
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി നടൻ ജഗദീഷ്. അക്കാദമി തലപ്പത്തേക്ക് തന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന വാർത്തകളിൽ സന്തോഷമുണ്ടെന്നും എന്നാൽ നിലവിലുള്ള സിനിമാ തിരക്കുകൾ കാരണം പദവി ഏറ്റെടുക്കാൻ സമയക്കുറവുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിനെത്തുടർന്ന് നിലവിലെ ചെയർമാൻ റസൂൽ പൂക്കുട്ടി കഴിഞ്ഞദിവസം രാജി വെച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ ചെയർമാനായി യുഡിഎഫ് സർക്കാർ പരിഗണിക്കുന്ന പ്രമുഖരുടെ പട്ടികയിൽ ജഗദീഷിന്റെ പേരും ഉയർന്നുവന്നത്. എന്നാൽ, മുൻകൂട്ടി കരാറൊപ്പിട്ട ചിത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇപ്പോൾ സാധിക്കില്ലെന്ന് താരം വ്യക്തമാക്കുകയായിരുന്നു. പുതിയ ചെയർമാനെ കണ്ടെത്താനുള്ള ചർച്ചകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് സജീവമായി പുരോഗമിക്കുകയാണ്.
‘ചലച്ചിത്ര അക്കാദമി ചെയർമാനായി പരിഗണിക്കുന്നുണ്ടെന്ന് അറിയുന്നതിൽ വളരെ സന്തോഷം. അതൊരു വലിയ ആദരമാണ്. പക്ഷേ, എന്റെ ഇപ്പോഴുള്ള സമയക്കുറവ് കാരണം ആ പദവികൾ ഏറ്റെടുക്കാൻ എനിക്ക് തത്കാലം ബുദ്ധിമുട്ടുണ്ടെന്നുള്ള കാര്യം അറിയിച്ചിട്ടുണ്ട്. വളരെ വിനയത്തോടുകൂടിയാണ് ഞാൻ വേണ്ട എന്ന് പറയുന്നത്. വലിയ പോസ്റ്റ് ആണ്. എന്നെക്കൊണ്ട് അങ്ങനെ ചെയ്യാൻ കഴിയുമെന്ന് അധികാരികൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് എനിക്കൊരു വലിയ ബഹുമതിയാണ്.
24 മണിക്കൂറും അതിനുവേണ്ടി മാറ്റിവെക്കാൻ കഴിയുന്ന സാഹചര്യത്തിൽ മാത്രമേ ഞാൻ ഏതു പോസ്റ്റും ഏറ്റെടുക്കുകയുള്ളൂ. ഇപ്പോൾ സിനിമയിൽ നിറയെ വേഷങ്ങളാണ്. ഞാൻ പല ഇൻ്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട് എന്നെ ഗവർണർ ആക്കാമെന്ന് ഒരു ഭാഗത്തുനിന്നും രാജമൗലിയുടെ ചിത്രത്തിൽ വേഷം തരാമെന്ന് മറ്റൊരു ഭാഗത്തുനിന്നും പറഞ്ഞാൽ ഞാൻ രാജമൗലിയുടെ ചിത്രത്തിലെ വേഷം സ്വീകരിക്കും. ഗവർണർ പോസ്റ്റ് വേണ്ട എന്ന് പറയും.’ ജഗദീഷ് പറഞ്ഞു.
‘ആരുടെയെങ്കിലും പേര് സജസ്റ്റ് ചെയ്യാൻ ഞാനില്ല. പ്രാപ്തിയുള്ള ആൾക്കാർ വരട്ടെ. ഫിലിം ഒരു പാഷൻ ആയി കാണുന്ന, സന്തോഷകരമായിട്ടുള്ള അനുഭവങ്ങൾ സമ്മാനിക്കാൻ കഴിവുള്ള ഒരു ചെയർമാൻ ചലച്ചിത്ര അക്കാദമിക്ക് വരട്ടെ. ഫെസ്റ്റിവൽ ഒക്കെ ഗംഭീരമാകട്ടെ, ജനകീയമാവട്ടെ എല്ലാം തുറന്ന മനസോടെ സമീപിക്കാൻ കഴിയുന്ന ചെയർമാൻ വരണം. സിനിമ കാണാൻ ആവേശത്തോടെ വരുന്ന ചെറുപ്പക്കാരെ രണ്ടുകൈയും നീട്ടി, സഹോദരങ്ങളെ പോലെ സ്വീകരിക്കാൻ മനസുള്ള ചെയർമാൻ വരണമെന്നാണ് എൻ്റെ ആഗ്രഹം.’
‘ആരേയും നിർദേശിക്കുന്നില്ല. നമ്മുടെ കൂട്ടത്തിൽ നല്ല ആൾക്കാരുണ്ട്. അവർ വരട്ടെ. അവർക്കുവേണ്ട പിന്തുണ കൊടുക്കാൻ ഞാൻ റെഡിയാണ്. അക്കാദമി, കെഎസ്എഫ്ഡിസി, ക്ഷേമനിധി ബോർഡ്, സംഗീതനാടക അക്കാദമിയുടെ ഉൾപ്പെടെ ഏത് സ്ഥാപനത്തിൻ്റെ ചെയർമാനായാലും എന്റെ എല്ലാവിധ സഹകരണവുമുണ്ടാകും. അവർക്കുവേണ്ടി എല്ലാ സഹായവും ചെയ്യാൻ ഞാൻ ഒരുക്കമാണെന്ന് ഇനി ചാർജ് എടുക്കാൻ പോകുന്ന നിയുക്ത ചെയർമാന്മാർക്ക് ഉറപ്പ് നൽകുകയാണ്. എൻ് എല്ലാവിധ സഹായവും സഹകരണവും പിന്തുണയുമുണ്ടാവും.’ ജഗദീഷ് കൂട്ടിച്ചേർത്തു.