എന്തരോ മഹാനുഭാവുലു…ജഗതിയുടെ മനോധര്‍മ്മ പ്രകടനം

ജഗതിക്ക് ഇന്ന് സപ്തതി (ജനുവരി 5). ജഗതി എന്ന നടന്റെ അഭിനയമികവിനെ പുകഴ്ത്തി രവി മേനോന്‍ സ്റ്റാര്‍ ആന്റ് സ്‌റ്റൈലിലെഴുതിയ ലേഖനം ശ്രദ്ധേയമാകുന്നു. രാജസേനന്‍ സംവിധാനം ചെയ്ത സി ഐ ഡി ഉണ്ണികൃഷ്ണന്‍ ബി എ ബി എഡ് (1994) എന്ന സിനിമയിലെ ആരറിവും താനേ ഏഴു സ്വരങ്ങളാക്കി” എന്ന കച്ചേരിരംഗം എന്തുകൊണ്ടാവണം ജഗതിക്ക് ഇത്രയേറെ പ്രിയപ്പെട്ടതായി മാറിയതെന്ന വിശദീകരിക്കുകയാണ് ലേഖനത്തിലൂടെ രവി മേനോന്‍. ലേഖനത്തിന്റെ പൂര്‍ണ്ണരൂപം താഴെ…

ജഗതിക്ക് ഇന്ന് സപ്തതി (ജനുവരി 5)

“എന്തരോ മഹാനുഭാവുലു”

വേണമെങ്കിൽ “എന്തരോ എന്തോ” എന്നു പറഞ്ഞ് ചുളുവിൽ ഒഴിഞ്ഞുമാറാമായിരുന്നു ജഗതി ശ്രീകുമാറിന്. പകരം “എന്തരോ മഹാനുഭാവുലു” എന്ന് പാടുകയാണ് അദ്ദേഹം ചെയ്തത്. അഭിനയിച്ച ഗാനരംഗങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദ്യത്തിനുള്ള ഇൻസ്റ്റന്റ് മറുപടി. രാജസേനൻ സംവിധാനം ചെയ്ത സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ് (1994) എന്ന സിനിമയിലെ “ആരറിവും താനേ ഏഴു സ്വരങ്ങളാക്കി” എന്ന കച്ചേരിരംഗം എന്തുകൊണ്ടാവണം ജഗതിക്ക് ഇത്രയേറെ പ്രിയപ്പെട്ടതായി മാറിയത്? നേരിട്ടുതന്നെ ചോദിച്ചിട്ടുണ്ട്; ഇരുപത് വർഷം മുൻപ് കോഴിക്കോട് മഹാറാണി ഹോട്ടലിൽ വെച്ചുള്ള ഒരു അനൗപചാരിക സംഭാഷണത്തിനിടെ. ജഗതിയിലെ നടനും ഗായകനും പടത്തിലെ കഥാപാത്രവും പരസ്പരം ലയിച്ചുചേർന്ന് ഒന്നായൊഴുകുന്ന മായികക്കാഴ്ച്ച എത്രയോ ഗാനരംഗങ്ങളിൽ കണ്ടിട്ടുള്ളവരാണല്ലോ മലയാളികൾ. “പാടുന്ന പാട്ടിൽ നമ്മുടെ ആത്മാംശം കൂടി കലരുമ്പോഴേ അഭിനയം തികവാർന്നതാകൂ. അതിന് പിന്നണിഗായകന്റെ പിന്തുണ അത്യാവശ്യം. ഈ പാട്ട് കൃഷ്ണചന്ദ്രൻ പാടിയിട്ടുള്ളത് എന്റെ സ്വഭാവ വിശേഷങ്ങളും ശരീരഭാഷയുമെല്ലാം ഉൾക്കൊണ്ടുകൊണ്ടാണ്. ആ ഗാനരംഗം വിജയിച്ചുവെങ്കിൽ നടന് മാത്രമല്ല ഗായകന് കൂടി അവകാശപ്പെട്ടതാണ് അതിന്റെ ക്രെഡിറ്റ്.”