിയിൽ പൊലീസിന്റെ നിർദേശപ്രകാരം ‘ജന നായകൻ’ ഒഴിവാക്കുകയും, പകരം ‘കരാവലി’ എന്ന കന്നഡ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു.

അടുത്ത 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്‌സ് വെള്ളം തമിഴ്‌നാടിന് വിട്ടുനൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ നിർദേശം അതോറിറ്റി ശരിവെച്ചതാണ് സംസ്ഥാനത്ത് വ്യാപക പ്രതിഷേധത്തിന് കാരണമായത്. കർണാടക കടുത്ത ജലക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്നത് പ്രാദേശിക കർഷകരുടെ ജീവിതം ദുരിതത്തിലാക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

കഴിഞ്ഞ ജൂലൈ 23-ന് റിലീസ് ചെയ്ത ചിത്രം കർണാടകയിലെ എഴുപത്തഞ്ചോളം സിംഗിൾ സ്ക്രീനുകളിലും അമ്പതോളം മൾട്ടിപ്ലക്സുകളിലുമായി നൂറ്റമ്പതോളം തിയേറ്ററുകളിലാണ് പ്രദർശിപ്പിച്ചിരുന്നത്. സിനിമയുടെ പ്രദർശനം പലയിടത്തും തടസ്സപ്പെടുകയും റദ്ദാക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ, ഭാവി നടപടികൾ ചർച്ച ചെയ്യുന്നതിനായി കർണാടക ഫിലിം ചേംബർ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.