“കന്നഡക്കാരുടെ അഭിമാനം, രാവണനെ മറ്റൊരാളുമായി ചിന്തികാകൻ പോലുമാകില്ല”; ‘രാമായണ’ത്തിലെ യഷിന്റെ പ്രകടനത്തെ വാഴ്ത്തി ഋഷഭ് ഷെട്ടി

','

' ); } ?>

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിന്റെ ട്രെയിലറിലെ കന്നഡ സൂപ്പർ താരം യഷിന്റെ പ്രകടനത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ചിത്രത്തിൽ രാവണനായി എത്തുന്ന യഷിനേക്കാൾ മികച്ച രീതിയിൽ ഈ കഥാപാത്രത്തെ മറ്റാർക്കും അവതരിപ്പിക്കാനാകില്ലെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെ ഋഷഭ് ഷെട്ടി വ്യക്തമാക്കി.

കഥാപാത്രത്തോടുള്ള യഷിന്റെ സമർപ്പണത്തെയും അഭിനയത്തെയും പ്രശംസിച്ച ഋഷഭ്, ഒരു കന്നഡുകാരൻ എന്ന നിലയിൽ യഷ് എന്നും തങ്ങളുടെ അഭിമാനമാണെന്നും കൂട്ടിച്ചേർത്തു. ചിത്രത്തിൽ ശ്രീരാമനായി വേഷമിട്ട രൺബീർ കപൂറിന്റെ പ്രകടനത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. രാമന്റെ ദിവ്യത്വവും പ്രഭാവലയവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ രൺബീറിന് സാധിച്ചുവെന്നാണ് ഋഷഭ് ഷെട്ടിയുടെ വിലയിരുത്തൽ.

ഇതിഹാസ കഥാപാത്രങ്ങളെ സിനിമയിലേക്ക് പുനഃസൃഷ്ടിക്കുമ്പോൾ അഭിനേതാക്കൾ നേരിടുന്ന ഭീമമായ സമ്മർദ്ദത്തെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്. എല്ലാവരും ചെറുപ്പം മുതൽ കേട്ടുവളർന്ന കഥകളായതിനാൽ ഓരോ പ്രേക്ഷകനും ഇത്തരം കഥാപാത്രങ്ങളെക്കുറിച്ച് സ്വന്തമായ ഭാവനകളും സങ്കൽപ്പങ്ങളുമുണ്ടാകും. അതിനാൽ തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ ഒരു സിനിമാ ലോകം സൃഷ്ടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും, ആ വെല്ലുവിളി ഏറ്റെടുത്ത് മികച്ച പ്രകടനം പുറത്തെടുത്ത ചിത്രത്തിലെ മുഴുവൻ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

രൺബീർ കപൂറും യഷും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സീതയായി സായ് പല്ലവിയും ശൂർപ്പണകയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്. അടുത്ത വർഷം ദീപാവലി റിലീസായി നവംബർ എട്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.