– ജഗതിയുടെ വിനയപൂർണ്ണമായ വാക്കുകൾ. ഇനിയും കണ്ടു മതിവന്നിട്ടില്ല സി ഐ ഡി ഉണ്ണികൃഷ്ണനിലെ ആ സംഗീതമത്സരം. ഒരു സാധാരണ അർദ്ധശാസ്ത്രീയ ഗാനചിത്രീകരണത്തെ അവിസ്മരണീയമാക്കി മാറ്റാൻ ജഗതി പുറത്തെടുക്കുന്ന ചെപ്പടിവിദ്യകൾ എത്ര സ്വാഭാവികം, എത്ര ഔചിത്യപൂർണ്ണം. “തത്തക്കിട തകതകിട തകതകിട തജ്‌ജം” എന്നാലപിച്ചുകൊണ്ടുള്ള ആ രംഗപ്രവേശം തന്നെ അത്യുജ്ജ്വലം. അപ്രതീക്ഷിതമായി ഇടയ്ക്കൊരു “തത്ത” കടന്നുവരുന്നതോടെ നാം ചിരിച്ചു തുടങ്ങുന്നു. ഷഡ്കാല ഗോവിന്ദമാരാരോടിടയാൻ തൽക്കാലം ഞാനേയുള്ളൂ എന്ന് തുടങ്ങുന്ന ചരണത്തിലെ “എന്തരോ മഹാനുഭാവുലു” എന്ന ഭാഗമെത്തുമ്പോൾ ജഗതിയുടെ മനോധർമ്മ പ്രകടനം ഉദാത്തമായ തലത്തിലെത്തുകയായി. സാക്ഷാൽ ത്യാഗരാജ സ്വാമികളെയും ഷഡ്കാല ഗോവിന്ദമാരാരെയും പാട്ടുപാടിയ കൃഷ്ണചന്ദ്രനെയുമെല്ലാം ഒരു നിമിഷം വിസ്മരിച്ചുപോകുന്നു നാം. എങ്ങനെ മറക്കാതിരിക്കും? മഹത്തായ ആ ത്യാഗരാജകൃതിയെ സ്വതസിദ്ധമായ ശൈലിയിൽ “തിരോന്തരം” ഭാഷയിലൂടെ അഴിച്ചു പണിയുകയാണ് ജഗതിയിലെ അപൂർവസിദ്ധികളുള്ള കലാകാരൻ. നമിച്ചുപോകും ആരും.പാട്ട് ഷൂട്ട് ചെയ്ത് ദിവസങ്ങൾക്കകം ചെന്നൈ പ്രസാദ് സ്റ്റുഡിയോയുടെ മുകളിലെ ഡബ്ബിംഗ് തിയേറ്ററിൽ വെച്ച് യാദൃച്ഛികമായി ജഗതിയെ കണ്ടുമുട്ടിയത് കൃഷ്ണചന്ദ്രന്റെ ഓർമ്മയിലുണ്ട്. “കണ്ടയുടൻ എന്നെ അടുത്തു വിളിച്ച് ജഗതിച്ചേട്ടൻ സ്വകാര്യമായി പറഞ്ഞു: എടാ നീ എനിക്ക് വേണ്ടി കൈയിൽ നിന്ന് കുറെ നമ്പറുകൾ ഇട്ടത് ഗുണമായി. അതുകൊണ്ടാണ് മറ്റവന്മാരെയൊക്കെ മലർത്തിയടിക്കാൻ പറ്റിയത്..” സംഗീത ജീവിതത്തിൽ ലഭിച്ച വിലമതിക്കാനാവാത്ത അംഗീകാരമായിത്തന്നെ ആ വാക്കുകളെ കാണുന്നു കൃഷ്ണചന്ദ്രൻ. പറയുന്നത് ജഗതിയാണല്ലോ. ജഗതി ഉദ്ദേശിച്ച “മറ്റവന്മാർ” ആരെന്നുകൂടി അറിയുക — ജയറാമും മണിയൻപിള്ള രാജുവും. പക്കമേളക്കാരായി ഇന്ദ്രൻസ്, ജനാർദ്ദനൻ തുടങ്ങിയവർ.