അന്‍പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

അന്‍പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപിക്കും. ഗോവയില്‍ ശ്യാമപ്രദാസ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ വൈകുന്നേരം സമാപന സമ്മേളനത്തിന് തുടക്കമാകും. മികച്ച സിനിമ, മികച്ച സംവിധായകന്‍, നടി, നടന്‍ എന്നിങ്ങനെ വിഭാഗങ്ങളിലായി സുവര്‍ണ, രജതമയൂര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മലയാളത്തില്‍ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടാണ് മത്സരത്തിനുള്ളത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവേദ്ക്കര്‍, വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി അമിത് ഖരെ എന്നിവര്‍ക്ക് പുറമേ സിനിമാപ്രവര്‍ത്തകരായ രോഹിത് ഷെട്ടി, മധുര്‍ ഭണ്ഡാര്‍കര്‍, ആനന്ദ് എല്‍. റായ്, അക്ഷയ് ഖന്ന, നിത്യാമേനോന്‍, രാകുല്‍ പ്രീത് സിംഗ്, രശ്മിക മന്ദാന തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

ഇന്ത്യന്‍ സാംസ്‌കാരിക കലാ മേഖലയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് സംഗീത സംവിധായകന്‍ ഇളയരാജ, നടന്‍മാരായ അരവിന്ദ് സ്വാമി, പ്രേം ചോപ്ര, കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ്, അസമീസ് സംവിധാകന്‍ മഞ്ജു ബോറ തുടങ്ങിയവരെ ആദരിക്കും.

മൊഹ്‌സിന്‍ മക്മല്‍ബഫ് ഒരുക്കിയ ‘മാര്‍ഗി ആന്‍ഡ് ഹെര്‍ മദറാ’ണ് സമാപന ചിത്രം. ഗായകന്‍ ഹരിഹരന്റെ നേതൃത്വത്തിലുള്ള സംഗീത സദസ്സും അരങ്ങേറും.