തമിഴ് ജയിലറിനെ കടത്തിവെട്ടുമോ മലയാളം ജെയിലര്‍ ? 1 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി മലയാളം ജെയിലറിലെ വാടും മുല്ലപ്പൂവല്ല ഗാനം

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന മലയാള ചിത്രമാണ് ജയിലര്‍. ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വാടും മുല്ലപ്പൂവല്ല എന്ന ഗാനം ഇപ്പോള്‍ യൂട്യുബില്‍ തരംഗമാണ്. സിത്താര പാടിയ മനോഹരമായ ഗാനം മില്ലേനിയം ഓഡിയോസിന്റെ യൂട്യുബ് ചാനലിലൂടെയാണ് പുറത്തിറങ്ങയത്. രണ്ട് ദിവസം കൊണ്ട് 1 മില്ല്യണില്‍ കൂടുതല്‍ കാഴ്ച്ചക്കാരണ് വാടും മുല്ലപ്പൂവല്ല എന്ന ഗാനം ആസ്വദിച്ചത്.

ഒരേ പേരില്‍ തമിഴ്, മലയാളം ചിത്രങ്ങള്‍ ഒരേ ദിവസമാണ് തിയറ്ററുകളിലെക്കെത്തുന്നത്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രവും ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ ജയിലറും ഓഗസ്റ്റ് 10 ആണ് റിലീസിനെത്തുന്നത്.
അതേസമയം ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. രജനികാന്തിന്റെ ബിഗ് ബജറ്റ് ചിത്രം വരുന്നതിനാല്‍ തന്റെ ചിത്രത്തിന് തിയറ്ററുകള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് പറയുകയാണ് മലയാളം ജയിലറിന്റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍. ഇതിനെതിരെ താന്‍ ഒറ്റയാള്‍ സമരത്തിന് ഇറങ്ങുകയാണെന്നും അദ്ദേഹം പറയുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍ മലയാളം ജയിലറില്‍ എത്തുന്നത്. ജയില്‍ ചാടി പോകുന്ന കുറ്റവാളികളും അവരുടെ പിന്നാലെയുള്ള ജയിലറിന്റെ ഓട്ടവുമാണ് ചിത്രം പറയുന്നത്. ഗോള്‍ഡന്‍ വില്ലേജിന്റെ ബാനറില്‍ എന്‍.കെ. മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മാണം.