ജയറാമിന് വേണ്ടി പാടുന്നത് ഗാനഗന്ധർവൻ യേശുദാസ്, രാജുവിന് വേണ്ടി ജയചന്ദ്രൻ. രണ്ടു അതുല്യ പ്രതിഭകൾക്കൊപ്പം ഒരു ഗാനത്തിൽ പങ്കാളിയാകാൻ തിരഞ്ഞെടുക്കപ്പെട്ടത് തന്നെ മഹാഭാഗ്യം എന്ന് കരുതുന്നു കൃഷ്ണചന്ദ്രൻ. “താരനിബിഢ”മായ ആ ഗാനം ഇന്ന് ഓർമ്മയിൽ അവശേഷിപ്പിക്കുന്നത് ജഗതിയുടെ അഭിനയവും കൃഷ്ണചന്ദ്രന്റെ ആലാപനവുമാണ് എന്നത് എന്റെ വ്യക്തിപരമായ അഭിപ്രായം.https://www.youtube.com/watch?v=vjtiAhuuEUcപാട്ട് രസകരമായതിന് നന്ദി പറയേണ്ടത് ഗാനരചയിതാവ് ബിച്ചു തിരുമലയോടും സംഗീത സംവിധായകൻ ജോൺസണോടുമാണെന്നു പറയും കൃഷ്ണചന്ദ്രൻ. ജഗതിയുടെ അഭിനയവും സംസാരശൈലിയുമായി സ്വാഭാവികമായി ഇണങ്ങിനിൽക്കുന്ന വാക്കുകളാണ് ബിച്ചു എഴുതിയത്. “ഗായകരുടെയും ഓർക്കസ്ട്രയുടേയും ട്രാക്ക് എടുത്തുവെച്ചിരുന്നു ജോൺസൺ മാഷ്. ദാസേട്ടനും ജയേട്ടനും അവരവരുടെ ഭാഗം പാടിത്തീർത്ത ശേഷം വൈകുന്നേരമാണ് എന്റെ വരവ്. വന്നയുടൻ മാഷ് എന്റെ തോളിൽ;തട്ടി പറഞ്ഞു. “നിന്നെ കയറൂരി വിടുകയാണ്. ഇഷ്ടമുള്ളതെന്തും ചെയ്യാം. ജഗതിയാണ് സിനിമയിൽ പാടുന്നത് എന്ന് മാത്രം ഓർത്താൽ മതി.” അപ്രതീക്ഷിതമായ ആ സ്വാതന്ത്ര്യം ഗായകൻ മതിമറന്ന് ആഘോഷിക്കുക തന്നെ ചെയ്തു. “തിരുവനന്തപുരം ശൈലിയിൽ തത്ത എന്നും എന്തരോ മഹാനുഭാവുലു എന്നൊക്കെ വെച്ചുകാച്ചുമ്പോൾ, ജഗതിച്ചേട്ടൻ തന്നെയായിരുന്നു മനസ്സിൽ. പിന്നീട് സിനിമയിൽ ആ രംഗം കണ്ടപ്പോൾ അന്തംവിട്ടുപോയി. ഗാനത്തെ പൂർണ്ണമായി ശരീരത്തിലേക്ക് ആവാഹിക്കുകയായിരുന്നു അദ്ദേഹം — തികച്ചും അനായാസമായി..”–രവിമേനോൻ (സ്റ്റാർ ആൻഡ് സ്റ്റൈൽ)